സികെഡി രീതിയില്‍ 200, 250, 390 ഡ്യൂക്ക്, ആര്‍സി മോഡലുകള്‍ നിര്‍മ്മിക്കും
ന്യൂഡെല്‍ഹി : കെടിഎം മോട്ടോര്‍സൈക്കിളുകള്‍ അസംബിള്‍ ചെയ്യുന്നതിന് ബജാജ് ഓട്ടോ ഇന്തോനേഷ്യയില്‍ പ്ലാന്റ് സ്ഥാപിക്കും. കെടിഎം ഈയിടെ ഇന്തോനേഷ്യയില്‍ ചെറിയ ഡിസ്പ്ലേസ്മെന്റ് മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന ആരംഭിച്ചിരുന്നു. കംപ്ലീറ്റ്ലി ബില്‍റ്റ് യൂണിറ്റ് (സിബിയു) രീതിയില്‍ മോട്ടോര്‍സൈക്കിളുകള്‍ പൂര്‍ണ്ണമായി നിര്‍മ്മിച്ചശേഷം ഇന്തോനേഷ്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഈ മോഡലുകള്‍ക്ക് നല്ല സ്വീകരണം ലഭിച്ചതോടെയാണ് ആ രാജ്യത്തുതന്നെ മാനുഫാക്ച്ചറിംഗ് പ്ലാന്റ് ആരംഭിക്കുന്നതിന് ബജാജ് ഓട്ടോ രംഗത്തുവന്നിരിക്കുന്നത്.
ഓസ്ട്രിയന്‍ ബ്രാന്‍ഡായ കെടിഎമ്മില്‍ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയ്ക്കു കീഴിലെ ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. പള്‍സര്‍ മോട്ടോര്‍സൈക്കിളുമായി ബജാജ് ഓട്ടോ 2005 ല്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ പ്രവേശിച്ചിരുന്നു. പിടി ബജാജ് ഓട്ടോ ഇന്തോനേഷ്യ (പിടിബിഎഐ) എന്ന അനുബന്ധ കമ്പനി രൂപീകരിച്ചാണ് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ തണുപ്പന്‍ മട്ടിലുള്ള സ്വീകരണമാണ് ലഭിച്ചത്. ഇന്തോനേഷ്യന്‍ സംരംഭം ലാഭകരമായി വഴിതിരിച്ചുവിടാന്‍ കഴിഞ്ഞതുമില്ല. ജാപ്പനീസ് ബ്രാന്‍ഡുകളുടെ ആധിപത്യമാണ് ബജാജ് ഓട്ടോയ്ക്ക് തിരിച്ചടിയായത്.
കെടിഎമ്മില്‍ ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്
എന്നാല്‍ ഈയിടെ അവതരിപ്പിച്ച കെടിഎം മോഡലുകളില്‍ ഇന്തോനേഷ്യന്‍ ജനത താല്‍പ്പര്യം പ്രകടിപ്പിക്കുന്നതാണ് കണ്ടത്. വില്‍പ്പന കണക്കുകളില്‍ ബജാജ് ഓട്ടോ മതിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇന്തോനേഷ്യയില്‍ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം ഈയടുത്ത് വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ബജാജ് ഓട്ടോ വ്യക്തമാക്കിയത്. ആവശ്യമായ ലൈസന്‍സുകള്‍ പുതുക്കിയതായും ക്ലിയറന്‍സുകള്‍ക്കായി കാത്തിരിക്കുകയാണെന്നും ബജാജ് ഓട്ടോ അറിയിച്ചു. ഇന്ത്യന്‍, ഓസ്ട്രിയന്‍ ബ്രാന്‍ഡുകള്‍ സംയുക്തമായി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിച്ച് ഇന്തോനേഷ്യന്‍ വിപണിയിലെത്തിക്കും. സികെഡി കിറ്റുകള്‍ ഉപയോഗിച്ച് പുതിയ പ്ലാന്റില്‍ ഈ വര്‍ഷം ഉല്‍പ്പാദനം ആരംഭിക്കാനാണ് പിടി ബജാജ് ഓട്ടോ ഇന്തോനേഷ്യയുടെ പദ്ധതി. സിബിയു രീതിയില്‍ 200, 250, 390 ഡ്യൂക്ക്, ആര്‍സി മോഡലുകളാണ് നിലവില്‍ കെടിഎം ഇന്തോനേഷ്യയില്‍ വില്‍ക്കുന്നത്. സികെഡി രീതിയില്‍ ഇതേ മോഡലുകളായിരിക്കും നിര്‍മ്മിക്കുന്നത്.