2019 സാമ്പത്തിക വര്‍ഷം സിമന്റ് വ്യവസായം 6% വളരുമെന്ന് ഐക്ര

2019 സാമ്പത്തിക വര്‍ഷം സിമന്റ് വ്യവസായം 6% വളരുമെന്ന് ഐക്ര

താങ്ങാവുന്ന നിരക്കിലുള്ള ഭവന നിര്‍മാണവും അടിസ്ഥാന സൗകര്യ വികസനവും കരുത്താകും

കൊല്‍ക്കത്ത: 2018 -19 സാമ്പത്തിക വര്‍ഷം രാജ്യത്തെ സിമന്റ് വ്യവസായം ആറ് ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഐക്ര. വൈദ്യുതി, ഇന്ധനം, ചരക്കു ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട ചെലവ് വരും പാദങ്ങളിലും പ്രവര്‍ത്തന ലാഭസാധ്യതയില്‍ സമ്മര്‍ദം സൃഷ്ടിക്കുമെങ്കിലും വളര്‍ച്ചാ ഗതി സുസ്ഥിരമായിരിക്കുമെന്നും ഐക്ര വ്യക്തമാക്കുന്നു.

2017-18 സാമ്പത്തിക വര്‍ഷത്തില്‍, ആഭ്യന്തര സിമന്റ് ഉല്‍പ്പാദനം 6.3 ശതമാനം എന്ന ഉയര്‍ന്ന നിരക്കിലായിരുന്നു. 298 ദശലക്ഷം ടണ്‍ ആണ് ഇക്കാലയളവില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടത്. 2016-17 സാമ്പത്തിക വര്‍ഷം 280 ദശലക്ഷം ടണ്‍ ആയിരുന്നു രാജ്യത്തെ സിമന്റ് ഉല്‍പ്പാദനം. 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് വളര്‍ച്ച ദൃശ്യമായതെന്നും പ്രധാന വിപണികളിലെ മെച്ചപ്പെട്ട ആവശ്യകതയാണ് ഇതിലേക്ക് നയിച്ചതെന്നും ഏജന്‍സി വ്യക്തമാക്കി. ”താങ്ങാവുന്ന നിരക്കിലുള്ള ഭവന രംഗത്തും, ഗ്രാമീണ ഭവന മേഖലയിലേയും പശ്ചാത്തല സൗകര്യ രംഗത്തെയും ഉണര്‍വാണ് 2019 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുകയെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് റോഡ്, ജലസേചന പദ്ധതികളിലെ പുരോഗതി,” ഐക്ര ലിമിറ്റഡിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് സബ്യസാചി മജുംദാര്‍ പറഞ്ഞു.

മുന്‍ വര്‍ഷത്തെ സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2018 ഏപ്രില്‍ മാസത്തിലെ ഉല്‍പ്പാദനത്തില്‍ 18.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഗ്രാമീണ മേഖലയില്‍ ഭവന വായ്പ നല്‍കുന്നത് ഉയര്‍ന്നതും കാര്‍ഷിക രംഗത്തെ കുറഞ്ഞ താങ്ങുവിലയിലെ വര്‍ധനയും ഗ്രാമീണ, കാര്‍ഷിക, കാര്‍ഷിക അനുബന്ധ മേഖലകളിലേക്കുള്ള ബജറ്റ് നീക്കിയിരുപ്പിലെ വര്‍ധന, പ്രധാനമന്ത്രി ആവാസ് യോജനക്കും അടിസ്ഥാനസൗകര്യ രംഗത്തെ നിക്ഷേപത്തിനും നല്‍കുന്ന വര്‍ധിച്ച ശ്രദ്ധ എന്നിവയെയാണ് 2018-19 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബജറ്റും പിന്തുണച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ”ഗ്രാമീണ മേഖലയിലെ സിമന്റ് ആവശ്യകതയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. മണ്‍സൂണ്‍ സാധാരണ നിലയിലായിരുന്നതിന്റെ ഫലമായി ഗ്രാമീണ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടത് മേഖലയില്‍ ആവശ്യകത വര്‍ധിക്കുന്നതിന് കാരണമായി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017-18 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ സിമന്റ് ഉല്‍പ്പാദനം ആരോഗ്യകരമായിരുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുന്‍ വര്‍ഷത്തെ സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2018 ഏപ്രില്‍ മാസത്തിലെ ഉല്‍പ്പാദനത്തില്‍ 18.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2017 ഡിസംബര്‍ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 26- 27 ദശലക്ഷം ടണ്‍ എന്ന നിരക്കിലായിരുന്നു ഉല്‍പ്പാദനം. 2018 മാര്‍ച്ചില്‍ ഇത് 28.5 ദശലക്ഷം ടണ്ണിലേക്ക് വര്‍ധിച്ചു. 2018 ഏപ്രിലിലും ഉല്‍പ്പാദനം 27.3 ദശലക്ഷം ടണ്‍ എന്ന ആരോഗ്യകരമായ നിരക്കില്‍ തുടര്‍ന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, കിഴക്കന്‍ സംസ്ഥാനങ്ങള്‍, പശ്ചിമേന്ത്യന്‍ വിപണികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആവശ്യകത വര്‍ധിച്ചതാണ് ഇതിന് സഹായകരമായത്.

Comments

comments

Categories: Business & Economy