പ്രതിമാസ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയിലെത്തും: ഹസ്മുഖ് അധിയ

പ്രതിമാസ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയിലെത്തും: ഹസ്മുഖ് അധിയ

ജിഎസ്ടി നടപ്പില്‍ വന്നതോടെയുണ്ടായ പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കുറയ്ക്കാനായി

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഏകീകൃത ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) നിന്നും പ്രതിമാസം ശരാശരി ഒരു ലക്ഷം കോടി രൂപയുടെ വരുമാനം നേടാനാകുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ഹസ്മുഖ് അധിയ. ജിഎസ്ടി നടപ്പിലാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിനു മുന്നോടിയായി വരുമാനത്തില്‍ വലിയ പുരോഗതിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ പ്രധാന പരിഷ്‌കരണങ്ങള്‍ക്കുവേണ്ടി രചിച്ചിട്ടുള്ള ഉജ്വലമായ കഥയെന്നാണ് ജിഎസ്ടിയെ ഹസ്മുഖ് അധിയ വിശേഷിപ്പിച്ചത്. ജിഎസ്ടി നടപ്പില്‍ വന്നതോടെയുണ്ടായ പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കുറയ്ക്കാനും സാധാരണ നിലയിലേക്ക് സമ്പദ്‌വ്യവസ്ഥയെ തിരിച്ചെത്തിക്കാനും സാധിച്ചിട്ടുണ്ടെന്നും ഹസ്മുഖ് അധിയ പറഞ്ഞു. ജിഎസ്ടി പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സാധാരണനിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത് മറ്റ് രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നുണ്ട്. 2015ല്‍ ജിഎസ്ടി നടപ്പാക്കിയിട്ടുള്ള രാജ്യങ്ങളില്‍ ഇപ്പോഴും പ്രത്യാഘാതങ്ങള്‍ തുടരുകയാണെന്നുംഹസ്മുഖ് അധിയ ചൂണ്ടിക്കാട്ടി.

ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ലളിതമായ സംവിധാനം നടപ്പാക്കുന്നതോടെ ജിഎസ്ടി വരുമാനം വര്‍ധിക്കുമെന്നാണ് അധിയ പറയുന്നത്. ഇത് നികുതി വെട്ടിപ്പ് തടയുന്നതിന് സഹായിക്കും. നടപ്പുവര്‍ഷം ഏപ്രിലില്‍ ഒരു ലക്ഷം കോടി രൂപയിലധികം ജിഎസ്ടി വരുമാനം സര്‍ക്കാരിലേക്കെത്തിയിരുന്നു. ജിഎസ്ടി നടപ്പില്‍ വന്നതിനുശേഷം ആദ്യമായാണ് വരുമാനം ഇത്രകണ്ട് ഉയരുന്നത്. വരും മാസങ്ങളിലും ജിഎസ്ടിയില്‍ നിന്നും ശരാശരി ഒരു ലക്ഷം കോടി രൂപയുടെ പ്രതിമാസ വരുമാനം നേടാനാകും. റിട്ടേണ്‍ സംവിധാനം ലളിതമാക്കുന്നതിനുള്ള ഫോം ആറ് മാസത്തിനുള്ളില്‍ സജ്ജമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധിയ പറഞ്ഞു.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനെ കുറിച്ചും ഹസ്മുഖ് അധിയ സംസാരിച്ചു. പ്രകൃതിവാതകം, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം എന്നിവ ആദ്യ ഘട്ടത്തില്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തികൊണ്ട് ഇത് സാധ്യമാക്കാവുന്നതാണെന്നും അധിയ അഭിപ്രായപ്പെട്ടു. വിലക്കയറ്റ സമ്മര്‍ദം കുറയ്ക്കാനായി എന്നതാണ് ജിഎസ്ടി നടപ്പിലാക്കിയതിലൂടെ ഇന്ത്യക്കുണ്ടായ ഏറ്റവും വലിയ വിജയം. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ ജിഎസ്ടിയില്‍ ചില പരിഷ്‌കരണം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്നും ഹസ്മുഖ് അധിയ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy