മാംഗോ മെഡോസ് ലോകത്തിന് ഈ കോട്ടയംകാരന്റെ സമ്മാനം

മാംഗോ മെഡോസ് ലോകത്തിന് ഈ കോട്ടയംകാരന്റെ സമ്മാനം

ദൈവത്തിന്റെ സ്വന്തം നാട്, ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തിയ ഈ ഉപമയോട് നൂറു ശതമാനം നീതി പുലര്‍ത്തുന്നു കോട്ടയത്തെ ആയാംകുടിയെന്ന അപ്പര്‍ കുട്ടനാടന്‍ ഗ്രാമത്തില്‍ പച്ചവിരിച്ചു നില്‍ക്കുന്ന മാംഗോ മെഡോസ്. ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീം പാര്‍ക്ക് എന്ന ഖ്യാതിയോയോടെ 35 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഈ ജൈവവൈവിധ്യ കലവറ എന്‍ കെ കുര്യനെന്ന സിവില്‍ എന്‍ജിനീയര്‍ ലോക വിനോദ സഞ്ചാര മേഖലയ്ക്ക് നല്‍കിയ സമ്മാനമാണ്. 40,000 ല്‍ ഏറെ വൃക്ഷങ്ങളും സസ്യങ്ങളുമാണ് മാംഗോ മെഡോസില്‍ അദ്ദേഹം നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഒരു വ്യക്തിക്ക് അസാധ്യമെന്ന് ആര്‍ക്കും തോന്നിപ്പോകുന്ന കാര്യങ്ങളാണ്‌, കുളങ്ങളും കിണറുകളും സസ്യജൈവവൈവിധ്യങ്ങളും നിറഞ്ഞ ഈ ഉദ്യാനത്തില്‍ കുര്യന്‍ ഒരുക്കിയിരിക്കുന്നത്.നാളെ ഒരു പക്ഷേ, ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരില്‍ വിനോദസഞ്ചാര മേഖലയില്‍ കേരളത്തെ പരിചയപ്പെടുത്തുമ്പോള്‍ മുഖമുദ്രയാകുന്നത് കുര്യന്റെ ഈ മാന്തോപ്പായിരിക്കും…

കോട്ടയം ജില്ലയില്‍ കടുത്തുരുത്തിക്ക് സമീപം അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ ആയാംകുടിയില്‍ നാലര ഏക്കറില്‍ മീന്‍ കുളവും അത്യാവശ്യം കൃഷിയുമായി ആരംഭിച്ച എന്‍ കെ കുര്യന്റെ മാംഗോ മെഡോസ് ഇന്ന് മുപ്പത്തഞ്ച് ഏക്കറോളം ഭൂമിയിലേക്ക് വ്യാപിച്ച ജൈവവൈവിധ്യ കലവറയായി മാറിയിരിക്കുന്നു. കേവലം സന്ദര്‍ശകരെ ആകര്‍ഷിക്കുകയും വിനോദസഞ്ചാരത്തിലൂടെ വരുമാനം കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നില്ല ഇത്തരമൊരു വ്യത്യസ്തമായ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കാന്‍ സിവില്‍ എന്‍ജിനീയറായ നെല്ലിക്കുഴിയില്‍ കുര്യാക്കോസ് കുര്യനെന്ന എന്‍ കെ കുര്യനെ പ്രേരിപ്പിച്ച ഘടകം. മറിച്ച്, മാംഗോ മെഡോസ് എന്ന തന്റെ സ്വപ്‌ന പദ്ധതിയിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യങ്ങളിലേക്ക്, പ്രകൃതിയോട് ഇണങ്ങിയ ജീവിതചര്യയിലേക്ക്, സംസ്‌കാരത്തിലേക്ക് തന്റേതായ ഒരു അധ്യായം കൂട്ടിച്ചേര്‍ക്കുകയായിരുന്നു കുര്യന്‍.

