ലോകത്തെ ഏറ്റവും വലിയ ബാറ്ററി ഫാക്ടറി പ്രവര്‍ത്തനം തുടങ്ങി

ലോകത്തെ ഏറ്റവും വലിയ ബാറ്ററി ഫാക്ടറി പ്രവര്‍ത്തനം തുടങ്ങി

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ബിവൈഡിയാണ് ഫാക്ടറി സ്ഥാപിച്ചത്. 2019 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകും

ന്യൂഡെല്‍ഹി : ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി 24 ജിഗാവാട്ട്അവര്‍ (ജിഡബ്ല്യുഎച്ച്) ശേഷി വരുന്ന ബാറ്ററി ഫാക്ടറി തുറന്നു. പടിഞ്ഞാറന്‍ ചൈനയിലെ ക്വിങ്ഹായ് പ്രവിശ്യയിലാണ് ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചത്. 2020 ഓടെ ആകെ ഉല്‍പ്പാദന ശേഷി 60 ജിഗാവാട്ട്അവറായി വര്‍ധിപ്പിക്കുകയാണ് ബിവൈഡിയുടെ ലക്ഷ്യം.

140 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പം വരുന്നതാണ് ബാറ്ററി ഫാക്ടറി. 2019 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി ഫാക്ടറിയായി ഇത് മാറും. ചൈനയില്‍ ബിവൈഡിയുടെ മൂന്നാമത്തെ ബാറ്ററി ഫാക്ടറിയാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഷെഞ്‌ജെന്‍, ഹുയിഷു എന്നിവിടങ്ങളിലാണ് മറ്റ് രണ്ട് ഫാക്ടറികള്‍. ഇലക്ട്രിക് വാഹന വിപണി വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലാണെന്ന് ബിവൈഡി പ്രസിഡന്റും ചെയര്‍മാനുമായ വാങ് ഷുവാന്‍ഫു പറഞ്ഞു.

കണ്‍സ്യൂമര്‍ 3സി ബാറ്ററി, പവര്‍ ബാറ്ററി, സോളാര്‍ സെല്‍, എനര്‍ജി സ്റ്റോറേജ് ബാറ്ററി തുടങ്ങി വിവിധ തരത്തിലുള്ള ബാറ്ററികള്‍ ബിവൈഡി നിര്‍മ്മിച്ചുവരുന്നു. ലോകത്തെ അമ്പത് രാജ്യങ്ങളിലായി ഇരുനൂറിലധികം നഗരങ്ങളില്‍ ബിവൈഡി ഇതിനകം സാന്നിധ്യമറിയിച്ചു. 2015 മുതല്‍ 2017 വരെ ന്യൂ എനര്‍ജി വാഹനങ്ങളുടെ വില്‍പ്പനയില്‍ ലോകത്തെ നമ്പര്‍ വണ്‍ കമ്പനിയായിരുന്നു ബിവൈഡി.

140 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പം വരുന്നതാണ് ബാറ്ററി ഫാക്ടറി. 2020 ഓടെ ഉല്‍പ്പാദന ശേഷി 60 ജിഗാവാട്ട്അവറായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം

സവിശേഷ തിരിച്ചറിയല്‍ കോഡ് നല്‍കിയാണ് തങ്ങളുടെ എല്ലാ ബാറ്ററികളും നിര്‍മ്മിക്കുന്നതെന്ന് ബിവൈഡി ബാറ്ററി വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹീ ലോങ് വ്യക്തമാക്കി. സര്‍വീസ് ആവശ്യമായി വന്നാല്‍ ബാറ്ററിയിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സാങ്കേതിക സവിശേഷതകളും നിര്‍മ്മാണ വിവരങ്ങളും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Auto