ഇന്‍ഡസ്ട്രി 4.0; ഭാരതത്തിന് എങ്ങനെ മാതൃകയാകാം

ഇന്‍ഡസ്ട്രി 4.0; ഭാരതത്തിന് എങ്ങനെ മാതൃകയാകാം

കൃത്രിമ ബുദ്ധിയും യന്ത്ര പഠനവുമാണ് ലോകത്തിന്റെ ഗതിനിര്‍ണയിക്കുന്ന വിപ്ലവാത്മകമായ സങ്കേതങ്ങള്‍. അങ്ങ് സൗദി അറേബ്യയില്‍ കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായി നിയോം എന്ന പേരില്‍ ഒരു മായിക നഗരം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് അവരുടെ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇങ്ങ് ഇന്ത്യയിലാകട്ടെ സാമൂഹ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തണമെന്നാഗ്രഹിക്കുന്നു നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി.

സിലിക്കണ്‍ വാലിയിലെ ടെക് ഭീമന്മാര്‍ കൃത്രിമ ബുദ്ധിയുടെ അപാരമായ ബിസിനസ് സാധ്യതകളിലേക്ക് തങ്ങളുടെ ഗവേഷണത്തിന്റെ വിഭവശേഷിയില്‍ സിംഹഭാഗവും വിനിയോഗിക്കുന്നു. നാലാം വ്യാവസായിക വിപ്ലവത്തിന്റെ ശംഖൊലി മുഴങ്ങിക്കഴിഞ്ഞു, ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ഭരണനിര്‍വഹണ സംവിധാനങ്ങള്‍ മുതല്‍ വ്യാപാര ലോകവും ഉപഭോക്താക്കളും വരെ സജ്ജമാകേണ്ടതുണ്ട്. കാരണം മുന്‍വിപ്ലവങ്ങളില്‍ നിന്നും വ്യത്യസ്തമായി കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ് കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായുള്ള ആവാസവ്യവസ്ഥയിലേക്ക് നമ്മള്‍ മാറിക്കൊണ്ടിരിക്കുന്നത്…

ഈ വര്‍ഷം ആദ്യമായിരുന്നു അത്. അമേരിക്കയിലെ സിയാറ്റിലില്‍ കാഷ്യറടക്കം ഒരു ജീവനക്കാരനുമില്ലത്ത ഗ്രോസറി സ്‌റ്റോര്‍ തുറന്ന് ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ നമ്മളെ ഒന്ന് ഞെട്ടിച്ചത്. ഒന്നൊന്നര സൂപ്പര്‍ മാര്‍ക്കറ്റ്. ഇഷ്ടമുള്ള എന്തും എടുക്കാം. കാവല്‍ക്കാരനില്ല, കാശ് വാങ്ങാന്‍ ആളുമില്ല. എന്നാല്‍ ഉപഭോക്താക്കളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആമസോണ്‍ ആപ്പിലെ വാലറ്റില്‍ നിന്ന് എടുക്കുന്ന സാധനങ്ങള്‍ക്ക് അനുസരിച്ച് പണം കുറയും. പണമടയ്ക്കാന്‍ ക്യൂ നില്‍ക്കേണ്ട, തെരക്കില്ല, എല്ലാം വളരെ എളുപ്പം. ഇതിനായി സെന്‍സറുകള്‍ ഘടിപ്പിച്ച സംവിധാനമാണ് ആമസോണ്‍ ഉപയോഗപ്പെടുത്തുന്നത്. ഇങ്ങനൊരു റീട്ടെയ്ല്‍ വിപണന രീതി ലോകത്താദ്യമായിരുന്നു.

