ഹോം മേഡ് അച്ചാറുകള്‍ക്ക് സുവര്‍ണ്ണ കാലം

ഹോം മേഡ് അച്ചാറുകള്‍ക്ക് സുവര്‍ണ്ണ കാലം

അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന വാചകത്തില്‍ അല്‍പസ്വല്‍പം അഴിച്ചു പണികള്‍ അനിവാര്യമായി വന്നിരിക്കുകയാണ്. അടുക്കളയില്‍ നിന്നും സംരംഭകത്വത്തിലേക്ക് എന്നതാകും സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയില്‍ വളര്‍ന്നു വരുന്ന വനിതാ സംരംഭങ്ങളെ മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ ഉചിതമായ വാചകം. രുചികരമായ അടുക്കള വിഭവങ്ങള്‍, പ്രത്യേകിച്ച് വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ അച്ചാറുകള്‍ വിപണിയില്‍ എത്തിച്ചുകൊണ്ട് സംരംഭക ലോകത്ത് സജീവമാകുകയാണ് വനിതാ സംരംഭക സാരഥികള്‍. തങ്ങളുടേതായ ബ്രാന്‍ഡ് നെയിം ഉറപ്പിച്ചു കൊണ്ട് തന്നെയാണ് ഈ വനിതകള്‍ തങ്ങളുടെ അച്ചാറുകള്‍ക്ക് വിപണി കണ്ടെത്തുന്നത്…

മലബാറിന്റെ രുചിയുള്ള നല്ല ഒന്നാന്തരം കല്ലുമ്മക്കായ അച്ചാര്‍, കുരുമുളക് രുചിക്കുന്ന ബീഫ് അച്ചാര്‍, നാവിലെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന കൊഞ്ച് അച്ചാര്‍, ബിരിയാണിരുചിയിലെ പകരക്കാരനില്ലാത്ത കോമ്പിനേഷനായ ഈന്തപ്പഴം അച്ചാര്‍…കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ കൊതിയുടെ ആറാട്ട് തീര്‍ക്കുന്ന ഈ അച്ചാര്‍ വൈവിധ്യങ്ങള്‍ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. മലയാളിയുടെ തീന്‍മേശയിലെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നായ അച്ചാറുകള്‍ക്ക് ഇത്രയും വലിയ വിപണിയുണ്ടോ എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഉണ്ട് എന്ന് തന്നെയാണ്. പല മുന്‍നിര കമ്പനികളും വിവിധതരം അച്ചാറുകള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട് എങ്കിലും ഷെല്‍ഫ് ലൈഫ് കുറഞ്ഞ നോണ്‍ വെജിറ്റേറിയന്‍ അച്ചാറുകളുടെ കാര്യത്തില്‍ ഇന്നും വിപണിയില്‍ കടുത്ത ക്ഷാമമാണ് നേരിടുന്നത്.

