ചുവപ്പുനാടയിലെ കുരുക്കഴിച്ച് ‘ഇറ്റ്‌സ്ഈസി’

ചുവപ്പുനാടയിലെ കുരുക്കഴിച്ച് ‘ഇറ്റ്‌സ്ഈസി’

സര്‍ക്കാര്‍ ഓഫീസിനും ജനങ്ങള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന അഭ്യുദയകാംക്ഷി എന്ന നിലയിലാണ് ഇറ്റ്‌സ്ഈസിയുടെ പ്രവര്‍ത്തനം. ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, വിസ എന്നിവയെല്ലാം വേഗത്തില്‍ ലഭ്യമാക്കാന്‍ ഇവര്‍ സഹായിക്കും

സര്‍ക്കാര്‍ അധിഷ്ഠിത സേവനങ്ങളിലെ കാലതാമസം ഒഴിവാക്കി അവശ്യ രേഖകള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന സംരംഭമാണ് ഇറ്റ്‌സ്ഈസി. സര്‍ക്കാര്‍ ഓഫീസിനും ജനങ്ങള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇടനിലക്കാരന്‍ എന്ന വിശേഷണമാകും ഈ സ്റ്റാര്‍ട്ടപ്പിന് ഏറ്റവും നന്നായി യോജിക്കുക. ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്ന രേഖകള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ തോറും കയറിയിറങ്ങി ബുദ്ധിമുട്ടുന്ന സാഹചര്യം ഇവര്‍ ഏറ്റെടുക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ രേഖകള്‍ യഥാസമയം വീടുകളില്‍ നേരിട്ടെത്തിക്കുകയും ചെയ്യും. ജോലിത്തിരക്കുകളില്‍ നട്ടം തിരിയുന്ന ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ വരാന്തകള്‍ തോറും കയറാതെ രേഖകള്‍ കരസ്ഥമാക്കാനുള്ള അവസരമൊരുക്കുകയാണ് ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം.

ഹിമാന്‍ഷു, അഭിഷേക് ശര്‍മ എന്നിവര്‍ ചേര്‍ന്നു തുടങ്ങിയ സ്ഥാപനം ഒരു ഗവണ്‍മെന്റ് ടെക് സ്റ്റാര്‍ട്ടപ്പ് എന്ന നിലയിലാണ് പ്രവര്‍ത്തനം. സര്‍ക്കാര്‍ രേഖകള്‍ സുതാര്യമായി സൗകര്യപൂര്‍വം ലഭ്യമാക്കുകയാണ് ഇറ്റ്‌സ്ഈസിയുടെ ലക്ഷ്യം.

തുടക്കം

വൃത്യസ്തമായ ആശയത്തില്‍ ഒരു സംരംഭം കെട്ടിപ്പടുക്കണമെന്ന ചിന്തയില്‍ നിന്നാണ് ഇറ്റ്‌സ്ഈസിയുടെ തുടക്കം. സര്‍ക്കാരില്‍ രേഖകള്‍ ലഭിക്കുക എന്നത് ചെറിയ കാര്യമല്ല, അതിനായി നാം ഏറെനാള്‍ അലയേണ്ടതായി വരും. ദിവസങ്ങളോളം ചിലപ്പോള്‍ മാസങ്ങളോളം അതിനു പിന്നാലെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടിയും വന്നേക്കാം. ജോലിത്തിരക്കുകള്‍ ഉള്ളവര്‍ക്കാണ് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുക. ജനങ്ങളുടെ സമയനഷ്ടം ഒഴിവാക്കി ഉപഭോക്താക്കളെ ഇക്കാര്യത്തില്‍ സഹായിക്കുന്നതിനായാണ് ഹിമാന്‍ഷു ഇറ്റ്‌സ്ഈസിക്ക് തുടക്കമിട്ടത്. 2015ല്‍ തുടങ്ങിയ സംരംഭം ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയിലെ താരമായി മാറിയിരിക്കുകയാണ്.

ബി2ബി ബിസിനസില്‍ ക്വിക്കര്‍, വണ്‍ അസിസ്റ്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ഇറ്റ്‌സിഈസി പ്രവര്‍ത്തിക്കുന്നത്. കണ്‍സള്‍ട്ടിംഗിന് നിരക്കൊന്നും തന്നെ ഈടാക്കാത്ത കമ്പനി ഉപഭോക്താവിന് ആവശ്യമായ രേഖകള്‍ ലഭ്യമാക്കുന്ന സേവനത്തിന് മാത്രമാണ് കമ്മീഷന്‍ ഈടാക്കുക

ജനന സര്‍ട്ടിഫിക്കറ്റ് മുതല്‍ വിസ പ്രോസസിംഗ് വരെ

ബി2ബി, ബി2സി മാതൃകകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇറ്റ്‌സ്ഈസി ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹ രജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ട്, വിസ പ്രോസസിംഗ്, ആര്‍ടിഒ സേവനം, ഐടി റിട്ടേണ്‍ എന്നിവയ്‌ക്കെല്ലാം ആവശ്യമായ സഹായം നല്‍കും. രേഖകള്‍ ആവശ്യമായ ഉപഭോക്താക്കള്‍ ഇറ്റ്‌സ്ഈസിയെ സമീപിച്ച് ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയാല്‍ ഉപഭോക്താവിന് പകരമായി നിന്ന് ര്‍ക്കാര്‍ ഓഫീസിന്‍ നിന്നും രേഖകള്‍ ലഭ്യമാക്കുന്ന ജോലി കമ്പനി ഏറ്റെടുക്കും. തികച്ചും സുതാര്യമായാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ”സംസ്ഥാനത്തുള്ള കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തുകയാണ്. സര്‍ക്കാര്‍ രേഖകള്‍ വേഗത്തില്‍ സൗകര്യപൂര്‍വം ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” ഹിമാന്‍ഷു പറയുന്നു.