ലോകത്തിലെ തന്നെ ആദ്യത്തെ അഗ്രിക്കള്‍ച്ചറള്‍ തീം പാര്‍ക്കാണ് മാംഗോ മെഡോസ്. ആയുസിന്റെ മൂന്നിലൊന്നും സമ്പത്തായുണ്ടായിരുന്ന സര്‍വസ്വവും മൂല്യമളക്കാന്‍ പറ്റാത്ത മനുഷ്യാധ്വാനവും ഇതിനായി എന്‍ കെ കുര്യന്‍ ചെലവഴിച്ചു കഴിഞ്ഞു. വെറും നാലരയേക്കര്‍ സ്ഥലത്തായിരുന്നു കുര്യന്‍ തന്റെ അഗ്രിക്കള്‍ച്ചറല്‍ തീം പാര്‍ക്കിന് തുടക്കം കുറിച്ചത്. എന്നാല്‍ വിധിയുടെ നിയോഗം പോലെ, മനുഷ്യനാല്‍ നശിപ്പിക്കപ്പെട്ട പ്രകൃതിയും ജൈവസസ്യ കലവറകളും മനുഷ്യനാല്‍ തന്നെ പുനസൃഷ്ടിക്കപ്പെടണം എന്ന തീരുമാനത്താലാകാം നാലര ഏക്കറില്‍ നിന്നും മുപ്പത്തഞ്ച് ഏക്കറിലേക്ക് ആ ജൈവ ഉദ്യാനം വ്യാപിച്ചു.

കോട്ടയത്തു നിന്ന് എറണാകുളത്തേക്കു പോകുന്ന വഴി കടുത്തുരുത്തിയിലിറങ്ങിയാല്‍ 5 കിലോമീറ്ററേയുള്ളൂ നെല്ലും റബ്ബറും ഇടകലരുന്ന പാടങ്ങളും തോട്ടങ്ങളുമുള്ള ആയാംകുടിയെന്ന അപ്പര്‍ കുട്ടനാടന്‍ ഗ്രാമത്തിലേക്ക്. കടുത്തുരുത്തി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഇവിടെയെത്താന്‍ ഏകദേശം രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും. ഇതൊരു കാര്‍ഷിക തീംപാര്‍ക്കാണെന്നും വാട്ടര്‍ തീം പാര്‍ക്ക് പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്നും ഗേറ്റില്‍ തന്നെ മുന്നറിയിപ്പുണ്ട്. അതേ, മനുഷ്യസംസ്‌കാരം പിറവികൊണ്ട കാര്‍ഷികമേഖലയെ അടുത്തറിയാനും ഒരു മനുഷ്യായുസ്സില്‍ ഇന്നേവരെ അടുത്തറിയാത്ത ജൈവ വൈവിധ്യങ്ങളെ അടുത്തറിയാനുമുള്ള സൗകര്യമാണ് കുര്യന്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്. മതില്‍ക്കെട്ടിനുള്ളിലെ ഏക്കറുകണക്കിന് വ്യാപിച്ച സ്ഥലത്ത് 40000 ല്‍ പരം വൃക്ഷലതാദികളാണ് തലയുയര്‍ത്തി
നില്‍ക്കുന്നത്. എല്ലാം കുര്യന്‍ നട്ട് പരിപാലിച്ചവ. ശുദ്ധമായ വായുവും പക്ഷികളുടെ കളകൂജനവും ഔഷധ വൃക്ഷങ്ങളുടെ തണലും എല്ലാം ചേര്‍ന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു അന്തരീക്ഷം ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു.

കുര്യന്റെ ഏദന്‍ തോട്ടത്തില്‍ ഇല്ലാത്തതായ് ഒന്നുമില്ല

മാംഗോ മെഡോസില്‍ എന്തെല്ലാം ഉണ്ട് എന്നതിനേക്കാള്‍, ഇല്ലാത്തതെന്തുണ്ട് എന്ന് തിരക്കുന്നതാവും അല്‍പം കൂടി എളുപ്പം. പാഴ്മരങ്ങള്‍ക്കും ഔഷധ വൃക്ഷങ്ങള്‍ക്കും കാതലുള്ള മരങ്ങള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കുമെല്ലാം ഒരേ പ്രാധാന്യമാണ് കുര്യന്റെ തോട്ടത്തില്‍. വിലക്കപ്പെട്ട കനി കഴിക്കുന്ന ആദത്തിന്റെയും ഹവ്വായുടെയും പ്രതിമകള്‍ നില്‍ക്കുന്ന തോട്ടത്തിലും പരിസരത്തുമായി മാവ് മുതല്‍ എലിഫന്റ് ഫ്രൂട്ട് വരെ 146 ഇനം ഫലവൃക്ഷങ്ങളുണ്ട്.മാംഗോ മെഡോസെന്ന പേരിന് കാരണക്കാരായ 101 ഇനം മാവുകളുണ്ട് ഇക്കൂട്ടത്തില്‍. ദക്ഷിണേന്ത്യയില്‍ ജനിച്ച് ഇന്ത്യയുടെ ദേശീയ ഫലം ആവുകയും പഴങ്ങളുടെ രാജാവെന്ന കിരീടവും തലയിലേറ്റി ലോകമെങ്ങും വ്യാപിക്കുകയും ചെയ്ത നമ്മുടെ മാമ്പഴത്തിന്റെ പേരു തന്നെയാണ് പാര്‍ക്കിന് യോജിച്ചതെന്ന് എന്‍കെ കുര്യന്‍ ചൂണ്ടിക്കാട്ടുന്നു.

