ഇന്ത്യക്ക് മതിയായ വിദേശ നാണ്യ ശേഖരമുണ്ട്: പിയുഷ് ഗോയല്‍

ഇന്ത്യക്ക് മതിയായ വിദേശ നാണ്യ ശേഖരമുണ്ട്: പിയുഷ് ഗോയല്‍

ആവശ്യമായ നടപടികള്‍ ആര്‍ബിഐ യും കേന്ദ്ര സര്‍ക്കാരും കൈക്കൊള്ളും

ന്യൂഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതുമായി ബന്ധപ്പെട്ട് ചിന്തിക്കാതെയുള്ള പ്രതികരണത്തിന്റെ ആവശ്യമില്ലെന്ന് ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍. 2013ല്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രൂപയുടെ മൂല്യത്തില്‍ അത്ര വലിയ ഇടിവുണ്ടായിട്ടില്ലെന്നും നിലവില്‍ മതിയായ വിദേശ നാണ്യ ശേഖരം ഉണ്ടെന്നും പിയുഷ് ഗോയല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

രൂപയുടെ മൂല്യം ഇടിയുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് ആശ്വാസം പകരുന്നതാണ് പിയുഷ് ഗോയലിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 69.08 എന്ന നിലവാരത്തിലായിരുന്നു രൂപയുടെ മൂല്യം. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ഇതിനുമുന്‍പ് 2013ലാണ് രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന തലത്തിലേക്ക് പോയിട്ടുള്ളത്. അന്ന് വിദേശ നാണ്യ ശേഖരം ഗണ്യമായി കുറയുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ അത്തരമൊരു സാഹചര്യമില്ലെന്നാണ് പിയുഷ് ഗോയല്‍ വ്യക്തമാക്കുന്നത്.

2013ല്‍ രൂപ 68-69 എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ആഗോള ഘടകങ്ങള്‍ കൂടി പരിഗണിച്ചശേഷം ചര്‍ച്ച ചെയ്ത് വേണ്ട നടപടികളെടുക്കുമെന്നും പിയുഷ് ഗോയല്‍ അറിയിച്ചു. രൂപയുടെ മൂല്യ തകര്‍ച്ച കൈകാര്യം ചെയ്യുന്നതിനാവശ്യമായ നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനും ആര്‍ബിഐയ്ക്കും കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി (സിഎഡി) ഉയരുമെങ്കിലും വലിയ വിദേശ നാണ്യ ശേഖരം മികച്ച പിന്തുണയാകുമെന്നാണ് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസിന്റെ നിരീക്ഷണം. കട ബാധ്യത പരിഹരിക്കുന്നതിന് വിദേശ കറന്‍സി വായ്പയെ ചെറിയ തോതില്‍ മാത്രമേ ഇന്ത്യ ആശ്രയിക്കുന്നുള്ളു. ഇത് രൂപയുടെ മൂല്യ ശോഷണവുമായി ബന്ധപ്പെട്ട പ്രതിസന്ധികളുടെ ആക്കം കുറയ്ക്കുമെന്നും മൂഡീസ് പറഞ്ഞു.

Comments

comments

Categories: Slider, Top Stories