ബി2ബി ബിസിനസില്‍ ക്വിക്കര്‍, വണ്‍ അസിസ്റ്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ഇറ്റ്‌സിഈസി പ്രവര്‍ത്തിക്കുന്നത്. കണ്‍സള്‍ട്ടിംഗിന് നിരക്കൊന്നും തന്നെ ഈടാക്കാത്ത കമ്പനി ഉപഭോക്താവിന് ആവശ്യമായ രേഖകള്‍ ലഭ്യമാക്കുന്ന സേവനത്തിന് മാത്രമാണ് കമ്മീഷന്‍ ഈടാക്കുക. തുടങ്ങി മൂന്നു വര്‍ഷത്തിനുള്ളില്‍ 12 ഓളം നഗരങ്ങളിലേക്ക് കമ്പനിയുടെ പൂര്‍ണമായ സേവനങ്ങള്‍ വ്യാപിപ്പിക്കാനും കഴിഞ്ഞിരിക്കുന്നു. മാത്രമല്ല മറ്റ് 150 നഗരങ്ങളില്‍ പങ്കാളിത്ത പവര്‍ത്തനങ്ങളിലും ഇറ്റ്‌സ്ഈസി സജീവമാണ്.

മികച്ച ജീവനക്കാരുടെ കൂട്ടായ്മ

ബിടെക്, എംബിഎ യോഗ്യതകളുള്ള ഹിമാന്‍ഷു ബിഎസ്എന്‍എല്‍, ആര്‍കോം, ടാറ്റ സിഎംസി എന്നിവിടങ്ങളിലെ പ്രവര്‍ത്തന പരിചയം കൈമുതലാക്കിയാണ് പുതിയ സംരംഭത്തിലേക്ക് കടന്നുവന്നത്. ” ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യണമെന്നതായിരുന്നു എന്റെ ആഗ്രഹം.സര്‍ക്കാര്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തതോടെ സ്വന്തമായുള്ള സംരംഭത്തിലൂടെ മാത്രമേ നവീന മാതൃകകള്‍ സൃഷ്ടിക്കാനാകൂവെന്ന് മനസിലാക്കാനായി. സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ ഇറ്റ്‌സ്ഈസിയെ വാര്‍ത്തെടുക്കാനായതില്‍ സന്തോഷമുണ്ട്,” ഹിമാന്‍ഷു പറയുന്നു.

മുന്നു വര്‍ഷം മുമ്പു തുടങ്ങിയ സംരംഭം ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയിലെ താരമായി മാറിയിരിക്കുകയാണ്. നിലവില്‍ 20,000 ഓളം രജിസ്‌റ്റേഡ് ഉപഭോക്താക്കളുള്ള കമ്പനി വിവിധ ഭാഷകളിലേക്കു കൂടി സേവനം വ്യപിപ്പിക്കാന്‍ പദ്ധതിയിടുന്നു

സാങ്കേതികവിദ്യയും ഇ-കൊമേഴ്‌സും ഒത്തുചേര്‍ന്ന സ്ഥാപനത്തിന് ഒരു സാങ്കേതിക വിദഗ്ധന്റെ സേവനം അത്യാവശ്യമാണെന്ന തിരിച്ചറിവാണ് കമ്പനിയുടെ സഹസ്ഥാപകന്‍ കൂടിയായ അഭിഷേക് ശര്‍മയിലേക്ക് ചെന്നെത്താന്‍ കാരണം. ഇന്ത്യാമോട്ടോകോര്‍പ്പ്, സ്‌ക്രോള്‍കോട്ട്‌സ് എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ നടത്തി പരിചയമുള്ള അദ്ദേഹത്തിന്റെ സേവനം കമ്പനിക്ക് കുടുതല്‍ മൂതല്‍ക്കൂട്ടായെന്നും ഹിമാന്‍ഷു പറയുന്നു.

സെയ്ല്‍സ്, ഓപ്പറേഷന്‍സ്, ക്ലൈന്റ് മാനേജ്‌മെന്റ് വിഭാഗങ്ങളിലായി 17 അംഗ സംഘത്തിന്റെ സേവനമാണ് നിലവില്‍ ഇറ്റ്‌സിഈസിയിലുള്ളത്. പ്രതിമാസം 50,000ല്‍പ്പരം ആളുകള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന കമ്പനിക്ക് ഇതിനോടകം 20,000 ഓളം രജിസ്‌റ്റേഡ് ഉപഭോക്താക്കളുണ്ടെന്നും ഹിമാന്‍ഷു ചൂണ്ടിക്കാട്ടുന്നു. എല്ലാവിധ സര്‍ക്കാര്‍ രേഖകളും തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ഭാവി പദ്ധതി. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിച്ചുവരുന്നു. വിവിധ ഭാഷകളിലേക്കു കൂടി സേവനം വ്യപിപ്പിക്കാനും ആലോചനയുണ്ട്.

Comments

comments

Tags: 'It's easy'