ആവേശം വിതറി റോബോട്ടുകളുടെ ഫുട്‌ബോള്‍ മത്സരം

ആവേശം വിതറി റോബോട്ടുകളുടെ ഫുട്‌ബോള്‍ മത്സരം

ലോകമെങ്ങുമുള്ള യുവാക്കളായ റോബോട്ടിക് ഡിസൈനര്‍മാര്‍ക്ക് അവരുടെ കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിക്കുന്നതിനും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി എല്ലാ വര്‍ഷവും അരങ്ങേറുന്ന ഒരു പരിപാടിയാണ് റോബോ കപ്പ്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള കായികയിനമായ ഫുട്‌ബോളിനെ ഉപയോഗപ്പെടുത്തി സാങ്കേതികവിദ്യയില്‍ പുരോഗതി കൈവരിക്കുകയെന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി റോബോട്ടുകളുടെ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ഈ വര്‍ഷം ജൂണ്‍ 18 മുതല്‍ 22 വരെ കാനഡയിലെ മോണ്‍ട്രിയലിലാണ് റോബോ കപ്പ് അരങ്ങേറിയത്.

ഈ വര്‍ഷം മോണ്‍ട്രിയലില്‍ നടന്ന റോബോ കപ്പില്‍ 35 രാജ്യങ്ങളില്‍നിന്നായി 5,000-ത്താളം റോബോട്ടുകളും 4000-ാളം മനുഷ്യരുമാണു പങ്കെടുത്തത്. റോബോ കപ്പ് വീക്ഷിക്കാനെത്തുന്നവരില്‍ ഭൂരിഭാഗവും കായിക പ്രേമികളെക്കാള്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളും സ്‌കൂള്‍ വിദ്യാര്‍ഥികളുമൊക്കെയാണ്. റോബോട്ടിക്‌സ് ലോകത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഇൗ പരിപാടി വീക്ഷിക്കുന്നതിലൂടെ അറിയാന്‍ സാധിക്കുമെന്നതാണ് ഇവരെ ആകര്‍ഷിക്കാനുള്ള പ്രധാന കാരണം.

2050-ാടെ ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാരുമായി മത്സരിക്കാന്‍ പ്രാപ്തിയുള്ള റോബോട്ടുകളെ വികസിപ്പിച്ചെടുക്കുകയാണ് റോബോ കപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് റോബോ കപ്പിന്റെ സംഘാടകര്‍ പറയുന്നു.1997-ലാണ് റോബോ കപ്പിനു തുടക്കമിട്ടത്. അന്ന് ജപ്പാനിലാണ് ആദ്യ റോബോ കപ്പ് അരങ്ങേറിയത്.

ലോകം ജൂണ്‍ 14 മുതല്‍ ജുലൈ 15 വരെയുള്ള ഒരു മാസം റഷ്യയിലേക്കു കണ്ണുംനട്ടിരിക്കുമ്പോള്‍, കാനഡയിലെ മോണ്‍ട്രിയലില്‍, ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയൊരു കായിക മാമാങ്കം അരങ്ങേറുകയുണ്ടായി. റോബോ കപ്പ് എന്ന കായികയിനമാണു മോണ്‍ട്രിയലില്‍ അരങ്ങേറിയത്. ജൂണ്‍ 18 മുതല്‍ 22 വരെ നാല് ദിവസങ്ങളിലായിരുന്നു റോബോ കപ്പ് നടന്നത്. പുതിയ റോബോട്ടിക് ടെക്‌നോളജി, സ്വയം പ്രവര്‍ത്തിക്കുന്നതും ഇന്റലിജന്റുമായ റോബോട്ടുകള്‍ തുടങ്ങിയവയെ വികസിപ്പിക്കുന്നതിനും, അവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണ് റോബോ കപ്പ്. ഫുട്‌ബോള്‍ മത്സരം മാത്രമല്ല റോബോ കപ്പ്. അതില്‍ റെസ്‌ക്യു, വെര്‍ച്വല്‍ സിമുലേഷന്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങളുമുണ്ട്. എങ്കിലും ഈ പരിപാടി ശ്രദ്ധക്കപ്പെടുന്നത് റോബോട്ടുകള്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ മത്സരം എന്ന നിലയിലാണ്.
ഡീപ് ബ്ലൂ എന്ന കമ്പ്യൂട്ടര്‍ 1997ല്‍ ചെസ് കളിയില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗാരി കാസ്പറോവിനെ പരാജയപ്പെടുത്തിയതു പോലെ മനുഷ്യരുടെ ഫുട്‌ബോള്‍ ടീമിനെ പരാജയപ്പെടുത്താന്‍ കഴിവുള്ളൊരു റോബോട്ടിക് ടീമിനെ വികസിപ്പിച്ചെടുക്കുകയാണ് റോബോ കപ്പിന്റെ സംഘാടകരുടെ ലക്ഷ്യം. 2050-ാടെ ലോകകപ്പ് ഫുട്‌ബോള്‍ കളിക്കാരുമായി മത്സരിക്കാന്‍ പ്രാപ്തിയുള്ള റോബോട്ടുകളെ വികസിപ്പിച്ചെടുക്കുകയാണ് റോബോ കപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് റോബോ കപ്പിന്റെ സംഘാടകര്‍ പറയുന്നു.1997-ലാണ് റോബോ കപ്പിനു തുടക്കമിട്ടത്. അന്ന് ജപ്പാനിലാണ് ആദ്യ റോബോ കപ്പ് അരങ്ങേറിയത്.11 രാജ്യങ്ങളില്‍നിന്നായി 38 ടീമുകള്‍ പങ്കെടുത്തു. 1998-ല്‍ ഫ്രാന്‍സിലും, 1999-ല്‍ സ്വീഡനിലും റോബോ കപ്പ് അരങ്ങേറി. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയയും, അമേരിക്കയും, ഇറ്റലിയും, പോര്‍ച്ചുഗലും, ജര്‍മനിയും, ഓസ്ട്രിയയും, ചൈനയും, തുര്‍ക്കിയും, നെതര്‍ലാന്‍ഡ്‌സും, ബ്രസീലും, മെക്‌സിക്കോയുമൊക്കെ റോബോ കപ്പിനു വേദിയായി. അടുത്ത വര്‍ഷം റോബോ കപ്പ് അരങ്ങേറുന്നത് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലായിരിക്കും.

