നിസ്സാനും കേരള സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു

നിസ്സാനും കേരള സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു

ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഏകദേശം 500 പേര്‍ക്ക് തൊഴില്‍ ലഭ്യമാകും

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തങ്ങളുടെ ആദ്യ ആഗോള ഹബ്ബ് കേരളത്തില്‍ സ്ഥാപിക്കുന്നതിന് ജപ്പാനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ മോട്ടോഴ്‌സ് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. ആദ്യഘട്ടത്തിനായി ടെക്‌നോ സിറ്റിയില്‍ 30 ഏക്കര്‍ ഭൂമി കൈമാറുന്നതിനുള്ള ധാരണാ പത്രമാണ് ഒപ്പിട്ടത്. രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും സ്ഥലം നിസാന് കൈമാറും. ടെക്‌നോപാര്‍ക്ക് ഫേസ് മൂന്നില്‍ നിസാന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാണ് തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറിയും നിസ്സാന്‍ ചീഫ് ടെക്‌നോളജി ഓഫീസറും ആണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. പുതിയ ഐടി നയത്തിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഐടി പ്രവര്‍ത്തനങ്ങളുടെ പരമ്പരയിലെ ശ്രദ്ധേയമായ ഒന്നാണ് നിസ്സാനുമായുള്ള ധാരണാപത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പുതിയ തലത്തിലുള്ള ഡിജിറ്റല്‍ ശേഷിക്കായി തങ്ങളുടെ ടീമിനെ വികസിപ്പിക്കുകയാണെന്നും സാങ്കേതികവിദ്യയിലും നൈപുണ്യത്തിലും ഇന്ത്യ തങ്ങള്‍ക്ക് വലിയൊരു വിപണിയാണെന്നും നിസ്സാന്‍ മോട്ടോര്‍ കോര്‍പറേഷന്‍ ചീഫ് ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ ടോണി തോമസ് പറഞ്ഞു.

ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കുവേണ്ടിയുള്ള ഗവേഷണവും സാങ്കേതിക വികസനവുമാണ് ഹബ്ബില്‍ നടക്കുക. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഏകദേശം 500 പേര്‍ക്കാണ് ഈ സംരംഭത്തിലൂടെ തൊഴില്‍ ലഭിക്കുക. മൂന്ന് വര്‍ഷത്തിനുള്ളില്‍ 3000 ഹൈടെക് സാങ്കേതിക തൊഴിലവസരങ്ങളാണ് ഡിജിറ്റല്‍ ഹബ്ബ് സൃഷ്ടിക്കുക.

Comments

comments

Categories: Slider, Top Stories