വ്യാവസായിക വളര്‍ച്ച കൈവരിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പങ്ക് അനിവാര്യം: വിജു ചാക്കോ

വ്യാവസായിക വളര്‍ച്ച കൈവരിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പങ്ക് അനിവാര്യം: വിജു ചാക്കോ

കൊച്ചി: വ്യാവസായിക വളര്‍ച്ച കൈവരിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പങ്ക് അനിവാര്യമെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി ഐഒടി പ്രാക്ടീസ് ഓഫ് യൂട്ടിലിറ്റീസ് മേധാവി വിജു ചാക്കോ. ഫ്യൂച്ചര്‍ കേരള എഡ്യുക്കേഷന്‍ കോണ്‍ക്ലേവിന്റെ ഭാഗമായി ‘കേരള വിദ്യാഭ്യാസവും നാലാം വ്യവസായിക വിപ്ലവവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലാം വ്യാവസായിക വിപ്ലവത്തെക്കുറിച്ച് പറയുമ്പോള്‍ നിരവധി ചോദ്യങ്ങളായിരുന്നു മനസ്സില്‍ ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാലാം വ്യാവസായിക വിപ്ലവം വിദ്യാഭ്യാസ, വ്യാവസായിക മേഖലകളെ ഏത് തരതില്‍ ബാധിക്കുമെന്നായിരുന്നു ചിന്ത. ഒന്നാം വ്യാവസായിക വിപ്ലവം, രണ്ടാം വ്യാവസായിക വിപ്ലവം, മൂന്നാം വ്യാവസായിക വിപ്ലവം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങള്‍ കഴിഞ്ഞാണ് നാലാം വ്യാവസായിക വിപ്ലവത്തിലേക്ക് കടക്കുന്നത്. നാലാം വ്യവസായിക വിപ്ലവത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ മൂന്നാം വ്യാവസായിക വിപ്ലവത്തെക്കുറിച്ച് പറയാതെ കടന്നുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അഥവാ ഐടി ഇതായിരുന്നു മൂന്നാം വ്യാവസായിക വിപ്ലവത്തിന്റെ കാതല്‍. കമ്പ്യൂട്ടറുകളുടെ കണ്ടുപിടുത്തവും അസംബ്ലിങ്ങും മൂന്നാം വ്യാവസായിക വിപ്ലവത്തിന് തുടക്കും കുറിച്ചു. കമ്പ്യൂട്ടിംഗിലൂടെ എല്ലാ മേഖലയിലും വളര്‍ച്ച ഉണ്ടാക്കി. മൂന്നാം വ്യാവസായിക വിപ്ലവത്തിന്റെ ഒരു ഘട്ടം ഓപ്പറേഷണല്‍ ടെക്‌നോളജിയായിരുന്നു(ഒടി). ഒടിയില്‍ സെന്‍സറിംഗ്, നെറ്റ് വര്‍ക്കിംഗ് എന്നിവ ഉണ്ടായിരുന്നു. എന്നാല്‍ ഒടി പതിയെ ഐടിയെ കടമെടുക്കുകയായിരുന്നു. നൂതന സാങ്കേതികവിദ്യയുടെ വരവോടെ ഒടി, ഐടിയിലേക്ക് വഴിമാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യന് പകരം എല്ലാ മേഖലയിലും റോബോട്ടുകളെയും കൃത്രിമബുദ്ധിയും ഉപയോഗിക്കുന്ന തരത്തില്‍ ലോകം മാറിയിരിക്കുന്നു. ആരോഗ്യശംഖലയിലും, വ്യവസായ മേഖലയിലും, വൈദ്യുതി വിതരണം പോലുള്ള എല്ലാ ഊര്‍ജ മേഖലയിലും യന്ത്രവത്കരണം സജീവമാക്കി കൊണ്ടിരിക്കുകയാണ്. ഇത് മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടിസിഎസും ഇതുപോലുള്ള എഐ, ക്ലൗഡ്, സെന്‍സര്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് നാലാം വ്യാവസായിക വിപ്ലവത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയിലും വ്യാവസായിക വിപ്ലവം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഐഐടി കളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. ഇവരുടെ കഴിവുകള്‍ എല്ലാ മേഖലയിലും പുരോഗതി ഉണ്ടാക്കുമെന്നത് ഉറപ്പാണ്. വളര്‍ച്ച കൈവരിക്കണമെങ്കില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പങ്ക് അനിവാര്യമാണ്. വിദേശ സര്‍വകലാശാലകളില്‍ പഠിപ്പിക്കുന്നതെന്താണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ഓണ്‍ലൈന്‍ കോഴ്‌സുകളിലൂടെ മനസ്സിലാക്കാനുളള അവസരങ്ങളും ഇന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: FK News, Slider, Top Stories

Related Articles