ഈ വര്‍ഷം മോണ്‍ട്രിയലില്‍ നടന്ന റോബോ കപ്പില്‍ 35 രാജ്യങ്ങളില്‍നിന്നായി 5,000-ത്താളം റോബോട്ടുകളും 4000-ാളം മനുഷ്യരുമാണു പങ്കെടുത്തത്. മനുഷ്യരെന്നു പറയുമ്പോല്‍ അവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളായിരുന്നു. ഇവര്‍ റോബോട്ടിക്‌സില്‍ ഗവേഷണം നടത്തുന്നവരാണ്. റോബോട്ടുകളാവട്ടെ, പല രൂപത്തിലും പല നിറങ്ങളിലുമുള്ളവയായിരുന്നു. ഇവയെ പൊതുവേ സോക്കര്‍ ബോട്ടുകള്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. ചില സോക്കര്‍ ബോട്ടുകള്‍ ചക്രത്തിനു പുറത്ത് കേബിള്‍ ബോക്‌സ് ഘടിപ്പിച്ചു വച്ചിരിക്കുന്നതു പോലെ കാണപ്പെടുന്നവയായിരുന്നു. മറ്റു ചിലത് ടെര്‍മിനേറ്ററിന്റെ രൂപത്തിലുള്ളവയും. റോബോ കപ്പ് വീക്ഷിക്കാനെത്തുന്നവരില്‍ ഭൂരിഭാഗവും കായിക പ്രേമികളെക്കാള്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളും സ്‌കൂള്‍ വിദ്യാര്‍ഥികളുമൊക്കെയാണ്. റോബോട്ടിക്‌സ് ലോകത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഇൗ പരിപാടി വീക്ഷിക്കുന്നതിലൂടെ അറിയാന്‍ സാധിക്കുമെന്നതാണ് ഇവരെ ആകര്‍ഷിക്കാനുള്ള പ്രധാന കാരണം. സാങ്കേതികപുരോഗതി കൈവരിച്ചിരിക്കുന്നൊരു ലോകത്തിലാണു നമ്മള്‍ ജീവിക്കുന്നത്, എന്നതിനുള്ള തെളിവാണ് റോബോ കപ്പ് എന്നു മോണ്‍ട്രിയലിലെ ഉദ്ഘാടന ചടങ്ങില്‍ റോബോ കപ്പ് ഫെഡറേഷന്‍ പ്രസിഡന്റ് ഡാനിയേല്‍ പൊളാനി പറഞ്ഞു. ഹേര്‍ട്ട്‌ഫോഡ്‌ഷെയര്‍ യൂണിവേഴ്‌സിറ്റിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ പ്രഫസര്‍ കൂടിയാണു ഡാനിയേല്‍ പൊളാനി.

