ഇന്ത്യയില്‍ വിജയഗാഥ രചിച്ച ഹ്യുണ്ടായ്

ഇന്ത്യയില്‍ വിജയഗാഥ രചിച്ച ഹ്യുണ്ടായ്

മാരുതി സുസുകിയുടെ ഒരേയൊരു യഥാര്‍ത്ഥ എതിരാളി ഇരുപത് വര്‍ഷം പിന്നിട്ട് മുന്നോട്ട്

1998 ലാണ് ഹ്യുണ്ടായ് എന്ന ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം മാരുതി സുസുകി 800 കാറിനെ വെല്ലുവിളിച്ച് സാന്‍ട്രോ എന്ന ചെറു കാര്‍ ഹ്യുണ്ടായ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബാക്കിയെല്ലാം ചരിത്രം. ഇന്ത്യ-ജാപ്പനീസ് കമ്പനിയില്‍നിന്നുള്ള മാരുതി 800 എന്ന വിഖ്യാത കാറിനെ ‘വാല്യു ഫോര്‍ മണി’യുടെ പേരില്‍ എതിരിടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ഹ്യുണ്ടായ് തങ്ങളുടെ കാറുകളെ മാരുതി കാറുകളേക്കാള്‍ അല്‍പ്പം മുകളില്‍ പ്രതിഷ്ഠിക്കുക എന്ന നയമാണ് സ്വീകരിച്ചത്. ഇതിനായി ഹ്യുണ്ടായ് കാറുകളില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി.

ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷവും ഹ്യുണ്ടായ് ഇതേ ബിസിനസ് തന്ത്രം മുറുകെപിടിക്കുന്നു. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഹ്യുണ്ടായ് എന്ന നാമധേയം ഇന്ത്യക്കാരുടെ മനസ്സില്‍ കുടിയേറിക്കഴിഞ്ഞു. ഇന്ത്യന്‍ വാഹന നിര്‍മ്മാണ വ്യവസായത്തില്‍ മാരുതി സുസുകി കഴിഞ്ഞാല്‍ അടുത്ത വലിയ കാര്‍ നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായ്. ഇന്ത്യയില്‍ ഒരു ചെറിയ കാറില്‍നിന്ന് വളര്‍ന്ന ഹ്യുണ്ടായ് ഇപ്പോള്‍ ചെന്നൈ ശ്രീ പെരുംപുത്തൂരിലെ മാനുഫാക്ച്ചറിംഗ് പ്ലാന്റില്‍ നിരവധി മോഡലുകള്‍ നിര്‍മ്മിക്കുന്നു. ചെറിയ കാറുകള്‍ മുതല്‍ എസ്‌യുവികള്‍ വരെ നിര്‍മ്മിക്കുന്ന ഹ്യുണ്ടായ് ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാണ്.

ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ ഓള്‍-ന്യൂ ഹ്യുണ്ടായ് സാന്‍ട്രോ വിപണിയിലെത്തും

ഏറ്റവും പ്രധാനമെന്ന് പറയാവുന്നത്, ഇരുപത് വര്‍ഷത്തിനുശേഷം ഹ്യുണ്ടായ് സാന്‍ട്രോ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നു എന്നതാണ്. ഇന്ത്യയില്‍ വിജയകരമായ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അവിസ്മരണീയ കാറുകള്‍ സമ്മാനിക്കാന്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന് കഴിഞ്ഞു. നിരത്തുകള്‍ മാത്രമല്ല, ഇന്ത്യക്കാരുടെ ഹൃദയത്തെക്കൂടി സ്പര്‍ശിച്ചവയായിരുന്നു ഈ കാറുകള്‍.

ഹ്യുണ്ടായ് സാന്‍ട്രോ (1998-2014)

1998 ല്‍ ഹ്യുണ്ടായ് സാന്‍ട്രോ എന്ന ചെറു കാര്‍ പുറത്തിറക്കിയാണ് ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ ജൈത്രയാത്ര ആരംഭിച്ചത്. അന്തര്‍ദേശീയ വിപണികളില്‍ ഹ്യുണ്ടായ് ആറ്റോസ് എന്ന പേരിലാണ് സാന്‍ട്രോ വിറ്റിരുന്നത്. ഇന്ത്യന്‍ വിപണിയില്‍ മാരുതി 800 നേക്കാള്‍ അല്‍പ്പം മുകളിലായിരുന്നു ഹ്യുണ്ടായ് സാന്‍ട്രോയുടെ സ്ഥാനം. സവിശേഷമായ ടാള്‍ ബോയ് ഡിസൈന്‍, വിശാലമായ ഇന്റീരിയര്‍ എന്നീ സവിശേഷതകളോടെ വിപണിയിലെത്തിയ സാന്‍ട്രോ ഇന്ത്യക്കാരുടെ മനം കവര്‍ന്നു.

വിപണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ സാന്‍ട്രോ എന്ന ചെറിയ കാറിന് എളുപ്പം സാധിച്ചു. 1998 മുതല്‍ 2014 വരെ വില്‍പ്പനയില്‍ ഇടിവ് സംഭവിക്കാതെ സാന്‍ട്രോ കുതിപ്പ് തുടര്‍ന്നു. ഹ്യുണ്ടായ് സാന്‍ട്രോ ഇപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഈ വര്‍ഷത്തെ ഉത്സവ സീസണ്‍ തുടങ്ങുന്നതിനുമുമ്പ് ഓള്‍-ന്യൂ ഹ്യുണ്ടായ് സാന്‍ട്രോ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായ് ആക്‌സെന്റ് (1999-2011)

സാന്‍ട്രോയെ പിന്തുടര്‍ന്ന് 1999 ലാണ് ഹ്യുണ്ടായ് ആക്‌സെന്റ് വിപണിയിലെത്തിയത്. ഇന്ത്യയിലെ സെഡാന്‍ വിപണിയായിരുന്നു ഉന്നം. എന്നാല്‍ സെഡാനുകള്‍ അക്കാലത്ത് വലിയ ജനപ്രീതി നേടിയിരുന്നില്ല. അതുകൊണ്ടുതന്നെ സാന്‍ട്രോയുമായി താരതമ്യം ചെയ്യുമ്പോള്‍ ആക്‌സെന്റ് വലിയ ഹിറ്റായില്ല. എന്നാല്‍ 2002 ല്‍ ഹ്യുണ്ടായ് ആക്‌സെന്റ് സുപ്രധാന വഴിത്തിരിവിലെത്തി. ഹ്യുണ്ടായ് ആക്‌സെന്റിന് സിആര്‍ഡിഐ എന്‍ജിന്‍ (കോമണ്‍ റെയില്‍ ഡയറക്റ്റ് ഇന്‍ജെക്ഷന്‍) പതിപ്പ് പുറത്തിറക്കിയതോടെയായിരുന്നു ഇത്. ഇന്ത്യയില്‍ ഡീസല്‍ എന്‍ജിനുകള്‍ സംബന്ധിച്ച് അതൊരു വിപ്ലവം തന്നെയായിരുന്നു. സ്മൂത്ത്, താരതമ്യേന റിഫൈന്‍ഡ് എന്നീ വിശേഷണങ്ങള്‍ നല്‍കാവുന്നതായിരുന്നു 1.5 ലിറ്റര്‍ സിആര്‍ഡിഐ മോട്ടോര്‍. ഇന്ത്യയില്‍ പാസഞ്ചര്‍ കാറുകളില്‍ ഇന്ധനമെന്ന നിലയില്‍ ഡീസല്‍ ഉപയോഗിക്കാമെന്ന സാധ്യത അവതരിപ്പിച്ചത് ഹ്യുണ്ടായ് ആക്‌സെന്റ് ആയിരുന്നു.

ഹ്യുണ്ടായ് സൊണാറ്റ (2002-2013)

സൊണാറ്റ എന്ന മോഡല്‍ വഴിയാണ് ഇന്ത്യയിലെ പ്രീമിയം സെഡാന്‍ സെഗ്‌മെന്റില്‍ ഹ്യുണ്ടായ് പ്രവേശിച്ചത്. ഹ്യുണ്ടായ് സൊണാറ്റ ഗോള്‍ഡ് അവതരിപ്പിച്ച് ആഡംബര സെഡാന്‍ സെഗ്‌മെന്റിലേക്ക് പിന്നീട് ഹ്യുണ്ടായ് കയറിവന്നു. ജാഗ്വാര്‍ മോഡലുകള്‍ പോലെ ഡിസൈന്‍ ചെയ്തതിനാല്‍ സൊണാറ്റ ഗോള്‍ഡില്‍ എല്ലാവരുടെയും കണ്ണുടക്കി. അക്കാലത്ത് ഇന്ത്യയില്‍ വിറ്റിരുന്ന ഏറ്റവും ആഡംബര കാറുകളിലൊന്നായിരുന്നു സൊണാറ്റ ഗോള്‍ഡ്.

ഫ്‌ളൂയിഡിക് ഡിസൈന്‍ (2011-)

ഫ്‌ളൂയിഡിക് എന്ന പുതിയ ഡിസൈന്‍ ഫിലോസഫി അവതരിപ്പിച്ചതോടെയാണ് ഹ്യുണ്ടായില്‍ യഥാര്‍ത്ഥ മാറ്റം കണ്ടുതുടങ്ങിയത്. ആഗോളതലത്തില്‍ വലിയ വളര്‍ച്ച നേടാന്‍ പുതിയ ഡിസൈന്‍ ഫിലോസഫി ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയെ സഹായിച്ചു. ഒരു ദക്ഷിണ കൊറിയന്‍ കമ്പനി എന്ന നിലയില്‍നിന്ന് ഗ്ലോബല്‍ ഓട്ടോമോട്ടീവ് പവര്‍ഹൗസ് എന്ന നിലയിലേക്ക് ഹ്യുണ്ടായ് വളരുന്നതില്‍ ഫ്‌ളൂയിഡിക് ഡിസൈന്‍ നിര്‍ണായക പങ്ക് വഹിച്ചു.

Comments

comments

Categories: Auto