മാംഗോ മെഡോസില്‍ എന്തെല്ലാം ഉണ്ട് എന്നതിനേക്കാള്‍, ഇല്ലാത്തതെന്തുണ്ട് എന്ന് തിരക്കുന്നതാവും അല്‍പം കൂടി എളുപ്പം. പാഴ്മരങ്ങള്‍ക്കും ഔഷധ വൃക്ഷങ്ങള്‍ക്കും കാതലുള്ള മരങ്ങള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കുമെല്ലാം ഒരേ പ്രാധാന്യമാണ് കുര്യന്റെ തോട്ടത്തില്‍. വിലക്കപ്പെട്ട കനി കഴിക്കുന്ന ആദത്തിന്റെയും ഹവ്വായുടെയും പ്രതിമകള്‍ നില്‍ക്കുന്ന തോട്ടത്തിലും പരിസരത്തുമായി മാവ് മുതല്‍ എലിഫന്റ് ഫ്രൂട്ട് വരെ 146 ഇനം ഫലവൃക്ഷങ്ങളുണ്ട്.

സസ്യലതാദികളാല്‍ സമൃദ്ധമായ ഒരു പ്രദേശത്ത് ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ സ്ഥാനം പിടിക്കുമല്ലോ? അതിനാല്‍ ആയിരക്കണക്കിന് പക്ഷികളും അണ്ണാന്‍മാരുമൊക്കെ ഇവിടത്തെ സ്ഥിരതാമസക്കാരാണ്21 തരം പ്ലാവുകളും പതിനാറു തരം ചാമ്പകളും 12 തരം പേരകളും പപ്പായയും ഫലവൃക്ഷങ്ങളുടെ ശ്രേണിയിലുണ്ട്. നാല്‍പതിലേറെ ഇനം വാഴകളും 9 തരം തെങ്ങുകളും അതിരിടുന്ന വഴിത്താരകള്‍ക്കപ്പുറമുള്ള തടങ്ങളില്‍ ചീരയും വെണ്ടയും കോളിഫല്‍വറുമടക്കം എണ്‍പത്തി നാലിനം പച്ചക്കറികള്‍ തഴച്ചു വളരുന്നു. സന്ദര്‍ശകരായെത്തുന്ന ഓരോ വ്യക്തിയും പ്രകൃതിയുടെ ഭാഗമായി മാറുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.

ഹിമാലയത്തിന്റെ താഴ്‌വരയില്‍ വിരിയുന്ന രുദ്രാക്ഷങ്ങള്‍ , ഒപ്പം അപരന്‍മാരായ അദ്രാക്ഷവും ഭദ്രാക്ഷവും അശോക വനികയില്‍ സീതയിരുന്ന ശിംശിപാ വൃക്ഷം, ശ്രീബുദ്ധന് ബോധോദയമുണ്ടായ ബോധിവൃക്ഷം, 27 നാളുകാരുടെയും ജന്മവൃക്ഷങ്ങള്‍, മരുഭൂമിയില്‍ അന്‍പത് ഡിഗ്രിക്ക് മുകളിലുള്ള ചൂടില്‍ വിളയുന്ന ഈന്തപ്പഴ പനയും മൂന്നാറിലെയും വാഗമണ്ണിലെയും മൊട്ടക്കുന്നുകളില്‍ പൂജ്യം ഡിഗ്രിയില്‍ തഴക്കുന്ന തേയിലയും സമുദ്ര നിരപ്പിന് താഴെയുള്ള ഈ ഭൂമിയില്‍ സമൃദ്ധമായി തന്നെ വളരുന്നു. അങ്ങനെ ഇവിടെയില്ലാത്തതായി ഒന്നുമില്ല എന്ന് തന്നെ പറയാം.ചുരുക്കിപ്പറഞ്ഞാല്‍ ചിതറിക്കിടക്കുന്ന വലിയൊരു ഭൂപ്രകൃതിയെ ഒരൊറ്റ ഭൂപ്രദേശത്തേക്ക് കൊണ്ടുവരുന്ന കുര്യന്‍സ് മാജിക്ക് ആണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.