വലിയതോതില്‍ അച്ചാര്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളെ സംബന്ധിച്ചിടത്തോളം ഷെല്‍ഫ് ലൈഫ് കുറഞ്ഞ ബീഫ്, കക്ക, കല്ലുമ്മക്കായ,കാടക്കോഴി തുടങ്ങിയ അച്ചാര്‍ വൈവിധ്യങ്ങള്‍ നിര്‍മിക്കുന്നതിന് പരിമിതിയുണ്ട്. ഇവ വിചാരിച്ച പോലെ നിശ്ചിത സമയപരിധിക്കുളില്‍ വിറ്റഴിക്കാന്‍ സാധിച്ചില്ല എങ്കില്‍ വന്‍നഷ്ടം വരും എന്ന മുന്‍ധാരണ തന്നെയാണ് ഇത്തരത്തിലുള്ള പ്രാദേശിക അച്ചാര്‍ വൈവിധ്യങ്ങളിലേക്ക് ഇറങ്ങുന്നതില്‍ നിന്നും നിര്‍മാതാക്കളെ വിലക്കുന്നത്. ഈ അവസരമാണ് കേരളത്തിലെ വനിതാ സംരംഭകര്‍ നേട്ടമാക്കി എടുത്തിരിക്കുന്നത്. പ്രാദേശിക വിപണി കണ്ടെത്തി, നിശ്ചിത യൂണിറ്റുകള്‍ മാത്രം വിപണിയില്‍ എത്തിച്ചും ഓണ്‍ലൈന്‍ മുഖേനയുമാണ് വ്യത്യസ്തമായ അച്ചാര്‍ രുചികള്‍ വനിതാ സംരംഭകര്‍ വിപണിയില്‍ എത്തിക്കുന്നത്. കിലോക്ക് 1000 രൂപ വരുന്ന ബീഫ് വരട്ടിയ അച്ചാര്‍ മുതല്‍ കിലോക്ക് 140 രൂപ വരുന്ന വടുകപ്പുളി അച്ചാര്‍ വരെ ഇത്തരത്തില്‍ വനിതാ സംരംഭകരുടെ നേതൃത്വത്തില്‍ വിപണിയില്‍ എത്തുന്നു.

വീട്ടമ്മമാരും മറ്റു ജോലികള്‍ക്കൊപ്പം സൈഡ് ബിസിനസ് എന്നവണ്ണം അച്ചാര്‍ നിര്‍മാണം തുടങ്ങിയവരുമാണ് ഇവയില്‍ അധികവും. എന്നാല്‍ അധിക വരുമാനത്തിനായി തുടങ്ങിയ അച്ചാര്‍ നിര്‍മാണം പല വീടുകളിലേയും പ്രധാന വരുമാന മാര്‍ഗമായി മാറിയിരിക്കുകയാണ്. ഗുണമേന്മയ്ക്കും വൃത്തിക്കും മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് ഹോം മേഡ് അച്ചാറുകള്‍ വിപണി പിടിക്കുന്നത്. കൃത്യമായ പാക്കിംഗില്‍ സീല്‍ഡ് കണ്ടയ്‌നറുകളിലാക്കി ബ്രാന്‍ഡ് നെയിമോട് കൂടി തന്നെയാണ് അച്ചാറുകള്‍ വിപണിയില്‍ എത്തുന്നത്. ഇത്തരത്തില്‍ അച്ചാര്‍ നിര്‍മിക്കുന്നവരില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മുതല്‍ ടീച്ചര്‍ വരെയുണ്ട് എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

പ്രഭാതഭക്ഷണം മുതല്‍ അത്താഴം വരെ ദരിദ്രന്റെയും ധനികന്റെയും വീടുകളില്‍ ഒരേപോലെ സ്വീകാര്യമായ അച്ചാറ് നിര്‍മാണത്തിലൂടെ നേട്ടം കൊയ്യുന്ന വനിതാ സംരംഭകാരില്‍ ചിലര്‍ ഇവരാണ്…

ശ്രീലക്ഷ്മിയുടെ കലവറ അച്ചാറുകള്‍

മായം ചേര്‍ക്കലുകള്‍ക്കുള്ള മറുപടിയായാണ് കൊച്ചി,തൃപ്പൂണിത്തുറ സ്വദേശിനിയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ ശ്രീലക്ഷ്മി സതീഷ് അച്ചാര്‍ നിര്‍മാണത്തിലേക്ക് കടന്നത്. കടയില്‍ നിന്നും വാങ്ങുന്ന അച്ചാര്‍ എത്രകാലം കഴിഞ്ഞാലും ചീത്തയാകാതെ ഇരിക്കുന്നതിന് പിന്നില്‍ ശക്തമായ പ്രിസര്‍വേറ്റിവുകളുടെ സാന്നിധ്യമുണ്ട് എന്ന് മനസിലാക്കിയ ശ്രീലക്ഷ്മി പ്രിസര്‍വേറ്റിവുകളില്‍ നിന്നും പൂര്‍ണ വിമുക്തമായ ഒരു അച്ചാര്‍ ബ്രാന്‍ഡ് എന്ന നിലക്കാണ് കലവറ ഫുഡ് പ്രോഡക്റ്റിസിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

