വരുമാനത്തില്‍ വോഡഫോണിനെ പിന്നിലാക്കി ജിയോ

വരുമാനത്തില്‍ വോഡഫോണിനെ പിന്നിലാക്കി ജിയോ

മറ്റു പ്രമുഖ കമ്പനികളുടെയെല്ലാം വരുമാനത്തിലുണ്ടായത് ഇടിവ്

നടപ്പുവര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ വരുമാനത്തില്‍ വോഡഫോണ്‍ ഇന്ത്യയെ റിലയന്‍സ് ജിയോ മറികടന്നതായി ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യന്‍ ടെലികോം വിപണിയില്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ വലിയ കമ്പനിയെന്ന പേരും ജിയോ സ്വന്തമാക്കി. 6,217.64 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞ പാദത്തില്‍ ജിയോ നേടിയത്. മുന്‍ പാദത്തിലെ 5,407.19 കോടി രൂപയുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ച് പാദത്തില്‍ 15 ശതമാനം വളര്‍ച്ചയാണ് വരുമാനത്തില്‍ ഉണ്ടായിട്ടുള്ളത്.

ജനുവരി-മാര്‍ച്ച് പാദത്തില്‍ 4,937.26 കോടി രൂപയുടെ ക്രമീകൃത മൊത്ത വരുമാനമാണ് (എജിആര്‍) വോഡഫോണ്‍ ഇന്ത്യക്ക് നേടാനായത്. ഐഡിയ സെല്ലുലാര്‍ 4,033.39 കോടി രൂപയുടെ വരുമാനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ പാദത്തില്‍ വോഡഫോണ്‍ 5.656.48 കോടി രൂപയുടെയും ഐഡിയ 4,746.13 കോടി രൂപയുടെയും വരുമാനം നേടിയിരുന്നു. വരുമാന വിഹിതത്തില്‍ ഇന്ത്യന്‍ ടെലികോം വിപണിയിലെ ഏറ്റവും വലിയ കമ്പനിയായ ഭാരതി എയര്‍ടെലുമായുള്ള അന്തരം കുറയ്ക്കാനും റിലയന്‍സ് ജിയോയ്ക്ക് സാധിച്ചിട്ടുണ്ട്. 7,087.49 കോടി രൂപയുടെ വരുമാനമാണ് മാര്‍ച്ച് പാദത്തില്‍ എയര്‍ടെല്‍ നേടിയത്. മുന്‍ പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനം ഏകദേശം പത്ത് ശതമാനം ഇടിഞ്ഞിട്ടുണ്ട്.

സേവനം ആരംഭിച്ച് 19 മാസത്തിനുള്ളിലാണ് ഉപഭോക്തൃ വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായ വോഡഫോണിനെ വരുമാനത്തില്‍ പിന്നിലാക്കാന്‍ ജിയോയ്ക്ക് സാധിച്ചത്. സൗജന്യ വോയിസ് കോളുകളും കുറഞ്ഞ നിരക്കിലുള്ള ഡാറ്റ ഓഫറുകളും നല്‍കിയാണ് ജിയോ ഈ നേട്ടം കൈവരിച്ചതെന്നും ശ്രദ്ധേയമാണ്. ജിയോ നല്‍കുന്ന കുറഞ്ഞ ഓഫര്‍ നിരക്കുകള്‍ മറ്റ് ടെലികോം കമ്പനികളെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിലവില്‍ ഏഴ് ലക്ഷം കോടി രൂപയുടെ കടബാധ്യത നേരിടുന്ന ടെലികോം മേഖലയെ സംബന്ധിച്ചിടത്തോളം ജിയോ സൃഷ്ടിച്ചിട്ടുള്ള മത്സരത്തിന്റെ തീവ്രത അധിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.

ഉപഭോക്തൃ വിപണി വിഹിതത്തില്‍ നാലാം സ്ഥാനമാണ് ജിയോയ്ക്കുള്ളത്. നിലവില്‍ കമ്പനിക്ക് 200 മില്യണിലധികം വരിക്കാരാണുള്ളത്. 222 മില്യണ്‍ ഉപയോക്താക്കളാണ് വോഡഫോണിനുള്ളത്. 217 മില്യണ്‍ ഉപയോക്താക്കള്‍ ഐഡിയ സെല്ലുലാറിനുമുണ്ട്. 309 മില്യണ്‍ ഉപയോക്താക്കളുള്ള എയര്‍ടെല്‍ തന്നെയാണ് വിപണിയില്‍ ഒന്നാമന്‍. വോഡഫോണ്‍-ഐഡിയ ലയനം നടക്കുന്നതോടെ 430 മില്യണ്‍ വരിക്കാരുള്ള ഏറ്റവും വലിയ ഇന്ത്യന്‍ ടെലികോം കമ്പനിയായി ലയന സംരംഭം മാറും. 63,000 കോടി രൂപയായിരിക്കും ഈ കമ്പനിയുടെ വാര്‍ഷിക വരുമാനമെന്നാണ് വിലയിരുത്തുന്നത്.

Comments

comments

Categories: Business & Economy
Tags: jio-vodafone