പഠന വൈകല്യത്തിനു മേല്‍ കഠിനാധ്വാനത്തിന്റെ വിജയം

പഠന വൈകല്യത്തിനു മേല്‍ കഠിനാധ്വാനത്തിന്റെ വിജയം

പഠന കാലത്ത് സഹപാഠികളുടെ പരിഹാസത്തിനും അധ്യാപകരുടെയും വീട്ടുകാരുടെയും ശിക്ഷക്കും പാത്രമാകുന്ന കുട്ടികള്‍ നേരിടുന്ന ആത്മസംഘര്‍ഷം വളരെ വലിയതാണ്. പഠന കാര്യങ്ങളില്‍ ചില കുട്ടികള്‍ പിന്നോട്ടു പോകാനുള്ള കാരണം പഴയ കാലത്ത് ‘മടി’ എന്ന രണ്ടക്ഷരങ്ങളില്‍ ഒതുങ്ങിയിരുന്നു. എന്നാല്‍ കുട്ടികളുടെ മാനസിക നില വിശദമായി പഠന വിഷയമാക്കിയതോടെ പഠന വൈകല്യങ്ങളുമായി ബന്ധപ്പെട്ട നിരവധി ശാസ്ത്രീയ കാരണങ്ങള്‍ സമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്യപ്പെട്ടു. പഠന വൈകല്യത്തെ കഠിനാധ്വാനം കൊണ്ട് അതിജീവിച്ച് ഐആര്‍എസ് പദവി നേടിയ വി നന്ദകുമാറിന്റെ ജീവിത കഥ ഇത്തരുണത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

ആറാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന ഒരു കുട്ടി എങ്ങനെ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി? സ്‌കൂളില്‍ പഠിക്കുമ്പോള്‍ മണ്ടനെന്ന് വിളിച്ച് സഹപാഠികള്‍ അവനെ ആക്ഷേപിച്ചിരുന്നു. ഡിസ്‌ലെക്‌സിയ എന്ന പഠന വൈകല്യമായിരുന്നു കാരണം. പഠിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍ പഠനം ഉപേക്ഷിച്ച് വര്‍ക്ക്‌ഷോപ്പുകളിലും, റേഡിയോ റിപ്പയറിംഗ് ഷോപ്പുകളിലുമൊക്കെ ജോലി ചെയ്തിരുന്ന വി നന്ദകുമാര്‍ ഇന്ന് വി നന്ദകുമാര്‍ ഐആര്‍എസ് ആണ്.

ഒരു കാലത്ത് ലോട്ടറി വിറ്റ് ഉപജീവനം നത്തിയിരുന്ന വി നന്ദകുമാര്‍ 12 ാം ക്ലാസ് പരീക്ഷയ്ക്ക് നേടിയത് കേവലം 52 ശതമാനം മാര്‍ക്കാണ്. നിരവധി കോളെജുകളില്‍ അഡ്മിഷന് ശ്രമിച്ചെങ്കിലും ആരും കനിഞ്ഞില്ല. ഒടുവില്‍ ഡോ അംബേദ്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ പ്രവേശനം ലഭിച്ചു.

ഇംഗ്ലീഷ് ഭാഷ പഠിക്കുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടായിരുന്നു. പഠിപ്പിക്കുന്നത് പലതും മനസിലാക്കാന്‍ ആവുന്നുണ്ടായിരുന്നില്ല. പക്ഷേ, നന്ദകുമാറിന്റെ കഠിനാധ്വാനത്തിനു മുന്‍പിന്‍ പ്രതിബന്ധങ്ങള്‍ ക്രമേണ വഴിമാറി. ഡിസ്റ്റിന്‍ക്ഷനോട് കൂടിയാണ് ഡിഗ്രി പാസായത്.

പിന്നീട് സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു. 2004 ല്‍ ജോഗ്രഫി ഓപ്ഷണലിന് ഉയര്‍ന്ന മാര്‍ക്കോടെ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായി സിവില്‍ സര്‍വീസില്‍ പ്രവേശിച്ചു. നുങ്കമ്പാക്കത്തെ ഇന്‍കം ടാക്‌സ് ഓഫീസില്‍, അന്വേഷമ വിഭാഗത്തില്‍ അസിസ്റ്റന്റ് ഡയറക്റ്ററാണ് ഇന്നദ്ദേഹം. ഡിസ്‌ലെക്‌സിയ എന്ന പഠന വൈകല്യത്തെ കഠിനാധ്വാനത്തിന്റെ ബലത്തില്‍ മറികടന്ന് ജീവിത വിജയം നേടിയ നന്ദകുമാര്‍ ഇന്ന് തമിഴ്‌നാട്ടിലെമ്പാടുമുള്ള സ്‌കൂളുകളില്‍ സഞ്ചരിച്ച് സ്വന്തം അനുഭവം വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കുകയും അവര്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുന്നു.