തന്റെ ജോലികള്‍ കഴിഞ്ഞു ബാക്കി വരുന്ന സമയം വിനിയോഗിച്ചാണ് ശ്രീലക്ഷ്മി അച്ചാര്‍ നിര്‍മാണത്തിലേക്ക് കടന്നിരിക്കുന്നത്. തുടക്കത്തില്‍ മാങ്ങ, നാരങ്ങാ, ഇഞ്ചി തുടങ്ങിയ അച്ചറുകള്‍ മാത്രമാണ് ഉണ്ടാക്കിയത്. കൂട്ടുകാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഇടയില്‍ മാത്രമായിരുന്നു വിതരണം. അവരില്‍ നിന്നും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ ഫേസ്ബുക്ക് വഴി ചെറിയ രീതിയില്‍ മാര്‍ക്കറ്റിംഗ് ആരംഭിച്ചു. അതോടെ ആവശ്യക്കാരുടെ എണ്ണം വീണ്ടും വര്‍ധിച്ചു. പിന്നീട് രണ്ടും കല്‍പ്പിച്ച് ഈ രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. പ്രവര്‍ത്തനം ആരംഭിച്ച് രണ്ടര മാസത്തിനുള്ളില്‍ 650 ല്‍ പരം ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ ശ്രീലക്ഷ്മിയുടെ കൈപ്പുണ്യത്തിനായി.

തന്റെ ജോലികള്‍ കഴിഞ്ഞു ബാക്കി വരുന്ന സമയം വിനിയോഗിച്ചാണ് ശ്രീലക്ഷ്മി അച്ചാര്‍ നിര്‍മാണത്തിലേക്ക് കടന്നിരിക്കുന്നത്. തുടക്കത്തില്‍ മാങ്ങ, നാരങ്ങാ, ഇഞ്ചി തുടങ്ങിയ അച്ചറുകള്‍ മാത്രമാണ് ഉണ്ടാക്കിയത്. കൂട്ടുകാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഇടയില്‍ മാത്രമായിരുന്നു വിതരണം. അവരില്‍ നിന്നും കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ ഫേസ്ബുക്ക് വഴി ചെറിയ രീതിയില്‍ മാര്‍ക്കറ്റിംഗ് ആരംഭിച്ചു.

ഇപ്പോള്‍ നോണ്‍ വെജിറ്റേറിയന്‍ അച്ചാറുകളിലാണ് ശ്രീലക്ഷ്മി ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ചമ്പക്കര മാര്‍ക്കറ്റില്‍ നിന്നുംനേരിട്ട് വാങ്ങുന്ന അമോണിയം ചേര്‍ക്കാത്ത ഇറച്ചിയും മീനുമാണ് പാചകത്തിനായി ശ്രീലക്ഷ്മി ഉയോഗിക്കുന്നത്. അച്ചാറിന്റെ കൂട്ടിലും പ്രത്യേകതകള്‍ ഉണ്ട്. ഓര്‍ഗാനിക് മുളക് വാങ്ങി ഉണക്കി പൊടിച്ച മുളക് പൊടിയാണ് ഉപയോഗിക്കുന്നത്. ബീഫ് അച്ചാര്‍, കക്ക അച്ചാര്‍, ചെമ്മീന്‍ അച്ചാര്‍, മത്തി അച്ചാര്‍ എന്നിവയാണ് ശ്രീലക്ഷ്മിയുടെ പ്രധാന വിഭവങ്ങള്‍. ഇതിനൊപ്പം മിക്‌സഡ് വെജിറ്റബിള്‍ അച്ചാര്‍, പാവയ്ക്ക ഇഞ്ചി അച്ചാര്‍, അവലോസ് പൊടി, ചക്ക വറുത്തത് , ചക്കവരട്ടി, ചക്ക ഹല്‍വ എന്നിവയും ശ്രീലക്ഷ്മി വിപണിയില്‍ എത്തിക്കുന്നു.

