എയര്‍ ഇന്ത്യ വരുമാന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യും

എയര്‍ ഇന്ത്യ വരുമാന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യും

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം കുറഞ്ഞെന്നും വിലയിരുത്തല്‍

ന്യൂഡെല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധിച്ചുവെന്ന് വിലയിരുത്തല്‍. അതേസമയം ഇന്ധന ചെലവുകള്‍ ഉയര്‍ന്നതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം തൊട്ടുമുന്‍ വര്‍ഷത്തേക്കാള്‍ കുറവായിരിക്കും റിപ്പോര്‍ട്ട് ചെയ്യുകയെന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന ലാഭം മൂന്ന് മടങ്ങ് ഇരട്ടിച്ച് 298 കോടി രൂപയിലെത്തിയിരുന്നു.

വിവിധ ആസ്തികളുടെ പാട്ടത്തിലൂടെയും വാടകയിലൂടെയും ലഭിക്കുന്ന വരുമാനം ഉയര്‍ന്നതും എയര്‍ക്രാഫ്റ്റുകളുടെ ഉപയോഗം കൂടുതല്‍ കാര്യക്ഷമമാക്കിയതും മൂലം കമ്പനിയുടെ മൊത്തം നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുറഞ്ഞിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ പ്രതീക്ഷിത അറ്റ നഷ്ടം 3579 കോടി രൂപയാണ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 5765 കോടി രൂപയുടെ നഷ്ടം നേരിട്ട സ്ഥാനത്താണിത്.
2016-17 കാലയളവില്‍ എയര്‍ലൈന്റെ ഇന്ധന ചെലവ് 6,338 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 10 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇന്‍ഡിഗോ,സ്‌പൈസ്‌ജെറ്റ് എന്നിവയുടെ ജെറ്റ് ഇന്ധന ചെലവിടലും യഥാക്രമം 22 ശതമാനം,15 ശതമാനം എന്നിങ്ങനെ വര്‍ധിച്ചിരുന്നു. ഉയരുന്ന ഇന്ധന ബില്ലിനെ നേരിടാന്‍ എയര്‍ഇന്ത്യ ഉള്‍പ്പടെയുള്ള എയര്‍ലൈനുകള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില30 ശതമാനമാണ് ഉയര്‍ന്നത്.

മികച്ച എയര്‍ക്രാഫ്റ്റ് ഉപയോഗം, കൂടുതല്‍ സേവന മണിക്കൂറുകള്‍, പാട്ട ഇടപാടുകള്‍, കുടിശിക തീര്‍പ്പാക്കല്‍ എന്നിവയിലൂടെയെല്ലാം സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് എയര്‍ ഇന്ത്യ.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ 16.4 മില്യണ്‍ ആഭ്യന്തര യാത്രക്കാരാണ് എയര്‍ ഇന്ത്യയുടെ സേവനം ഉപയോഗപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ 14.8 മില്യണ്‍ യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏകദേശം 11 ശതമാനം ഉയര്‍ച്ചയാണ്.

Comments

comments

Categories: Business & Economy