2019 റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് അനാവരണം ചെയ്തു

2019 റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് അനാവരണം ചെയ്തു

എക്‌സ് ഷോറൂം വില 99.48 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : 2019 മോഡല്‍ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് ഇന്ത്യയില്‍ അനാവരണം ചെയ്തു. റേഞ്ച് റോവര്‍ സ്‌പോര്‍ടിന് 99.48 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വിലയെങ്കില്‍ ഫ്‌ളാഗ്ഷിപ്പ് മോഡലായ റേഞ്ച് റോവറിന് 1.74 കോടി രൂപ മുതലാണ് എക്‌സ് ഷോറൂം വില. 2018-19 സാമ്പത്തിക വര്‍ഷം പത്ത് പുതിയ ലോഞ്ചുകള്‍ നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ബെന്റ്‌ലി ബെന്റയ്ഗ, റോള്‍സ് റോയ്‌സ് കള്ളിനന്‍, ലെക്‌സസ് എല്‍എക്‌സ്570 എന്നിവയാണ് പുതിയ റേഞ്ച് റോവറുകളുടെ എതിരാളികള്‍.

പരിഷ്‌കരിച്ച റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് 2017 അവസാനം പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ആഡംബര എസ്‌യുവികളുടെ ബുക്കിംഗ് ആരംഭിക്കുകയും ചെയ്തു. 2019 റേഞ്ച് റോവര്‍ സ്‌പോര്‍ട് ഫേസ്‌ലിഫ്റ്റിന്റെ കൂടെ അന്തര്‍ദേശീയ വിപണികളിലേക്കായി പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേര്‍ഷന്‍ നിര്‍മ്മിച്ചിട്ടുണ്ട്. റേഞ്ച് റോവര്‍ വെലാറില്‍ കണ്ട സാങ്കേതികവിദ്യകള്‍ പലതും 2019 റേഞ്ച് റോവര്‍ സ്‌പോര്‍ട് ഫേസ്‌ലിഫ്റ്റില്‍ നല്‍കി.

പുതിയതും സ്ലീക്ക്-ലുക്കിംഗുമായ ഗ്രില്‍, ഡേടൈം റണ്ണിംഗ് ലാംപുകള്‍ സഹിതം മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവ എക്‌സ്റ്റീരിയര്‍ മാറ്റങ്ങളാണ്. പുതിയ ഗ്രില്‍ എസ്‌യുവിയുടെ പ്ലഷ്-ലുക്ക് വര്‍ധിപ്പിക്കുന്നു. ഫ്രണ്ട് ബംപറില്‍ ചെറിയ മാറ്റം കാണാം. മാത്രമല്ല അല്‍പ്പം താഴ്ന്നുനില്‍ക്കുന്നു. ബ്രേക്കുകള്‍ തണുപ്പിക്കുന്നതിന് കൂടുതല്‍ എയര്‍ ഇതുവഴി ലഭിക്കും. പുതിയ അലോയ് വീല്‍ ഡിസൈന്‍ കൂടാതെ പുതിയ റേഞ്ച് റോവറുകളുടെ റിയര്‍ ബംപറിലും മാറ്റം വരുത്തിയിട്ടുണ്ട്.

മുന്‍ഗാമിയായ 2018 റേഞ്ച് റോവര്‍ ലൈനപ്പിനേക്കാള്‍ പുതിയ റേഞ്ച് റോവറുകളുടെ ഇന്റീരിയറില്‍ വലിയ മാറ്റങ്ങളും കൂടുതല്‍ സാങ്കേതികവിദ്യകളും കാണാം. പുതിയ വെലാറിലെ ടച്ച് പ്രോ ഡുവോ സ്‌ക്രീനുകളാണ് ഒരു പ്രധാന ഫീച്ചര്‍. ജെസ്ചര്‍ കണ്‍ട്രോള്‍ സാധിക്കുമെങ്കിലും ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ ഇല്ലാത്തത് ക്ഷീണമായിപ്പോയി.

2018-19 സാമ്പത്തിക വര്‍ഷം പത്ത് പുതിയ ലോഞ്ചുകള്‍ നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു

2019 റേഞ്ച് റോവറിനും റേഞ്ച് റോവര്‍ സ്‌പോര്‍ടിനും കരുത്തേകുന്നത് ഇനി പറയുന്ന എന്‍ജിനുകളാണ്. 3.0 ലിറ്റര്‍ വി6 ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ 255 ബിഎച്ച്പി കരുത്തും 600 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 4.4 ലിറ്റര്‍ വി8 ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ 335 ബിഎച്ച്പി കരുത്തും 740 എന്‍എം പരമാവധി ടോര്‍ക്കുമാണ് പുറത്തെടുക്കുന്നത്. 3.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി6 പെട്രോള്‍ എന്‍ജിന്‍ 335 ബിഎച്ച്പി, 450 എന്‍എം ഉല്‍പ്പാദിപ്പിക്കും. ടോപ് വേരിയന്റിലെ 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിന്‍ 518 ബിഎച്ച്പി, 625 എന്‍എം എന്നിങ്ങനെയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എല്ലാ എന്‍ജിനുകളുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി നല്‍കും.

Comments

comments

Categories: Auto