ഇ-കൊമേഴ്‌സിനോട് ബന്ധമില്ലാത്ത മറ്റൊരുകഥയിലേക്ക് കൂടി വരാം. ഇക്കഴിഞ്ഞ ബുധനാഴ്ച്ച യുഎസിലെ ഏറ്റവും പ്രധാനപ്പെട്ട എച്ച്എസ്ബിസി ഓഫീസില്‍ ഒരു റിക്രൂട്ട്‌മെന്റ് നടന്നു. മനുഷ്യനെയല്ല അവര്‍ ജോലിക്കെടുത്തത്. പെപ്പര്‍ എന്ന റോബോട്ടിനെയായിരുന്നു. റീട്ടെയ്ല്‍ ബാങ്കിംഗില്‍ സമാനതകളില്ലാത്ത പരീക്ഷണങ്ങള്‍ ഈ റോബോട്ടിനെ വെച്ച് നടത്താനാണ് ബാങ്കിന്റെ ഉദ്ദേശ്യം.

നേതാവ് യുഎസ് തന്നെ

 

കൃത്രിമ ബുദ്ധിയെ സംബന്ധിച്ചിടത്തോളം യുഎസ് തന്നെയാണ് ഇപ്പോള്‍ ഒന്നാമന്‍. മികച്ച സര്‍ക്കാര്‍ ഫണ്ടിംഗാണ് ഈ മേഖലയ്ക്ക് ലഭിക്കുന്നത്. ഇതുകൂടാതെ സ്വകാര്യ കമ്പനികളുടെ ഗവേഷണ വികസന ഫണ്ടിംഗിന്റെ നല്ലൊരു ശതമാനവും ഇപ്പോള്‍ ചെലവിടുന്നത് ഈ മേഖലയ്ക്കായിത്തന്നെ. ഏകദേശം 1,000 കമ്പനികള്‍ ഇതിനോടകം എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അധിഷ്ഠിതമാണ്. കൃത്രിമ ബുദ്ധിയില്‍ പരിശീലനം ലഭിച്ച 8.5 ലക്ഷം പ്രൊഫഷണലുകള്‍ യുഎസിലുണ്ട്. ആമസോണും ഗൂഗിളും ഫേസ്ബുക്കും മൈക്രോസോഫ്റ്റും ഐബിഎമ്മും എല്ലാം ഏറ്റവും പ്രാധാന്യം നല്‍കുന്നത് കൃത്രിമ ബുദ്ധിക്ക് തന്നെ. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലതിരിഞ്ഞ നയങ്ങള്‍ ഇത് കീഴ്‌മേല്‍ മറിക്കുമോയെന്നത് മാത്രമേ ആശങ്കയുള്ളൂ.

സെല്‍ഫ് സര്‍വീസ് ബാങ്കിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ റോബോട്ടാകും ഇനി എച്ച്എസ്ബിസി ന്യൂയോര്‍ക്ക് സിറ്റി ശാഖയുടെ മുഖ്യചുമതലക്കാരന്‍. സാങ്കേതികവിദ്യയെ മനുഷ്യന്റെ ദൈനംദിനജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ക്കുന്ന യുഗത്തിലേക്കാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്, അതിന്റെ രണ്ട് സൂചനകള്‍ മാത്രമാണ് മുകളില്‍ പറഞ്ഞ സംഭവങ്ങള്‍. സോഫിയ എന്ന റോബോട്ടിന് പൗരത്വം നല്‍കാന്‍ സൗദിയെ പ്രേരിപ്പിച്ചതും ഈ മാറ്റങ്ങള്‍ തന്നെ.

കുറച്ചധികം സങ്കീര്‍ണവും അതിനേക്കാള്‍ പ്രതീക്ഷാനിര്‍ഭരവുമായ സാങ്കേതിക ആവാസവ്യവസ്ഥയിലൂടെയാണ് നാലാം വ്യാവസായിക വിപ്ലവത്തിലേക്ക് മനുഷ്യന്‍ കാലെടുത്ത് വെക്കുന്നത്. അവിടെ പരമ്പരാഗത സങ്കേതങ്ങള്‍ക്ക് പ്രസക്തിയില്ല. കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), യന്ത്ര പഠനം (മഷീന്‍ ലേണിംഗ്), ഡാറ്റ അനലിറ്റിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങി ഉല്‍പ്പാദന രംഗത്തെ തന്നെ ഉടച്ചുവാര്‍ക്കാന്‍ ശേഷിയുള്ള ഡിജിറ്റല്‍ സങ്കേതങ്ങള്‍ക്ക് മാത്രമാണ് പ്രസക്തി. ഇവയുടെയെല്ലാം കൂടി സംയോജനമാണ് ഇന്‍ഡസ്ട്രി 4.0 ആയി പരിണമിക്കുന്നത്.