പ്രിസര്‍വേറ്റിവുകള്‍ ചേര്‍ക്കാത്തതിനാല്‍ അച്ചാറുകള്‍ക്ക് ഷെല്‍ഫ് ലൈഫ് കുറവാണ്. അതിനാല്‍ ഓര്‍ഡര്‍ അനുസരിച്ചാണ് ഇപ്പോള്‍ നിര്‍മാണം.ലോകത്തിന്റെ ഏതു ഭാഗത്ത് നിന്നും ഓര്‍ഡര്‍ ലഭിച്ചാലും ദിവസങ്ങള്‍ക്കുള്ളില്‍ അച്ചാര്‍ എത്തിച്ചിരിക്കും ഈ സംരംഭക. ബീഫ് അച്ചാര്‍ കാല്‍ കിലോ 360 രൂപ, ചെമ്മീന്‍ അച്ചാര്‍ കാല്‍ കിലോ 370 രൂപ,മീന്‍ അച്ചാര്‍ കാല്‍ കിലോ 350 രൂപ, കക്ക അച്ചാര്‍ കാല്‍ കിലോ 370 രൂപ, മിക്‌സഡ് വെജിറ്റബിള്‍ അച്ചാര്‍ 180 രൂപ എന്നിങ്ങനെയാണ് വില.

വിധിയോട് പൊരുതി ദീജയുടെ നൈമിത്ര അച്ചാറുകള്‍

കൈപുണ്യത്തിന്റെ ഈ മേഖലയില്‍ ശാരീരിക വൈകല്യങ്ങള്‍ക്ക് ഒരു സ്ഥാനവും ഇല്ല എന്ന് തെളിയിക്കുന്നതാണ് വര്‍ക്കല മുത്താനം സ്വദേശിയായ ദീജ സതീശന്റെ നൈമിത്ര അച്ചാറുകള്‍.പോളിയോ ബാധിച്ച് അരക്ക് കീഴ്‌പോട്ട് തളര്‍ന്ന ദീജ സ്വന്തം നിലനില്‍പ്പിനും ചികിത്സയ്ക്കും വേണ്ടിയാണ് അച്ചാര്‍ നിര്‍മാണം ആരംഭിച്ചത്.ചെറുപ്പം മുതല്‍ക്ക് വീല്‍ചെയറില്‍ കുരുങ്ങിയാണ് ജീവിതമെങ്കിലും കൈപ്പുണ്യത്തിന്റെ കാര്യത്തില്‍ ആരോടും അടിയറവ് പറയേണ്ടി വന്നില്ല. നൈമിത്ര എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിച്ച അച്ചാറുകള്‍ ദീജക്ക് മികച്ച വരുമാനം നേടിക്കൊടുത്തു.

വെജിറ്റേറിയന്‍ അച്ചാറുകള്‍ ഉണ്ടാക്കിക്കൊണ്ടായിരുന്നു തുടക്കം. നാരങ്ങാ, മാങ്ങ, കാരാട്ട്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി തുടങ്ങിയ അച്ചാറുകള്‍ 50 ഗ്രാം ടിന്നിന് 50 രൂപ മുതല്‍ 70 രൂപ വരെ വിലയിട്ടാണ് ദീജ വിറ്റിരുന്നത്. രുചിയുടെ കാര്യത്തില്‍ പ്രാദേശിക വിപണി ഏറ്റെടുത്ത നൈമിത്ര അച്ചാറുകള്‍ക്ക് ഇപ്പോള്‍ ഫേസ്ബുക്ക്, വാട്‌സാപ്പ് കൂട്ടായ്മകള്‍ വഴി കേരളത്തിന് പുറത്തും വിപണിയുണ്ട്.

