ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ വിഷം ചേര്‍ക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ച്ച പാടില്ല

ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ വിഷം ചേര്‍ക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ച്ച പാടില്ല

കേരളത്തിലേക്കെത്തുന്ന മീനില്‍ വ്യാപകമായി വിഷം ചേര്‍ക്കുന്നുണ്ടെന്ന് ബോധ്യമായിരിക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിച്ച ജാഗ്രത തുടരണം. ജനങ്ങളുടെ ആരോഗ്യം വെച്ച് കളിക്കുന്ന വ്യാജകച്ചവടക്കാര്‍ക്കെതിരെ ഒരു വിട്ടുവീഴ്ച്ചയും പാടില്ല

കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ സംസ്ഥാനത്തെ വിവിധ ചെക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് മായം കലര്‍ത്തിയ 28,000 കിലോ മീനാണെന്ന് വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിഷം കയറ്റിയ മീന്‍ പിടിച്ചെടുക്കുന്ന വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയതോടെ ജനങ്ങളിലും ആശങ്ക വന്നിട്ടുണ്ട്. ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ മീനാണ് കേരളീയര്‍ക്ക് ഭക്ഷിക്കാനായി ചെക്ക്‌പോസ്റ്റുകള്‍ താണ്ടിയെത്തുന്നത്. തിങ്കളാഴ്ച്ച മാത്രം ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ നിന്ന് പിടിച്ചെടുത്തത് ഫോര്‍മാലിന്‍ കലര്‍ന്ന 9,600 കിലോഗ്രാം മത്സ്യമാണ്.

മാരകമായ അളവിലാണ് മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിരിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി. ജനങ്ങളുടെ ആരോഗ്യത്തിന് യാതൊരുവിലയും കല്‍പ്പിക്കപ്പെടാതെ കച്ചവടത്തിനായി എത്തുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കുന്ന നടപടി സര്‍ക്കാര്‍ വ്യാപകമാക്കേണ്ടതുണ്ട്. ഇതില്‍ യാതൊരു വിട്ടുവീഴ്ച്ചയും പാടില്ല.

ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ മായം കലര്‍ത്തുന്നതിനെ തീര്‍ത്തും ലാഘവത്തോടെ കാണുന്ന സമീപനമാണ് പലര്‍ക്കുമുള്ളത്. ഇത് മാറണം. എവിടെ നിന്നാണ് കേരളത്തിലേക്കെത്തുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതെന്ന് കണ്ടെത്തണം. മീനില്‍ കലര്‍ത്തുന്ന വിഷം കണ്ടെത്താന്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ചെടുത്ത പരിശോധന കിറ്റ് ആണ് ഏറെ ഉപകാരപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.
ഇതിനോടൊപ്പം തന്നെ ഗൗരവത്തിലെടുക്കേണ്ട വാര്‍ത്തായണ് ആന്റിബയോട്ടിക് ചെമ്മീനുകള്‍ കേരളത്തിലേക്ക് വ്യാപകമായി എത്തുന്നുവെന്നതും. ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് വളര്‍ത്തിയ ചെമ്മീനാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മനുഷ്യശരീരത്തിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

രോഗപ്രതിരോധ ശേഷിയെ വരെ കാര്യമായി ബാധിക്കും. ഇത്തരം ചെമ്മീനുകള്‍ യാതൊരു കാരണവശാലും വിദേശത്തേക്ക് കയറ്റി അയക്കാന്‍ സാധിക്കില്ല. പിടി വീഴും. ആ സാഹചര്യത്തിലാണ് കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് ഇവയെത്തുന്നത്. ഒരു തരത്തിലുള്ള ആന്റിബയോട്ടിക്കുകളും മീന്‍ വളര്‍ത്തലില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റിയുടെ ശക്തമായ നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് അതെല്ലാം കാറ്റില്‍ പറത്തി ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ആന്റിബയോട്ടിക് ചെമ്മീനുകളെത്തുന്നത്. അതേസമയം കേരളത്തിലെ മത്സ്യവിപണിയെ ഇത് കാര്യമായി ബാധിച്ചുതുടങ്ങിയിട്ടുമുണ്ട്. ജനങ്ങളില്‍ ഭീതി പടര്‍ന്നതോടെ മത്സ്യവില്‍പ്പന കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. നല്ല മത്സ്യങ്ങളും വാങ്ങാന്‍ ജനങ്ങള്‍ തയാറാകാത്ത സ്ഥിതി വരുമോയെന്നാണ് ആശങ്ക. വ്യാജന്മാര്‍ക്കെതിരെ അതിശക്തമായ നടപടിയെടുക്കുക എന്നത് മാത്രമാണ് ഇതിനുള്ള പരിഹാരം. ഏറെ മുമ്പേ തുടങ്ങേണ്ടതായിരുന്നു ഇത്തരം നടപടികള്‍.

വിപണിയില്‍ നിന്ന് വാങ്ങിയ മീന്‍ നന്നാക്കുമ്പോള്‍ കയ്യില്‍ കിടന്ന സ്വര്‍ണ വള വെള്ളി നിറമായി മാറുന്ന അനുഭവങ്ങളെല്ലാം പലരും പങ്കുവെക്കാന്‍ തുടങ്ങിയിട്ടുണ്ട്. മീന്‍ പെട്ടെന്ന് കേടാകാതിരിക്കാന്‍ ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങളാണ് ഇതിന് കാരണമെന്നാണ് നിഗമനം. തീവ്രമായ പല രോഗങ്ങള്‍ക്കും വരെ ഇത് കാരണമായേക്കാം. ഫോര്‍മാലിന്‍ പോലുള്ള രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന മീനുകളുടെ സവിശേഷതകള്‍ എന്തെല്ലാമായിരിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബോധവല്‍ക്കരണ ശ്രമങ്ങള്‍ സര്‍ക്കാര്‍ കാര്യമായി തന്നെ നടപ്പാക്കേണ്ടതുമുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള ആരോഗ്യ സാമൂഹ്യനീതിവകുപ്പ് ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Comments

comments

Categories: Editorial, Slider