പ്രിന്‍സ് മുഹമ്മദിന്റെ ടെക് ഉട്ടോപ്യ

 
500 ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍, പൂര്‍ണമായും കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ നിയോം ബിസിനസ് സിറ്റി നിര്‍മിക്കാനുള്ള ശ്രമത്തിലാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍സല്‍മാന്‍. സൗദിയുടെ ടെക് ഉട്ടോപ്യ എന്നാണ് ഇതറിയപ്പെടുന്നത്. സംശുദ്ധ ഊര്‍ജ്ജസ്രോതസ്സുകള്‍ മാത്രം ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് നഗരത്തില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് മാത്രമാണ് സ്ഥാനം. സുസ്ഥിര വികസനമെന്ന ആശയത്തിന്റെപാരമ്യമാണ് പ്രിന്‍സ് മുഹമ്മദ് ഈ അത്യാധുനിക നഗരത്തിലൂടെ ലക്ഷ്യമിടുന്നത്.

പരിണാമം

സംരംഭകാത്മകമായ ഓരോ ഇന്നൊവേഷനും മനുഷ്യ ജീവിതത്തെ ലളിതമാക്കുകയെന്ന ഉദ്ദേശ്യത്തിലായിരിക്കും പിറവിയെടുക്കുക. പോസിറ്റീവും നെഗറ്റീവുമായ രണ്ട് വശങ്ങളുണ്ടായിരിക്കുമെങ്കിലും സാമാന്യതലത്തില്‍ പുരോഗനാത്മകവും പോസിറ്റീവ് എന്ന സങ്കല്‍പ്പത്തോട് കൂടുതല്‍ ചേര്‍ന്നതുമാകണം ഇന്നൊവേഷന്‍. അതായിരുന്നു ഒന്നാം വ്യാവസായിക വിപ്ലവത്തിന്റെയും കാതല്‍.

റിച്ചാര്‍ഡ് ആര്‍ക്ക്‌റൈറ്റിന്റെ ജലയന്ത്രവും ജെയിംസ് ഹാര്‍ഗ്രീവ്‌സിന്റെ നൂല്‍പ്പ് യന്ത്രവും ജെയിംസ് വാട്ടിന്റെ ആവിയന്ത്രവുമെല്ലാമാണ് 18ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഒന്നാംവ്യാവസായിക വിപ്ലവത്തിന് നാന്ദി കുറിച്ചത്. ഫാക്റ്ററി സമ്പ്രദായത്തിന്റെ തുടക്കം വ്യാവസായിക ഉല്‍പ്പാദനത്തിന് പുതുമാനങ്ങള്‍ നല്‍കി. 19ാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ രണ്ട് പതിറ്റാണ്ടുകളിലുമായിരുന്നു രണ്ടാം വ്യാവസായിക വിപ്ലവം. വൈദ്യുതോര്‍ജ്ജത്തിന്റെ സാധ്യതകളിലേക്കായിരുന്നു ര?ാം വ്യാവസായിക വിപ്ലവം ലോകത്തെ നയിച്ചത്.

എന്താണ് ഗുണം?

 

മുന്‍ വ്യാവസായിക വിപ്ലവങ്ങളെ പോലെ തന്നെ നാലാം വിപ്ലവവും ആഗോള തലത്തില്‍ ജനങ്ങളുടെ വരുമാനം കൂട്ടുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യും. ഉപഭോക്താക്കള്‍ക്ക് തന്നെയാണ് മികച്ച നേട്ടമുണ്ടാകുക. പണ്ടുള്ള നമ്മുടെ വ്യവഹാര രീതികളും ഇപ്പോഴത്തേതും തമ്മില്‍ ഒരു താരതമ്യം നടത്തിയാല്‍ തന്നെ വരാനിരിക്കുന്ന മാറ്റങ്ങള്‍ ബോധ്യമാകും. യുബര്‍ ബുക്ക് ചെയ്യുന്നതും ഫ്‌ളൈറ്റ് ബുക്ക് ചെയ്യുന്നതും ഇ-കൊമേഴ്‌സിലൂടെ ഉല്‍പ്പന്നം വീട്ടിലിരുന്ന് വാങ്ങുന്നതും ഡിജിറ്റല്‍ വഴി എവിടെയിരുന്നും ധനമിടപാട് നടത്തുന്നതുമെല്ലാം വ്യാവസായിക വിപ്ലവങ്ങളുടെ ഫലമായി സംഭവിച്ച വലിയ കാര്യങ്ങളുടെ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്. ഇനിയും ഗാതാഗതരംഗം ഉടച്ചുവാര്‍ക്കപ്പെടും അതിനുള്ള ചെലവ് കുറയും. വ്യാപാരത്തിനുള്ള ചെലവിലും ഗണ്യമായ കുറവുണ്ടാകും. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടും.

ഇലക്ട്രോണിക്‌സും വിവരസാങ്കേതികവിദ്യയും മേല്‍ക്കൈ നേടുന്ന ആവാസവ്യവസ്ഥയാണ് മൂന്നാം വ്യാവസായിക വിപ്ലവ കാലത്ത് നാം കണ്ടത്. ഉല്‍പ്പാദനത്തിന്റെ യന്ത്രവല്‍ക്കൃത രീതികള്‍ മാറിത്തുടങ്ങി. ഇതിന്റെ അടിത്തറയില്‍ നിന്നുകൊ?ാണ് നാലാം വ്യാവസായിക വിപ്ലവത്തിന്റെ സാധ്യതകളിലേക്ക് ലോകം ചുവട് വെച്ചത്.

എന്നാല്‍ നാലാമത്തെ വിപ്ലവത്തിന് ഒരു പ്രത്യേകതയുണ്ട്. വേഗതയുമായി ബന്ധപ്പെട്ടാണത്. അസാമാന്യമായ വേഗതയിലാണ് നാലാം വ്യാവസായിക വിപ്ലവം വികസിച്ചുവരുന്നത്. ഓരോ വ്യവസായത്തെയും തലകീഴായി മറിക്കുന്നു അത്. ഉല്‍പ്പാദനം, ഭരണ നിര്‍വഹണം, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെല്ലാം അസാധാരണമായ ചലനങ്ങളാണ് നാലാം വ്യാവസായിക വിപ്ലവം സൃഷ്ടിക്കുന്നത്. മൊബീല്‍ ഡിവൈസുകളാല്‍ ബന്ധിപ്പിച്ച് കിടക്കുന്ന ശതകോടി ഉപഭോക്താക്കളാണ് നാലാം വ്യാവസായിക വിപ്ലവത്തിന്റെ ശക്തി.

മനുഷ്യന്റെ ഇടപെടല്‍ പരമാവധി കുറച്ച്, എന്നാല്‍ പ്രവര്‍ത്തനക്ഷമതയും ഉല്‍പ്പാദനക്ഷമതയും എത്രയോ മടങ്ങ് വര്‍ധിപ്പിച്ചുള്ള രീതിയാണ് നാലാം വ്യാവസായിക വിപ്ലവത്തിലെ സങ്കേതങ്ങള്‍ക്കുള്ളത്. അസംഖ്യം ഉപകരണങ്ങള്‍ (സ്മാര്‍ട്ട് ഫോണുകള്‍, കംപ്യൂട്ടറുകള്‍, കാറുകള്‍…) ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് വിവരകൈമാറ്റം സാധ്യമാക്കുന്ന സംവിധാനം അഥവാ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് പോലുള്ള സങ്കേതങ്ങള്‍ യന്ത്രവല്‍ക്കരണം തീവ്രമാകുന്ന ഇന്‍ഡസ്ട്രി 4.0 യുഗത്തില്‍ വലിയ പങ്കുവഹിക്കും.

വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ ചൈനയും ജപ്പാനും

 

കൃത്രിമ ബുദ്ധിയിലെ നേതാവെന്ന സ്ഥാനമാ ണ് ഭാവിയില്‍ ചൈന മോഹിക്കുന്നത്. മൊത്തം സമ്പദ് വ്യവസ്ഥയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമാക്കി മാറ്റുകയാണ് കമ്യൂണിസ്റ്റ് രാജ്യത്തിന്റെ ലക്ഷ്യം. അതുവഴി പുതിയ ലോകപൊലീസാകാമെന്ന ദുരുദ്ദേശ്യവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യവസായത്തിന്റെ വലുപ്പം 2030 ആകുമ്പോഴേക്കും150 ബില്ല്യണ്‍ ഡോളര്‍ ആക്കാനാണ് പദ്ധതി.കൃത്രിമ ബുദ്ധിയില്‍ മാത്രം കേന്ദ്രീകരിച്ച 400 സംരംഭങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള 2 ബില്ല്യണ്‍ഡോളറിന്റെ എഐ പാര്‍ക്കാണ് ബെയ്ജിംഗില്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിന് അനുസൃതമായി ആലിാബാബ ഉള്‍പ്പടെയുള്ളഅവിടുത്തെ സ്വകാര്യ കമ്പനികളെയും ചൈനീസ് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തും.

സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികളെ പരിഹരിച്ച് അഞ്ചാം തലമുറ സമൂഹത്തെ സൃഷ്ടിക്കുകയാണ് ജപ്പാന്റെ ലക്ഷ്യം.സാങ്കേതികവിദ്യകളെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി പരമാവധി സമന്വയിപ്പിച്ചുള്ള രീതികള്‍ വികസിപ്പിക്കും. റോബോട്ടുകളുടെനാടായ ജപ്പാനും വന്‍തുകയാണ് പുതുതലമുറ സങ്കേതങ്ങള്‍ക്കായി ചെലവിടുന്നത്.

ഈ നാലാം വിപ്ലവത്തിന് അനുസരിച്ച് സകല മേഖലകളിലെയും കമ്പനികള്‍ മാറിയാല്‍ മാത്രമേ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ. ഡിജിറ്റല്‍ യുഗത്തിന് അനുസരിച്ചുള്ള നിപുണത ആര്‍ജ്ജിച്ചാല്‍ മാത്രമേ പുതിയ മാറ്റത്തിനൊപ്പം സഞ്ചരിക്കാനാകൂവെന്നതാണ് വസ്തുത.

ഇന്ത്യയിലെന്ത് സംഭവിക്കുന്നു

പരമ്പരാഗത വികസന ഘട്ടങ്ങളെ അതിവര്‍ത്തിച്ചുള്ള ഒരു പുതിയ വികസനക്കുതിപ്പ്് സാധ്യമാക്കാന്‍ നാലാം വ്യാവസായിക വിപ്ലവത്തിലൂടെ ഭാരതത്തിന് സാധിക്കും. ജനസംഖ്യയിലെ 50 ശതമാനത്തില്‍ അധികവും 27 വയസ്സിന് താഴെയായതിനാല്‍ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയാണ് ഇന്ത്യയിലുള്ളത്. കൂടുതല്‍ ഉത്തരവാദിത്തപരമായി നാലാം വ്യാവസായിക വിപ്ലവത്തിന്റെ അജണ്ട നിശ്ചയിക്കാനും ഭാരതത്തിന് സാധിക്കും.