വെജിറ്റേറിയന്‍ അച്ചാറുകള്‍ വിജയിച്ചതോടെ ദീജ നോണ്‍ വെജിറ്റേറിയന്‍ അച്ചാറുകളുടെ നിര്‍മാണവും ആരംഭിച്ചിരിക്കുകയാണ്. ബീഫ്, മീന്‍ അച്ചാറുകളാണ് ഈ വിഭാഗത്തില്‍ ദീജ നിര്‍മിക്കുന്നത്. ഇപ്പോള്‍ പ്രാദേശിക വിപണിയില്‍ മാത്രമാണ് ലഭ്യമെങ്കിലും നൈമിത്ര അച്ചാറുകളെ കേരളത്തില്‍ എങ്ങും ലഭിക്കുന്ന ഒരു ബ്രാന്‍ഡ് ആക്കി മാറ്റണം എന്നാണ് ദീജയുടെ ആഗ്രഹം. ഫോണില്‍ വിളിച്ചോ വാട്‌സാപ്പ് വഴിയോ അച്ചാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കാവുന്നതാണ്. കലര്‍പ്പില്ലാത്തതും എണ്ണ വളരെ കുറച്ചു മാത്രം ഉപയോഗിച്ചിരിക്കുന്നതുമാണ് നൈമിത്ര അച്ചാറുകള്‍. അച്ചാറുകള്‍ ആവശ്യമുള്ളവര്‍ 7902375735 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഷംലയുടെ ഇത്താത്ത അച്ചാറുകള്‍

ഇത്താത്തയുണ്ടാക്കുന്ന അച്ചാറുകളുടെ രുചി ഒന്ന് വേറെ തന്നെയാണ്. അത്‌കൊണ്ടാണ് കൊടുങ്ങല്ലൂര്‍ സ്വദേശിനി ഷംല ഇത്താത്തയുടെ അച്ചാറുകളുടെ പേര് ഇത്താത്ത ഈറ്റബിള്‍സ് എന്നായതും. ന്യൂജനറേഷന്‍ പിള്ളേരുടെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല കിടുക്കാച്ചി മലബാര്‍ സ്‌റ്റൈല്‍ അച്ചാറുകളുമായാണ് ഷംല അച്ചാര്‍ വിപണിയില്‍ സജീവമാകുന്നത്. പ്രവര്‍ത്തനം തുടങ്ങി വളരെ ചെറിയ സമയം കൊ?് തന്നെ പ്രാദേശിക വിപണി കീഴടക്കാന്‍ കഴിഞ്ഞ ഇത്താത്ത ഈറ്റബിള്‍സ് ഉടന്‍ തന്നെ കേരളം ഒട്ടാകെ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
രുചിയില്‍ ഉള്ള വൈവിധ്യം പോലെ അച്ചാറുകളുടെ പേരും വ്യത്യസ്തമാണ്. ഇത്താത്താന്റെ കേര മീന്‍ അച്ചാര്‍, ഇത്താത്താന്റെ വരട്ടിയ കക്ക അച്ചാര്‍, ഇത്താത്താന്റെ കുഞ്ഞി കൊഞ്ചു അച്ചാര്‍,ഇത്താത്താന്റെ ചുട്ട് അരച്ച പോത്തിറച്ചി എന്നിവയാണ് പ്രധാന വിഭവങ്ങള്‍.സാധാരണ ബീഫ് അച്ചാര്‍ പലയിടത്ത് നിന്നും ലഭിക്കും അപ്പോള്‍ വിപണി പിടിക്കണമെങ്കില്‍ വ്യത്യസ്തമായത് കൊടുക്കണം. അതിന്റെ ഭാഗമായാണ് ചുട്ട് അരച്ച പോത്തിറച്ചി കൊണ്ടുള്ള അച്ചാര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

