കീടനാശിനി പ്രയോഗം: നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനൊരുങ്ങി ബ്രസീല്‍

കീടനാശിനി പ്രയോഗം: നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനൊരുങ്ങി ബ്രസീല്‍

റിയോ ഡീ ജനീറോ: കീടനാശിനികള്‍ക്കു മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം ലഘൂകരിക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ ബ്രസീലിയന്‍ കോണ്‍ഗ്രസ് കമ്മീഷന്‍ അംഗീകരിച്ചു. പരിസ്ഥിതിവാദികള്‍, ആരോഗ്യ, പരിസ്ഥിതി മന്ത്രാലയങ്ങള്‍ക്കു കീഴിലുള്ള വകുപ്പുകള്‍, യുഎന്‍ അനുബന്ധ സംഘടനകള്‍, പ്രോസിക്യൂട്ടര്‍മാര്‍ തുടങ്ങിയവരില്‍നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ മറികടന്നാണ് ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഈ ബില്‍ നിയമമാകാന്‍ ഇനി ബ്രസീല്‍ പാര്‍ലമെന്റായ കോണ്‍ഗ്രസിന്റെ ഇരുസഭകളിലും വോട്ടിനിടും.

വോട്ടെടുപ്പില്‍ പാസായതിനു ശേഷം പ്രസിഡന്റ് മൈക്കള്‍ ടെമറിന്റെ അനുമതി ലഭിച്ചാല്‍ ബില്‍ നിയമമാകും. ശക്തമായ അഗ്രിബിസിനസ് ലോബിയുടെ പിന്തുണയോടു കൂടിയാണു ബില്‍ നിയമമാക്കാന്‍ ഒരുങ്ങുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബില്ലിനെതിരേ ബ്രസീലില്‍ ശക്തമായ എതിര്‍പ്പാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ ഉത്പാദകരാണ് ബ്രസീല്‍. അതോടൊപ്പം കീടനാശിനിയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ കൂടിയാണ് ബ്രസീല്‍. 2008-ലാണ് കീടനാശിനിയുടെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താക്കളായി ബ്രസീല്‍ മാറിയത്.

ബ്രസീലില്‍ അഗ്രിബിസിനസ് മേഖലയില്‍ കുതിപ്പുണ്ടായതും, പരിസ്ഥിതി സംബന്ധിച്ച നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലാത്തതുമായിരുന്നു ബ്രസീലിനെ കീടനാശിനിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും കാര്‍ക്കശ്യം നിറഞ്ഞതെന്നു വിശേഷിപ്പിക്കുന്ന കീടനാശിനി നിയന്ത്രണ നിയമം 1989-ല്‍ ബ്രസീലില്‍ നടപ്പിലാക്കിയിരുന്നു. പക്ഷേ, നിയമം നടപ്പിലാക്കുന്നതിന് ആവശ്യമുള്ള ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിയമിക്കാന്‍ സര്‍ക്കാരിനു സാധിച്ചില്ല.

bancada ruralista എന്ന അഗ്രിബിസിനസ് ലോബി ബ്രസീലില്‍ ശക്തരാണ്. ഇവര്‍ നിയമം അട്ടിമറിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്‌തെങ്കിലും അവയെല്ലാം നിഷ്ഫലമാവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ടെമറിന്റെ ഭരണകാലയളവില്‍ അവരുടെ ശ്രമം വിജയം കാണുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. ബ്രസീലിന്റെ പാര്‍ലമെന്റില്‍ ruralista സ്വാധീനം ശക്തമാണെന്നതും അവര്‍ക്ക് അനുകൂലമാകുന്നു.
ഇപ്പോള്‍ ബ്രസീലിയന്‍ കോണ്‍ഗ്രസ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിരിക്കുന്ന ബില്ലിനെ പ്രതിപക്ഷം പോയ്‌സന്‍ പാക്കേജ് എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനെതിരേയുള്ള ഓണ്‍ലൈന്‍ പരാതിയില്‍ 2,50,000 പേര്‍ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ബ്രസീലിലെ ഇപ്പോഴുള്ള നിയമപ്രകാരം, പ്രത്യുല്‍പാദന സംവിധാനത്തിനു ഭീഷണിയായിട്ടുള്ള കീടനാശിനികള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ്. എന്നാല്‍ പുതിയ ബില്ലില്‍ ‘വിനാശകരമായ കീടനാശിനി ദോഷകരമാണെന്നു’ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാല്‍ മാത്രമാണു നിരോധിക്കുന്നതെന്നു വിശദീകരിക്കുന്നു. തീര്‍ത്തും അവ്യക്തമായൊരു നിര്‍വചനമാണിത്.

Comments

comments

Categories: FK Special, Slider