ഇന്ത്യ കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന പ്രധാന മേഖലകള്‍

 

വിദ്യാഭ്യാസം: കുട്ടികളുടെ കൊഴിഞ്ഞുപോക്ക് പരിഹരിക്കുന്നതും വ്യക്തിഗത വിദ്യാഭ്യാസം കൂടുതല്‍ കാര്യക്ഷമതയോടെ പ്രാപ്യമാക്കുന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധയൂന്നും

മൊബിലിറ്റി: കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ഗതാഗത സംവിധാനങ്ങള്‍ ട്രാഫിക് കുറയ്ക്കുകയും അപകടങ്ങള്‍ കുറയ്ക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍

ആരോഗ്യ പരിരക്ഷ: രോഗങ്ങളുടെ നേരത്തെയുള്ള നിര്‍ണയത്തിനും വ്യക്തിഗത ചികിത്സയ്ക്കും കൃത്രിമ ബുദ്ധിയിലധിഷ്ഠിതമായ ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്താം.

ഇന്‍ഡസ്ട്രി 4.0ല്‍ നിര്‍ണായക പങ്കുവഹിക്കുന്ന കൃത്രിമ ബുദ്ധിയിലെ ഗവേഷണത്തിനായാണ് ലോകത്തെ വന്‍കിട ടെക് കമ്പനികളെല്ലാം വലിയ തോതില്‍ പണം ചെലവാക്കുന്നത്. ഈ മേഖലയില്‍ അമേരിക്കയെ കവച്ചുവെക്കുന്ന മുന്നേറ്റം നടത്താനുള്ള പദ്ധതിയിലാണ് ചൈന. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് ലോകത്ത് അധികമാരും ശ്രദ്ധ വെക്കാത്ത മേഖലയില്‍ കൂടി ഊന്നല്‍ നല്‍കാനാണ് ഇന്ത്യയുടെ ശ്രമം.

കൃത്രിമ ബുദ്ധിയെ സാമൂഹ്യ മാറ്റത്തിന് ഉപയോഗപ്പെടുത്തുകയെന്ന ആശയമാണ് ഇന്ത്യക്കുള്ളതെന്ന് വധ്വാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിഇഒ പി ആനന്ദന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിതി ആയോഗിന്റെ റിപ്പോര്‍ട്ടിലും ഇത് അടിവരയിടുന്നുണ്ട്. ആരോഗ്യപരിരക്ഷ, കൃഷി, വിദ്യാഭ്യാസം, സ്മാര്‍ട്ട് സിറ്റീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, സ്മാര്‍ട്ട് മൊബിലിറ്റി ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങിയ രംഗങ്ങളില്‍ കൃത്രിമ ബുദ്ധി വ്യാപകമായി ഉപയോഗപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ നിര്‍ണയം വേഗത്തിലാക്കുക, കാര്‍ഷിക മേഖലയുടെ ഉല്‍പ്പാദന ക്ഷമതയും ലാഭക്ഷമതയും വിപ്ലാവത്മകമായ രീതിയില്‍ മെച്ചപ്പെടുത്തുക തുടങ്ങി നിരവധി പ്രസക്തമായ ലക്ഷ്യങ്ങളാണ് കൃത്രിമ ബുദ്ധിയെ ഉപയോഗപ്പെടുത്തി ഇന്ത്യ സാധ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്.

കൃത്രിമ ബുദ്ധിയാണ് പുതിയ ഇലക്ട്രിസിറ്റി, ഉല്‍പ്പാദനത്തിന്റെ പുതിയ ഘടകം. വ്യാവസായിക വിപ്ലവം പോലെ ഓരോ മേഖലയെയും അത് മാറ്റി മറിക്കും. ഭാരതം നേരിടുന്ന കടുത്ത സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ പരിഹരിക്കാനാകണം ഇത് ഉപയോഗപ്പെടുത്തേ?ത്-നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞ വാക്കുകളാണിത്. കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നയം അടിവരയിടുന്നു ഇത്.

Comments

comments

Categories: FK Special, Slider