റോബോ കപ്പിന്റെ ചരിത്രം

1997-എന്ന വര്‍ഷം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് എന്നീ മേഖലയില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ച വര്‍ഷമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1997- മെയ് മാസമായിരുന്നു ഐബിഎമ്മിന്റെ ഡീപ് ബ്ലൂ എന്ന കമ്പ്യൂട്ടര്‍, ലോക ചെസ് ചാംപ്യന്‍ ഗാരി കാസ്പറോവിനെ പരാജയപ്പെടുത്തിയത്.1997 ജുലൈ നാലിനായിരുന്നു അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ MARS Pathfinder ദൗത്യം വിജയകരമായി ലാന്‍ഡ് ചെയ്തതും, ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ സോജേണര്‍ എന്ന സ്വയം പ്രവര്‍ത്തിക്കുന്ന ഓട്ടോണമസ് റോബോട്ടിക് സംവിധാനം വിന്യസിച്ചതും. അതേ വര്‍ഷം തന്നെയാണ് റോബോട്ടിക് ഫുട്‌ബോള്‍ കളിക്കാര്‍ ഉള്‍പ്പെട്ട ഫുട്‌ബോള്‍ മത്സരത്തിനു തുടക്കമിട്ടതും. റോബോട്ടുകള്‍ ഫുട്‌ബോള്‍ കളിക്കുക എന്ന ആശയം ആദ്യ മുന്നോട്ടുവച്ചതു യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, കാനഡയിലെ പ്രഫസര്‍ അലന്‍ മാക്‌വര്‍ത്താണ്. On Seeing Robots എന്ന 1992-ലെ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഇക്കാര്യത്തെ കുറിച്ചു പരാമര്‍ശിച്ചിരുന്നു. പിന്നീട് ഈ പ്രബന്ധം Computer Vision: System, Theory, and Applications എന്ന പുസ്തകത്തിലും പ്രസിദ്ധീകരിച്ചു.

1992-ല്‍ ടോക്യോയില്‍ ഒരു സംഘം ജാപ്പനീസ് ഗവേഷകര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലുള്ള വലിയ വെല്ലുവിളികളെ കുറിച്ച് ഒരു ശില്‍പശാല സംഘടിപ്പിച്ചിരുന്നു. ഈ ശില്‍പശാല, സയന്‍സ് & ടെക്‌നോളജിയെ പ്രോത്സാഹിപ്പിക്കാന്‍ ഫുട്‌ബോള്‍ എന്ന കായികയിനത്തെ ഉപയോഗപ്പെടുത്താമെന്ന ആശയത്തിലേക്കു നയിക്കുകയും ചെയ്തു. പിന്നീട് ഇതിന്റെ സാങ്കേതിക സാധ്യത, സാമ്പത്തിക സാധ്യത, സാമൂഹിക ആഘാതം എന്നിവയെ കുറിച്ചു നിരവധി ചര്‍ച്ചകളും നടന്നു. അതോടൊപ്പം ചട്ടങ്ങളും, നിയമങ്ങളുമൊക്കെ തയാറാക്കി.

ഇത്തരത്തില്‍ നടന്ന നിരവധി ചര്‍ച്ചകള്‍ക്കും ഗവേഷണങ്ങള്‍ക്കുമൊടുവില്‍ റോബോട്ടിക് സോക്കര്‍ നടപ്പിലാക്കാവുന്നതാണെന്ന നിഗമനത്തിലെത്തി ചേരുകയും ചെയ്തു. 1993-ജൂണില്‍ മിനോറു അസാദ, യാസുഒ കുനിയോഷി, ഹിരോകി കിടാനോ തുടങ്ങിയ ജാപ്പനീസ് ഗവേഷകര്‍ റോബോട്ട് J-League എന്നൊരു റോബോട്ട് മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.(J-League എന്നത് പുതുതായി സ്ഥാപിച്ച ജാപ്പനീസ് പ്രൊഫഷണല്‍ സോക്കര്‍ ലീഗിന്റെ പേരാണ്) ഒരു മാസത്തിനകം ജപ്പാനിനു പുറത്തുനിന്നും വലിയ പ്രതികരണം ഇവരുടെ ഉദ്യമത്തിന് ലഭിച്ചു. ഈ മത്സരം അന്താരാഷ്ട്രതലത്തില്‍ ഒരു സംയുക്ത പ്രൊജക്റ്റായി വ്യാപിപ്പിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു. ഈ പ്രൊജക്റ്റാണു പിന്നീട് റോബോട്ട് വേള്‍ഡ് കപ്പ് എന്നു പുനര്‍നാമകരണം ചെയ്തത്. റോബോട്ട് വേള്‍ഡ് കപ്പ് കാലക്രമേണ റോബോ കപ്പ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സോക്കര്‍ എന്ന കളിയിലൂടെ ശാസ്ത്രജ്ഞര്‍ അവരുടെ ഗവേഷണത്തില്‍ പുരോഗതി കൈവരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Comments

comments

Categories: FK Special, Slider