മഴക്കാല പനികളെ പേടിക്കണോ വേണ്ടയോ?

മഴക്കാല പനികളെ പേടിക്കണോ വേണ്ടയോ?

മഴക്കാലം തുടങ്ങുന്നത് തന്നെ പനിപ്പേടിയുമായിട്ടാണ്. ചെറിയ ജലദോഷപ്പനിപോലും പലപ്പോഴും ആശങ്കയാണുളവാക്കുന്നത്. കാരണം പനികളില്‍ ചിലത് ഗുരുതരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. ഓരോ പനിക്കാലവും കടന്നു പോകുന്നത് നിരവധി ജീവനുകളപഹരിച്ച് കൊണ്ടാണ്. പനി വരുമ്പോള്‍ തന്നെ അതിനു പിറകെ നിരവധി സംശയങ്ങളുമുണ്ടാകുന്നു. ഏത് പനിയാണ്? ഗുരുതരമാണോ? ചികിത്സ എന്തെല്ലാം ഇങ്ങനെ നീളുന്നു സംശയങ്ങള്‍. ഇതിനെല്ലാമുള്ള ഉത്തരത്തിലേക്ക് നമുക്ക് കടക്കാം.

മഴക്കാലത്ത് കാണപ്പെടുന്ന 90 ശതമാനം പനികളും സാധാരണ വൈറല്‍ പനികളായിരിക്കും. മൂന്ന് അല്ലെങ്കില്‍ അഞ്ച് ദിവസം മാത്രം നീണ്ടു നില്‍ക്കുന്നവയാണ് അവ. മഴക്കാലത്തെ വൈറല്‍ പനിയെ പേടി കൂടാതെ തന്നെ മലയാളി അംഗീകരിച്ച് കഴിഞ്ഞതാണ്. എന്നാല്‍ ഈ അടുത്തായി പനിയുടെ സ്വഭാവം മാറി ഡെങ്കി വൈറസ്, എച്ച് വണ്‍ എന്‍ വണ്‍, ചിക്കുന്‍ ഗുനിയ, എലിപ്പനി, ജപ്പാന്‍ ജ്വരം, തുടങ്ങി ഈ അടുത്തകാലത്ത് ആളുകളെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തിയ നിപ വരെ പല രൂപത്തിലൂള്ള പനികളായി എത്തി ആളുകളുടെ ജീവനു ഭീഷണിയായി.

വൈറല്‍ പനികളുടെ പൊതുവായ സ്വഭാവം ശക്തമായ പനി, തലവേദന, കണ്ണിനു പിറകില്‍ വേദന, ശരീര വേദന എന്നിങ്ങനെയാണ്. ഇനി ഡങ്കി ആണെങ്കില്‍ കണ്ണുകള്‍ക്കും ശരീരത്തിനു സാധാരണയില്‍ കവിഞ്ഞ ചുവപ്പ് നിറം, ശരീരത്തില്‍ ചുവന്ന നിറത്തിലുള്ള കുത്തുകള്‍ എന്നിവയാണ്. ചിക്കന്‍ ഗുനിയ ആണെങ്കില്‍ കടുത്ത സന്ധിവേദനയും അസ്ഥി വേദനയും അനുഭവപ്പെടും. എച്ച് വണ്‍ എന്‍ വണ്‍ ആണെങ്കില്‍ സാധാരണയില്‍ കവിഞ്ഞ കടുത്ത പനിയും തലവേദനയും കണ്ടു തുടങ്ങും. ഒപ്പം ജലദോഷവും. സാധാരണ മരുന്നുകള്‍ കൊണ്ട് പനി മാറുന്നില്ലെങ്കില്‍ തൊണ്ടയിലെ ശ്രവം എടുത്ത് പരിശോധന നടത്തേണ്ടതാണ്.

ജപ്പാന്‍ ജ്വരം ഒരു മസ്തിഷ്‌ക ജ്വര ബാധയായിട്ടാണ് കാണപ്പെടുന്നത്. കഠിനമായ പനി, നിര്‍ത്താതെയുള്ള ഛര്‍ദ്ദി, പൊള്ളുന്ന തലവേദന എന്നിവയില്‍ തുടങ്ങി രോഗിയുടെ ബോധമണ്ഡലത്തിലേക്ക് തന്നെ ആക്രമണം നടത്തുമ്പോഴാണ് ഇത് ഗുരുതരമാവുന്നത്. നിപ പനിയും സാധാരണ വൈറല്‍ രോഗലക്ഷണങ്ങളോടെ തുടങ്ങി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന പനിയാണ്.