അവസാനമില്ലാത്ത ആസ്വാദനം

സന്ദര്‍ശകര്‍ക്ക് ഈ ജൈവവൈവിധ്യങ്ങളെ അടുത്തറിയുന്നതോടൊപ്പം കാരിയും കൂരിയും വരാലും കാര്‍പ്പുമടക്കം 64 ഇനം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ അടങ്ങിയ കുളങ്ങള്‍ നേരില്‍ കാണാനും പെല്ലറ്റ് തീറ്റകളുപയോഗിച്ച് ‘മീനൂട്ട്’ നടത്താനും അവസരമുണ്ട്.സന്ദര്‍ശകര്‍ക്ക് ഉച്ചയൂണിനുള്ള മത്സ്യവും ഈ കുളങ്ങളില്‍ നിന്നു തന്നെ! ഏക്കറുകള്‍ വ്യാപിച്ച പാര്‍ക്കിലൂടെ നടന്നു വിശന്നാല്‍ ചായയും ചെറുകടിയും ഹാജരാക്കിയ തനിനാടന്‍ ചായക്കടയൊന്നുണ്ട്. ഫാമില്‍ നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങളുപയോഗിച്ച് ഒന്നാന്തരം ഭക്ഷണമൊരുക്കിയിരിക്കുന്ന റെസ്റ്ററന്റുണ്ട്. ഇനി രണ്ടു ദിവസം തങ്ങാനാണെങ്കില്‍ പ്രകൃതിയോട് അലിഞ്ഞു ചേര്‍ന്നെന്ന പോലെ പണിതിരിക്കുന്ന, ഒന്നാംതരം സൗകര്യമുള്ള ഇരുപതോളം കോട്ടേജുകളുണ്ട്. കൂട്ടുകുടുംബത്തിന് കഴിയാന്‍ ഇരു നില വീടുമുണ്ട്. തറയിലെ പരവതാനി മാറ്റിയാല്‍ താഴെ മീന്‍കുളം നിറയുന്നതാണ് ചില കോട്ടേജുകള്‍. മുറിയില്‍ കിടന്ന് മീനുകളെ ഊട്ടാം. നീന്തിത്തുടിക്കാന്‍ മാമ്പഴങ്ങളുടെ ആകൃതിയിലുള്ള രണ്ട് സ്വിമ്മിംഗ് പൂളുകള്‍. രണ്ടായിരം രൂപ മുതല്‍ പതിനയ്യായിരം രൂപ വരെ വാടകയുള്ള മുറികള്‍ നേരത്തെ ഫോണിലൂടെ വിളിച്ച് ബുക്ക് ചെയ്യാം.

‘ഇവിടെ ഞാന്‍ തന്നെയാണ് കര്‍ഷകന്‍, ഞാന്‍ തന്നെയാണ് മീന്‍കാരന്‍, ഞാന്‍ തന്നെയാണ് ഹോട്ടലുകാരനും.’കുര്യന്‍ തന്റെ വികസന നയം തുറന്നു പറയുന്നു.അവികസിത പ്രദേശത്ത് വന്‍ നിക്ഷേപം നടത്തി ഒരു ടൂറിസ്റ്റ് കേന്ദ്രം നിര്‍മിക്കുക എന്ന ഭ്രാന്തന്‍ സങ്കല്‍പത്തെ ഒരിക്കലും നാട്ടുകാര്‍ക്ക് അംഗീകരിക്കാനാവുമായിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ കോട്ടയത്തെ ജനതയ്‌ക്കൊപ്പം ലോകംവിനോദസഞ്ചാര മേഖല തന്നെ കുര്യന്റെ ഈ മാന്തോപ്പിനെ ഏറ്റെടുത്ത് കഴിഞ്ഞു. മാംഗോ മെഡോസിനെ പരിപാലിക്കാന്‍ ഭാര്യ ലതികയും മക്കളായ കെവിനും കിരണും കൃപയും കുര്യനൊപ്പം തന്നെ സജീവമായുണ്ട്. മുടക്കുമുതല്‍ തിരികെ കിട്ടാന്‍ നാലഞ്ചു തലമുറയെങ്കിലും കഴിയുമെന്നറിയാമെങ്കിലും തിരിച്ചടികളെ അവസരമാക്കുന്ന കരുത്തുള്ള മനസുകൊണ്ട് അദ്ദേഹം കൂടുതല്‍ സ്വപ്‌നങ്ങള്‍ നട്ടു പിടിപ്പിക്കുന്നു.

(മാംഗോ മെഡോസിന്റെ കോണ്ടാക്റ്റ് നമ്പറുകള്‍ : 9072580510, 9072580508)

Comments

comments

Categories: FK Special, Slider