ഫിഫ ലോകകപ്പ് : സ്‌പെഷല്‍ എഡിഷന്‍ കാറുകള്‍

ഫിഫ ലോകകപ്പ് : സ്‌പെഷല്‍ എഡിഷന്‍ കാറുകള്‍

ഫുട്‌ബോള്‍ ആരാധകര്‍ കണ്ടുമുട്ടുന്ന ഇടങ്ങളിലെല്ലാം ലോകകപ്പ് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന സമയമാണിത്

ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ലോകകപ്പ് ആവേശത്തിലാണ്. റഷ്യ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാകാറായി. ഫുട്‌ബോള്‍ ആരാധകര്‍ കണ്ടുമുട്ടുന്ന ഇടങ്ങളിലെല്ലാം ലോകകപ്പ് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന സമയമാണിത്. എന്നാല്‍ ഫുട്‌ബോള്‍ വിഷയമാക്കി ലോകത്ത് എവിടെയെല്ലാം, എപ്പോഴെല്ലാം സ്‌പെഷല്‍ എഡിഷന്‍ കാറുകള്‍ പുറത്തിറങ്ങിയിട്ടുണ്ട് എന്ന് അന്വേഷിക്കുകയാണ് ഈയവസരത്തില്‍ ഓട്ടോമൊബീല്‍ ജേര്‍ണലിസ്റ്റുകള്‍. ഫുട്‌ബോള്‍ തീമില്‍ പുറത്തിറങ്ങിയ ചില സ്‌പെഷല്‍ എഡിഷന്‍ കാറുകള്‍ പരിചയപ്പെടാം.

പോളോ, അമിയോ, വെന്റോ ‘സ്‌പോര്‍ട്’ വേരിയന്റ്

ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഈയിടെയാണ് പോളോ, അമിയോ, വെന്റോ കാറുകളുടെ ‘സ്‌പോര്‍ട്’ വേരിയന്റ് അവതരിപ്പിച്ചത്. റഷ്യ ലോകകപ്പുമായി ബന്ധപ്പെട്ടാണ് സ്‌പെഷല്‍ എഡിഷനുകള്‍ അവതരിപ്പിച്ചതെന്ന് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ വാര്‍ത്താക്കുറിപ്പിന്റെ കൂടെ അയച്ച ഔദ്യോഗിക ചിത്രത്തില്‍ കാണുന്നത് അങ്ങനെയല്ല. സ്റ്റേഡിയത്തിലെ പുല്‍മൈതാനത്ത് പന്തുതട്ടാനൊരുങ്ങുന്ന സ്‌പോര്‍ട് വേരിയന്റുകളെയാണ് കാണുന്നത്. സ്‌പെഷല്‍ എഡിഷന്‍ കാറുകളുടെ കാര്യത്തില്‍ മെക്കാനിക്കല്‍ മാറ്റങ്ങളില്ല. ഭംഗി അല്‍പ്പം വര്‍ധിപ്പിച്ചെന്ന് മാത്രം. ഗ്ലോസി ബ്ലാക്ക് നിറത്തില്‍ റാപ്പ്ഡ് റൂഫ്, പുറം കണ്ണാടികള്‍, സൈഡ് സ്‌ട്രൈപ്പ് എന്നിവ നല്‍കിയത് സ്‌പോര്‍ട് വേരിയന്റുകളുടെ ആകര്‍ഷകത്വം വര്‍ധിപ്പിച്ചു. ഫോക്‌സ്‌വാഗണ്‍ പോളോ, അമിയോ, വെന്റോ കാറുകളുടെ ‘സ്‌പോര്‍ട്’ വേരിയന്റ് റഷ്യ ലോകകപ്പുമായി ബന്ധപ്പെട്ടാണോ അല്ലയോ എന്ന് വ്യക്തമല്ലെങ്കിലും നമുക്ക് അങ്ങനെയാണ് തോന്നുന്നത്.

ഷെവര്‍ലെ ബീറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഡിഷന്‍

ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച സ്‌പെഷല്‍ എഡിഷനുകളിലൊന്ന് ഒരുപക്ഷേ ഷെവര്‍ലെ ബീറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഡിഷന്‍ ആയിരിക്കും. 2014 ജൂലൈയിലാണ് ബീറ്റ് എന്ന സൂപ്പര്‍മിനിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ബന്ധപ്പെട്ട ഡീകാളുകള്‍ നല്‍കിയത്. ഏഴ് വര്‍ഷക്കാലം പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടീമിന്റെ ടി-ഷര്‍ട്ട് സ്‌പോണ്‍സര്‍ഷിപ്പ് ഷെവര്‍ലെയാണ് നേടിയിരുന്നത്. ഇത് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഷെവര്‍ലെ ബീറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഡിഷന്‍ പുറത്തിറക്കിയത്.

