സ്വാന്‍ സീ ഊര്‍ജ്ജ പദ്ധതി യുകെ ഉപേക്ഷിച്ചു

സ്വാന്‍ സീ ഊര്‍ജ്ജ പദ്ധതി യുകെ ഉപേക്ഷിച്ചു

ലണ്ടന്‍: വെയ്ല്‍സിന്റെ തെക്കന്‍ തീരത്തുള്ള സ്വാന്‍ സീ ഉള്‍ക്കടലില്‍ (Swansea Bay), 1.3 ബില്യന്‍ പൗണ്ട് ചെലവഴിച്ചു ചിറ (lagoon) നിര്‍മിക്കാനുള്ള പദ്ധതിക്കു സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. വൈദ്യുതി ഉത്പാദിപ്പിക്കുന്ന ടര്‍ബൈനുകള്‍ ഘടിപ്പിച്ചു കൊണ്ട്, യു ആകൃതിയില്‍ കടല്‍ഭിത്തി നിര്‍മിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഉള്‍ക്കടലില്‍ ടര്‍ബൈന്‍ സ്ഥാപിക്കുന്നതിനാല്‍ സമുദ്രത്തിന്റെ ഒഴുക്ക് ( വേലിയേറ്റം, വേലിയിറക്കം എന്നിവ) ഉപയോഗപ്പെടുത്തി ക്ലീന്‍ എനര്‍ജി ഉത്പാദിപ്പിക്കാനായിരുന്നു തീരുമാനം. ചുരുങ്ങിയത്, 1,55,000 വീടുകളിലേക്കു ഈ പദ്ധതിയിലൂടെ ഊര്‍ജ്ജം വിതരണം ചെയ്യാനാകുമെന്നും പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ ചെലവഴിക്കുന്ന പണത്തിനൊത്ത മൂല്യം പ്രദാനം ചെയ്യുന്നതല്ല പദ്ധതിയെന്നു ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പറഞ്ഞു. ഈയൊരു കാരണം കൊണ്ടാണു പദ്ധതി ഉപേക്ഷിച്ചത്. കാറ്റാടി ഫാം, ആണവോര്‍ജ്ജം തുടങ്ങിയ ബദലുകളേക്കാള്‍ ചെലവേറിയതാണ് ഈ പദ്ധതിയെന്നും ക്ലാര്‍ക്ക് പറഞ്ഞു. എന്നാല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള ക്ലാര്‍ക്കിന്റെ തീരുമാനത്തിനെതിരേ പ്രതികരണവുമായി ഹരിത സംഘടനകളും, പുനരുപയോഗ ഊര്‍ജ്ജ വ്യവസായ മേഖലയിലെ പ്രമുഖരും രംഗത്തുവന്നു. ക്ലാര്‍ക്കിനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

വെയ്ല്‍സ് സര്‍ക്കാരിന് ഏറെ താത്പര്യമുള്ള പദ്ധതിയായിരുന്നു ഇത്. പദ്ധതിക്കു വേണ്ടി 200 മില്യന്‍ പൗണ്ട് നിക്ഷേപിക്കാനും വെയ്ല്‍സ് സന്നദ്ധത അറിയിച്ചിരുന്നു.

Comments

comments

Categories: FK Special, Slider