1998 ല്‍ ദാസ്യ എന്ന സന്നദ്ധ സംഘടനയ്ക്കു വേണ്ടി ഗവണ്‍മെന്റ് സ്‌കൂളുകളില്‍ മോട്ടിവേഷണല്‍ ക്ലാസുകള്‍ എടുക്കാന്‍ തുടങ്ങിയതാണ് നന്ദകുമാറിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്കും മോട്ടിവേഷണല്‍ ക്ലാസുകള്‍ എടുക്കുമായിരുന്നു. അങ്ങനെ ഇരിക്കെയാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്.

1998 ല്‍ ദാസ്യ എന്ന സന്നദ്ധ സംഘടനയ്ക്കു വേണ്ടി ഗവണ്‍മെന്റ് സ്‌കൂളുകളില്‍ മോട്ടിവേഷണല്‍ ക്ലാസുകള്‍ എടുക്കാന്‍ തുടങ്ങിയതാണ് നന്ദകുമാറിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്കും മോട്ടിവേഷണല്‍ ക്ലാസുകള്‍ എടുക്കുമായിരുന്നു. അങ്ങനെ ഇരിക്കെയാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്.

‘മറ്റു കുട്ടികള്‍ പഠിക്കുന്നതുപോലെ എളുപ്പത്തില്‍ എനിക്ക് പഠിക്കുവാന്‍ സാധിക്കുമായിരുന്നില്ല. അത് കൊണ്ട് തന്നെ മറ്റുള്ളവരുടെ പരിഹാസവാക്കുകള്‍ക്ക് പലപ്പോഴും ഇരയാകേണ്ടി വന്നിട്ടുണ്ട്,’ അദ്ദേഹത്തിന്റെ വാക്കുകളാണ്. ആറാം ക്ലാസില്‍ സ്‌കൂളില്‍ നിന്ന് പുറത്താകേണ്ടി വന്നെങ്കിലും നന്ദകുമാര്‍ പഠനത്തെ കൈവിട്ടില്ല. പ്രൈവറ്റായി പഠിച്ച് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ചായക്കടയില്‍ ജോലി ചെയ്തും, ലോട്ടറി വിറ്റും, കോളെജ് പഠനത്തിനുള്ള പണം കണ്ടെത്തുമ്പോഴും എങ്ങനെയും ജീവിതത്തില്‍ വിജയിക്കണമെന്ന വാശിയായിരുന്നു മനസില്‍. പഠനരംഗത്തെ മികവിനേക്കാള്‍ ഉയര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമകളാകുവാനാണ് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടത് എന്ന പക്ഷക്കാരനാണ് നന്ദകുമാര്‍.

‘ശരാശരി മാര്‍ക്ക് മാത്രമെയുള്ളെങ്കില്‍ പോലും ഏതൊരു വിദ്യാര്‍ത്ഥിക്കും ഉയര്‍ന്ന വിജയങ്ങള്‍ സ്വന്തമാക്കുവാന്‍ സാധിക്കും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ തങ്ങളുടെ മുന്‍പിലുള്ള സാധ്യതകളെ കുറിച്ച് പലപ്പോഴും മനസിലാക്കുന്നില്ല,’ നന്ദകുമാര്‍ പറയുന്നു.

ഡിസ്‌ലെക്‌സിയ പോലും പഠന രംഗത്തെ മികവിന് തടസമല്ല എന്ന സന്ദേശം പകര്‍ന്നു നല്‍കുന്ന നന്ദകുമാറിന്റെ ജീവിതം ഓരോ വിദ്യാര്‍ത്ഥിക്കും പ്രചോദനം പകരുന്നതാണെന്നതില്‍ സംശമില്ല.

(രാജ്യാന്തര മോട്ടിവേഷണല്‍ സ്പീക്കറും, സൈക്കോളജിസ്റ്റും, ഇരുപത്തിയഞ്ചോളം പ്രചോദനാത്മക ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ജോബിന്‍ എസ് കൊട്ടാരം. ഫോണ്‍;9447259402)

Comments

comments

Categories: FK Special, Slider