മനുഷ്യരും രോഗാണുക്കളും പരിസ്ഥിതിയും കൃത്യമായ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തിപ്പോരുന്നുണ്ട്. അതില്‍ മാറ്റം വരുമ്പോഴാണ് രോഗത്തിന്റെ കടന്നു വരവ്. നമ്മുടെ പ്രതിരോധം സുശക്തവും പരിസ്ഥിതി രോഗാണുക്കള്‍ക്ക് പ്രതികൂലവുമാണെങ്കില്‍ രോഗാണുക്കള്‍ നമ്മെ ആക്രമിക്കില്ല. എന്നാല്‍ മഴക്കാലം രോഗാണുക്കള്‍ക്ക് അനുകൂലമായ കാലാവസ്ഥയാണ്. പ്രതിരോധം ദുര്‍ഭലപ്പെടുമ്പോള്‍ രോഗാണു മനുഷ്യനെ കീഴ്‌പ്പെടുത്തുന്നു.

വായു, വെള്ളം, ഈച്ച, കൊതുക് എന്നിവ വഴിയാണ് ശരീരത്തില്‍ രോഗാണുക്കള്‍ പ്രവേശിക്കുന്നത്. ലെപ്‌റ്റോസ്‌പൈറ എന്ന രോഗാണുവാണ് എലിപ്പനിയുടെ കാരണം. എലി മൂത്രത്തില്‍ നിന്നുമാണ് ഈ രോഗാണു പുറത്തു വരുന്നത്. അത് ചെറിയ മുറിവില്‍ കൂടിയും ശരീരത്തിലേക്ക് കടക്കുന്നു. ശക്തിയായ പനിയും ഛര്‍ദ്ദിയുമാണ് ഇതിന്റെ രോഗ ലക്ഷണം. അസുഖം ഗുരുതരമാവുമ്പോള്‍ കരളിനെയും തലച്ചോറിനെയും നേരിട്ട് ബാധിക്കുന്നു. ഡങ്കിപ്പനി രക്തത്തിലെ പ്ലാറ്റ്‌ലെറ്റുകളെയാണ് ബാധിക്കുന്നത്. ജീവന്‍രക്ഷ ഔഷധങ്ങള്‍ നല്‍കുന്നതാണ് സാധാരണ അവലംബിക്കാറുള്ള ചികിത്സാക്രമം. ചിക്കുന്‍ഗുനിയയ്ക്ക് തികഞ്ഞ ശമനൗഷധം ലഭ്യമല്ല. ഏത് പനിയും തുടത്തത്തില്‍ തിരിച്ചറിയുകയാണെങ്കില്‍ ആന്റിബയോട്ടിക്‌സ് വളരെ ഗുണകരമാണ്. ജപ്പാന്‍ ജ്വരം, നിപ എന്നിയ്ക്ക് ഇതുവരെയും മരുന്ന് കണ്ടെത്തിയിട്ടില്ല. ജപ്പാന്‍ ജ്വരം വരാതിരിക്കാനുള്ള വാക്‌സിന്‍ ലഭ്യമാണ്.

വൈദ്യശാസ്ത്രം പനിയെ വിലയിരുത്തുന്നത് രോഗാണിക്കളുടെ ആക്രമണത്തെ ചെറുക്കാന്‍ ശരീരം തയ്യാറെടുക്കുന്നതിന്റെ ലക്ഷണമായിട്ടാണ്. പനി 100 ഡിഗ്രി സെല്‍ഷ്യസ് വരെ നമുക്ക് കാത്തിരിക്കാം. 100 ഡിഗ്രിയ്ക്ക് മുകളിലേക്ക് പോകുമ്പോള്‍ നിശ്ചയമായും മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങണം. ശരീരത്തിന്റെ പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനം മതിയാവുന്നില്ല എന്നതിന്റെ ലക്ഷണമാണിത്.

 

ഡോ. മുഹമ്മദ് അഫ്രോസ്.
എംബിബിഎസ്, എംഡി, ഫെല്ലോ ഇന്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍
കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍.
മേയ്ത്ര ഹോസ്പിറ്റല്‍.

 

 

 

 

 

 

Comments

comments

Categories: FK News, Health, Slider
Tags: fever