‘മുതലാളിത്ത ദുഷ്‌കീര്‍ത്തി’ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: അരവിന്ദ്‌ സുബ്രഹ്മണ്യന്‍

‘മുതലാളിത്ത ദുഷ്‌കീര്‍ത്തി’ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: അരവിന്ദ്‌ സുബ്രഹ്മണ്യന്‍

സെസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏക ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്താവുന്നതാണ്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുന്നത് മുതലാളിത്തത്തിനുള്ള ദുഷ്‌കീര്‍ത്തിയാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ്‌ സുബ്രഹ്മണ്യന്‍. സ്വകാര്യ മേഖലയെ വിശ്വസിക്കാന്‍ കഴിയില്ലെന്ന പൊതുധാരണയെയാണ് മുതലാളിത്ത ദുഷ്‌കീര്‍ത്തിയെന്ന് അരവിന്ദ്‌ സുബ്രഹ്മണ്യന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന എണ്ണ വില കൂടാതെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇതാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതിലും ഉയര്‍ന്ന ടെലികോം നികുതി കുറയ്ക്കുന്നതിലും എയര്‍ ഇന്ത്യയുടെ കടം എഴുത്തിത്തള്ളി വില്‍പ്പന സാധ്യമാക്കുന്നതിലുമെല്ലാം കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയാത്തതിന്റെ കാരണം സ്വകാര്യ മേഖലയോടുള്ള ജനങ്ങളുടെ അവിശ്വാസമാണ്. എക്‌സ്പ്രസ് ഗ്രൂപ്പ് സംഘടിപ്പിച്ച ‘ആശയ വിനിമയ പരിപാടി’യില്‍ സംസാരിക്കുകയായിരുന്നു അരവിന്ദ്‌ സുബ്രഹ്മണ്യന്‍.

സ്വകാര്യമേഖലയില്‍ നടപ്പാക്കുന്ന നിരവധി പരിഷ്‌കരണങ്ങള്‍ക്ക് മുതലാളിത്ത ദുഷ്‌കീര്‍ത്തി തടസമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകീകൃത ചരക്ക് സേവന നികുതി (ജിഎസിടി)യുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറച്ചുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജൂലൈ അവസാനത്തോടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തുനിന്നും പുറത്തുപോകാനിരിക്കുകയാണ് അരവിന്ദ്‌  സുബ്രഹ്മണ്യന്‍.

ജിഎസ്ടി നടപ്പിലാക്കിയ രീതിയില്‍ തൃപ്തി പ്രകടിപ്പിച്ച അദ്ദേഹം കഴിയുന്നതിലും വേഗത്തിലും പുതിയ നികുതി സംവിധാനത്തിലെ 28 ശതമാനം നികുതി നിരക്ക് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു. സെസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏക ജിഎസ്ടി നിരക്ക് നിശ്ചയിക്കുന്നതാണ് ഉത്തമം. 18 ശതമാനം, 40ശതമാനം എന്നീ രണ്ട് സ്ലാബുകളാണ് താന്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദമാക്കി. 28 ശതമാനം ജിഎസ്ടിക്കു പുറമേ സെസ് ചുമത്തുന്നത് 40 ശതമാനം നികുതി സ്ലാബിന് സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തികാരോഗ്യം മോശമായിട്ടുള്ള ബാങ്കുകളുടെ മേലുള്ള നിരീക്ഷണം ശക്തമാക്കുന്നതിന് കേന്ദ്ര ബാങ്കിന്റെ തിരുത്തല്‍ നടപടി (പിസിഎ) മികച്ച മാര്‍ഗമാണെന്നും അരവിന്ദ്‌ സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇതേ സമയം നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News