മികച്ച 100 ആഗോള കമ്പനികളുടെ മൊത്തം വിപണി മൂല്യം 15% വര്‍ധിച്ചു

മികച്ച 100 ആഗോള കമ്പനികളുടെ മൊത്തം വിപണി മൂല്യം 15% വര്‍ധിച്ചു

ഇന്ത്യയില്‍ നിന്നുള്ള ഒരു കമ്പനിയും പട്ടികയില്‍ ഇടം നേടിയിട്ടില്ല

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവുമികച്ച 100 കമ്പനികളുടെ മൊത്തം വിപണി മൂല്യം 20 ട്രില്യണ്‍ ഡോളറിലെത്തിയതായി ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വീസസ് കമ്പനിയായ പ്രൈസ് വാട്ടകര്‍ ഹൗസ്‌കൂപ്പേഴ്‌സിന്റെ (പിഡബ്ല്യുസി) സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 15 ശതമാനം വര്‍ധനയാണ് നിലവില്‍ കമ്പനികളുടെ മൊത്തം മൂല്യത്തിലുള്ളത്. യുഎസില്‍ നിന്നുള്ള 54 കമ്പനികളാണ് പിഡബ്ല്യൂസി തയാറാക്കിയ 100 ആഗോള കമ്പനികളുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്.

ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ലോകത്തിലെ 100 മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ഷികാടിസ്ഥാനത്തില്‍ വളര്‍ച്ച പ്രകടമാണെന്നാണ് പിഡബ്ല്യുസി സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിപണി മൂല്യത്തിലെ വര്‍ധനയുടെ അടിസ്ഥാനത്തില്‍ ശക്തമായ പ്രകടനം നടത്തിയിട്ടുള്ളത് യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ആണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വിപണി മൂല്യത്തില്‍ ഈ വര്‍ഷം 66 ശതമാനം (278 ബില്യണ്‍ ഡോളര്‍) വര്‍ധനയുണ്ടായി. ആമസോണ്‍ കഴിഞ്ഞാല്‍ ചൈനീസ് കമ്പനികളായ ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സും ആലിബാബയുമാണ് ഇക്കാലയളവില്‍ വിപണി മൂല്യത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയിട്ടുള്ള ആഗോള വമ്പന്മാര്‍.

ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സിന്റെ വിപണി മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 224 ബില്യണ്‍ ഡോളറിന്റെയും ആലിബാബയുടെ വിപണി മൂല്യത്തില്‍ 201 ബില്യണ്‍ ഡോളറിന്റെയും വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ്, ആപ്പിള്‍, പിംഗ് ആന്‍ ഇന്‍ഷുറന്‍സ്, ഐസിബിസി, ബോയിംഗ്, ബെര്‍ക്‌ഷൈര്‍ ഹാതവേ എന്നിവയാണ് പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റ് കമ്പനികള്‍. 2017ലെ മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ പിംഗ് ആന്‍ ഇന്‍ഷുറന്‍സ് 90 ബില്യണ്‍ ഡോളറും ഐസിബിസി 89 ബില്യണ്‍ ഡോളറും ബോയിംഗ് 85 ബില്യണ്‍ ഡോളറും ബെര്‍ക്‌ഷൈര്‍ ഹാതവേ 81 ബില്യണ്‍ ഡോളറുമാണ് ഈ വര്‍ഷം വിപണി മൂല്യത്തില്‍ കൂട്ടിച്ചേര്‍ത്തത്.

മേഖല തിരിച്ചുള്ള കണക്കെടുത്താല്‍ വിപണി മൂല്യത്തില്‍ മുന്നില്‍ തുടരുന്നത് ടെക് കമ്പനികളാണ്. തൊട്ടുപുറകെ ധനകാര്യ മേഖലയില്‍ നിന്നുള്ള കമ്പനികളും ഇടം നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ളത് എഫ്എംസിജി കമ്പനികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. 100 കമ്പനികളുടെ മൊത്തം വിപണി മൂല്യത്തില്‍ 61 ശതമാനം പങ്കാണ് യുഎസ് കമ്പനികള്‍ക്കുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 63 ശതമാനം ആയിരുന്നു. 12 ചൈനീസ് കമ്പനികളാണ് പട്ടികയിലുള്ളത്. 2017ല്‍ പത്ത് ചൈനീസ് കമ്പനികള്‍ പട്ടികയിലുണ്ടായിരുന്ന സ്ഥാനത്താണിത്. ഇന്ത്യയില്‍ നിന്നുള്ള ഒരു കമ്പനിയും പട്ടികയില്‍ ഇടം നേടിയിട്ടില്ല.

Comments

comments

Categories: Business & Economy