രണ്ടാമത് ഫ്യൂച്ചര്‍ കേരള എജ്യുക്കേഷന്‍ കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍

രണ്ടാമത് ഫ്യൂച്ചര്‍ കേരള എജ്യുക്കേഷന്‍ കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍

കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ മാറിവരുന്ന പ്രവണതകളെ കുറിച്ചും സംസ്ഥാനത്തിന്റെ വികസനത്തിന് വിദ്യാഭ്യാസ മേഖല നല്‍കുന്ന സംഭാവനകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി ഫ്യൂച്ചര്‍കേരള സംഘടിപ്പിക്കുന്ന രണ്ടാമത് എജ്യുക്കേഷന്‍ കോണ്‍ക്ലേവ് നാളെ നടക്കും. കൊച്ചി ക്രൗണ്‍പ്ലാസ ഹോട്ടലില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ നിരവധി വ്യവസായ സംരംഭകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങി വിദ്യാഭ്യാസ, വ്യവസായ മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. കേരള ഗവര്‍ണര്‍ ജസ്റ്റിസ്(റിട്ട) പി. സദാശിവം ചടങ്ങില്‍ മുഖ്യാതിഥിയാകും.

സമ്മേളനത്തിന്റെ ഭാഗമായി ‘കേരള വിദ്യാഭ്യാസവും നാലാം വ്യവസായിക വിപ്ലവവും’ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കും. നാലാം വ്യാവസായിക വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ മുന്നേറ്റം നടത്തുമ്പോള്‍ കേരളത്തിന്റെ സംഭാവനകള്‍ എന്തെല്ലാമായിരിക്കുമെന്ന, ഭാവിതലമുറയ്ക്ക് ഉപയോഗപ്രദമായ രീതിയിലുള്ള ചര്‍ച്ചകളും സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ വിപ്ലവത്തിനെ എങ്ങനെ ഉപയോഗപ്പെടുത്തുമെന്നും എന്തെല്ലാം മാര്‍ഗങ്ങള്‍ അവലംബിക്കുമെന്നും നാലാം വ്യവസായിക വിപ്ലവത്തില്‍ വിദ്യാഭ്യാസത്തിന്റെ പങ്കിനെ കുറിച്ചും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ സംസാരിക്കും. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

ഡോ. ഡേവിഡ് ഓര്‍ട്ടന്‍( എംബിഎ പ്രോഗ്രാം മേധാവി, ഡെര്‍ബി സര്‍വകലാശാല, യുകെ), ഡോ. മാല്‍കോം ട്രോട്ടര്‍( ദ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ബുക്ക് കീപ്പേഴ്‌സ്, യുകെ), വിജു ചാക്കോ( ടാറ്റ കണ്‍സള്‍ട്ടന്‍സി), പ്രവീണ്‍ പരമേശ്വര്‍( സിഇഒ, തോട്ട്‌സ് അക്കാദമി), ടി.പി സേതുമാധവന്‍( യുഎല്‍ എജ്യുക്കേഷന്‍, യുഎല്‍ സൈബര്‍പാര്‍ക്ക്, കോഴിക്കോട്), അര്‍ജുന്‍ ഹരി( സിഇഒ, വുഡിഡാറ്റടെക് പ്രൈവറ്റ് ലിമിറ്റഡ്), പ്രൊഫ. അബ്രഹാം കോശി( ഐഐഎം, അഹമ്മദാബാദ്), പ്രൊഫ. കുഞ്ചറിയ പി ഐസക്( മുന്‍ വൈസ് ചാന്‍സിലര്‍, എപിജെ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, കേരള), പ്രൊഫ. കെ എസ് രാധാകൃഷ്ണന്‍( മുന്‍ വൈസ് ചാന്‍സിലര്‍, ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി, കാലടി), ഡോ. സജി ഗോപിനാഥ്( സിഇഒ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍), ഡോ. സുരേഷ് ദാസ്( എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്), പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി( ഡയറക്ടര്‍, ഐഐഎം, കോഴിക്കോട്), ഡോ. മുഹമ്മദ് മജീദ്( സമി ലാബ്‌സ് സ്ഥാപകന്‍) തുടങ്ങി വൈസ് ചാന്‍സിലര്‍മാരും വിദ്യാഭ്യാസ, വ്യാവസായിക മേഖലകളിലെ പ്രമുഖരും സമ്മേളനത്തില്‍ സംസാരിക്കും.

ചടങ്ങില്‍ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ണായക സംഭവന നല്‍കിയ വ്യക്തികളെയും സംരംഭകരെയും ആദരിക്കും.

 

 

 

 

Comments

comments

Categories: Education, FK News, Slider