മലയാളികള്‍ മനസ്സ് മടുക്കാതെ കഴിക്കുന്ന വിഭവമാണ് അച്ചാര്‍ എന്നതുകൊണ്ടാണ് താന്‍ ഈ ബിസിനസിലേക്ക് ഇറങ്ങിയത് എന്ന് ഷംല പറയുന്നു. എന്ത് സാധനവും അച്ചാറ് ഇടുന്നതിലും അത് കഴിക്കുന്നതിലും കുഞ്ഞ് നാള്‍ മുതലേ കൗതുകം കണ്ടെത്തിയിരുന്ന ഷംലക്ക് തന്‍ കൈവച്ച മേഖലയില്‍ ഒട്ടും തന്നെ പിഴവ് പറ്റിയില്ല. ഇപ്പോള്‍ ഇത്താത്ത ഈറ്റബിള്‍സ് എന്ന ഈ ബ്രാന്‍ഡ് കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഷംല.

കലര്‍പ്പും മായങ്ങളും പ്രിസര്‍വേറ്റീസും ഇല്ലാതെ ഇത്താത്തയുടെ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം പാചകം ചെയ്യുന്ന അതേ അടുക്കളയില്‍ നിന്നുമാണ് ഈ ഇത്താത്ത നിങ്ങള്‍ക്കായി ഈ വിഭവങ്ങള്‍ പാചകം ചെയ്തു നല്‍കുന്നത്. സംരംഭകത്വത്തിലെ തുടക്കം എന്നോണം ചില നോണ്‍ വെജ് ഐറ്റങ്ങള്‍ ആണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത് എങ്കിലും വെജിറ്റേറിയന്‍ അച്ചാറുകളിലേക്കും ഉടനെ കടക്കുമെന്ന് ഷംല പറയുന്നു.

കടലിനോട് ചേര്‍ന്നാണ് ഷംലയുടെ വീട്. അതിനാല്‍ ഐസിടാത്ത, അമോണിയ ഇല്ലാത്ത ഫ്രഷ് മീനില്‍ ഉണ്ടാക്കുന്ന അച്ചാറാണ് വില്പനയ്ക്കായി എത്തുന്നത്.+9447728482, +9447308760 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ആവശ്യപ്പെടുന്ന അച്ചാറുകള്‍ കൊറിയര്‍ ആയി വീട്ടില്‍ എത്തും

സന്ധ്യടീച്ചറുടെ സന്ധ്യാസ് അച്ചാറുകള്‍

തൃശൂര്‍ പൂച്ചട്ടി സ്വദേശിനിയായ സന്ധ്യ അധ്യാപകിയായി കരിയര്‍ ആരംഭിച്ച വ്യക്തിയാണ്. കേന്ദ്രിയ വിദ്യാലയയില്‍ ടീച്ചറായി ജോലി നോക്കി വരവെയാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കക്ഷിയുടെ മനസ്സില്‍ കൃഷിയോടുള്ള താല്‍പര്യം വേരുറപ്പിക്കുന്നത്. പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. ജോലി രാജി വച്ച് നാട്ടില്‍ വന്നു. സ്വന്തമായുണ്ടായിരുന്ന വീടിനോടു ചേര്‍ന്ന ഭൂമിയില്‍ കൃഷി തുടങ്ങി.

ഒരൊറ്റ വര്‍ഷം കൊണ്ട് തന്റെ വഴിയായിരുന്നു ശരി എന്ന് സന്ധ്യ ടീച്ചര്‍ തെളിയിച്ചു. പയര്‍, പടവലം, വെണ്ട, പാവയ്ക്കാ, തക്കാളി, കാബേജ് തുടങ്ങി ഇപ്പോള്‍ സന്ധ്യ ടീച്ചറിന്റെ കൃഷിയിടത്തില്‍ ഇല്ലാത്ത വിഭവങ്ങള്‍ ഇല്ല. എല്ലാം ജൈവ രീതിയില്‍ കൃഷി ചെയ്തവ. ഒപ്പം ആടുവളര്‍ത്തലും കോഴിവളര്‍ത്തലും. ഇങ്ങനെ ഒരു കാര്‍ഷിക സംരംഭക എന്ന രീതിയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് സന്ധ്യ ടീച്ചര്‍ സന്ധ്യാസ് എന്ന ബ്രാ
ന്‍ഡ് നെയിമില്‍ വെന്ത വെളിച്ചെണ്ണ, അച്ചാറുകള്‍ എന്നിവ വിപണിയിലെത്തിക്കുന്നത്.