ഹ്യുണ്ടായ് ഐ10, ഐ20, ഐ30 ഗോ! എഡിഷന്‍

2016 ലാണ് ഹ്യുണ്ടായ് ഐ10, ഐ20, ഐ30 കാറുകളുടെ ഗോ! എഡിഷന്‍ ഹ്യുണ്ടായ് അവതരിപ്പിച്ചത്. ഫ്രാന്‍സില്‍ നടന്ന യൂറോ കപ്പിനോടനുബന്ധിച്ചായിരുന്നു ഗോ! എഡിഷന്‍ ലോഞ്ച്. ഫ്രാന്‍സിന്റെ ദേശീയ പതാകയുമായി ബന്ധപ്പെടുത്തി കാറുകളുടെ ഇന്റീരിയറില്‍ റെഡ്, ബ്ലൂ, വൈറ്റ് ആക്‌സന്റുകള്‍ നല്‍കി. ഈ വര്‍ഷം മറ്റൊരു ഹ്യുണ്ടായ് ഗോ! എഡിഷന്‍ യൂറോപ്പില്‍ അവതരിപ്പിച്ചു. ബ്ലൂ ഷേഡില്‍ പുറത്തിറക്കിയ ഓള്‍-ന്യൂ കാറുകളില്‍ അലോയ് വീലുകള്‍, റിയര്‍ വ്യൂ കാമറകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവയാണ് നല്‍കിയത്. ഗോ എന്ന പേരിട്ടത് എന്തായാലും ഡാറ്റ്‌സണ് ഇഷ്ടപ്പെട്ടുകാണില്ല.

യുഎഇസഡ് പാട്രിയോട്ട് സ്‌പെഷല്‍ എഡിഷന്‍

റഷ്യന്‍ വാഹന നിര്‍മ്മാതാക്കളായ യുഎഇസഡ് സ്വന്തം നാട്ടിലെ ലോകകപ്പ് പ്രമാണിച്ച് പാട്രിയോട്ട് എസ്‌യുവിയുടെ സ്‌പെഷല്‍ എഡിഷനാണ് പുറത്തിറക്കിയത്. പ്രത്യേക നീല നിറത്തില്‍ പുറത്തിറക്കിയ വാഹനത്തിന്റെ വശങ്ങളില്‍ ഗോള്‍ഡന്‍ സ്‌ട്രൈപ്പ് കാണാം. ഹീറ്റഡ് ഫ്രണ്ട് സീറ്റുകളും സ്റ്റിയറിംഗ് വീലും ‘പൊളൈറ്റ് ലൈറ്റ് ഫംഗ്ഷന്‍’, ലെതര്‍ ഇന്റീരിയര്‍, ബ്രാന്‍ഡഡ് ഫുട്‌ബോള്‍ ചിഹ്നം, ഫുട്‌ബോള്‍ തീമില്‍ 16 ഇഞ്ച് അലോയ് വീലുകള്‍, വീല്‍ ക്യാപ്പുകള്‍ എന്നിവയാണ് ഫീച്ചറുകള്‍. റഷ്യ, ബെലാറുസ്, കസാഖ്സ്ഥാന്‍, ഉക്രൈന്‍ രാജ്യങ്ങളുടെ മാപ്പുകളോടെ നാവിഗേഷന്‍ സിസ്റ്റം സഹിതം 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ നല്‍കുകയും ചെയ്തു.

ഫിയറ്റ് പാണ്ട ഇറ്റാലിയ 90!

1990 ഫിഫ ലോകകപ്പിന് ഇറ്റലിയാണ് ആതിഥേയത്വം വഹിച്ചത്. ടൂര്‍ണ്ണമെന്റിന്റെ ഒരു സ്‌പോണ്‍സര്‍ ഫിയറ്റ് ആയിരുന്നു. പാണ്ട ഇറ്റാലിയ 90! പുറത്തിറക്കിയാണ് സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് ഫിയറ്റ് ആഘോഷിച്ചത്. വൈറ്റ് പെയിന്റ് ജോബില്‍ പുറത്തുവന്ന കാറിന്റെ വശങ്ങളിലും മുന്നിലും പിന്നിലും ഇറ്റാലിയന്‍ ദേശീയ പതാകയിലെ നിറങ്ങള്‍ സ്‌ട്രൈപ്പുകളായി നല്‍കി. ബോണറ്റില്‍ ഇറ്റാലിയ 90 എന്ന ഡീകാള്‍ ശ്രദ്ധിക്കപ്പെട്ടു. ഇറ്റലി ലോകകപ്പിന്റെ ഭാഗ്യമുദ്രയായ ‘ചിയാവോ’ നല്‍കിയതാണ് ഇറ്റാലിയന്‍ നിരത്തുകളില്‍ ഓടിയിരുന്ന സ്റ്റാന്‍ഡേഡ് പാണ്ടകളില്‍നിന്ന് സ്‌പെഷല്‍ എഡിഷന്‍ കാറിനെ മനസ്സിലാക്കുന്നതില്‍ സഹായിച്ചത്. കാറിന്റെ ഇന്റീരിയര്‍ ഇളംനീല മയമായിരുന്നു. ഓരോ സീറ്റിലും ചിയാവോ എന്ന ഭാഗ്യമുദ്ര സ്ഥാനം പിടിച്ചു. ഫുട്‌ബോള്‍ എന്നു തോന്നിപ്പിക്കുന്ന വീല്‍ക്യാപ്പുകളായിരുന്നു കാറിന്റെ പ്രധാന സവിശേഷത. 0.76 ലിറ്റര്‍ എന്‍ജിന്‍ 34 ബിഎച്ച്പി പരമാവധി പവര്‍ ഉല്‍പ്പാദിപ്പിച്ചു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 22 സെക്കന്‍ഡ് മതിയായിരുന്നു. ക്ലാസിക് കാറുകള്‍ ശേഖരിക്കുന്നവരുടെ നോട്ടപ്പുള്ളിയാണ് ഇപ്പോള്‍ ഫിയറ്റ് പാണ്ട ഇറ്റാലിയ 90!

Comments

comments

Categories: Auto