ആദ്യം ബ്രാന്‍ഡ് നെയിം ഒന്നും ഇല്ലാതെയായിരുന്നു നിര്‍മാണം. എന്നിട്ട് തന്നെ ആവശ്യക്കാര്‍ ദിനം പ്രതി വര്‍ധിച്ചു വരികയായിരുന്നു. തന്റെ തോട്ടത്തിലെ വിഷവിമുക്തമായ പച്ചക്കറികള്‍ ഉപയോഗിച്ചുള്ള വിവിധങ്ങളായ അച്ചാറുകളാണ് ആദ്യം വിപണിയില്‍ എത്തിച്ചത്. പിന്നീട് ഡിമാന്‍ഡ് കൂടുതല്‍ നോണ്‍ വെജിറ്റേറിയന്‍ അച്ചാറുകള്‍ക്കാണ് എന്ന് മനസിലായപ്പോള്‍ ആ വഴിക്ക് മാറ്റിപ്പിടിച്ചു. ബീഫ്, ഫിഷ് ,ചെമ്മീന്‍ അച്ചാറുകള്‍ വിപണിയില്‍ എത്തിച്ചു. കിലോക്ക് 1000 രൂപയാണ് ടീച്ചര്‍ ഉണ്ടാക്കുന്ന മീന്‍ അച്ചാറിന്റെ വില. ഒരു ആഴ്ചയില്‍ ഏകദേശം 20 കിലോ മീന്‍ അച്ചാര്‍ സന്ധ്യ ടീച്ചര്‍ ഉണ്ടാക്കുന്നുണ്ട്. ഓണ്‍ലൈന്‍, വാട്‌സാപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകള്‍ വഴിയാണ് കൂടുതലായും വില്‍പന നടക്കുന്നത്. താമസിയാതെ വിപണി വിപുലപ്പെടുത്താനും ടീച്ചര്‍ക്ക് പദ്ധതിയുണ്ട്

അമലയുടെ മദേഴ്‌സ് ലവ്

അമ്മമാരുടെ സ്‌നേഹം പോലെ കലര്‍പ്പില്ലാത്ത അച്ചാറുകള്‍ ആണ് മദേഴ്‌സ് ലവ് എന്ന പേരില്‍ തിരുവനന്തപുരം സ്വദേശിനി അമല വിപണിയില്‍ എത്തിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭക്ഷണ വിതരണ രംഗത്ത് സജീവമാണ് അമല. മദേഴ്‌സ് ലവ് എന്ന പേരില്‍ തിരുവനന്തപുരം ജില്ലയില്‍ പൊതിച്ചോറ്, പൊതി ബിരിയാണി എന്നിവ വിതരണം ചെയ്യുന്ന അമലയുടെ കൈപ്പുണ്യം തലസ്ഥാന നഗരിയില്‍ പാട്ടാണ്.
വാട്‌സാപ്പ് വഴിയോ ഫോണ്‍കോള്‍ വഴിയോ ഉച്ച ഭക്ഷണത്തിന് അമലയ്ക്ക് ഓര്‍ഡര്‍ നല്‍കി കൈ കഴുകി കാത്തിരുന്നാല്‍ മാത്രം മതി. കൃത്യ സമയത്ത് ഭക്ഷണം നിങ്ങളുടെ തീന്മേശയില്‍ എത്തിയിരിക്കും. ഇത്തരത്തില്‍ ഫുഡ് ഡെലിവറി ബിസിനസ് ചെയ്ത് നേടിയ പരിചയമാണ് അമലയെ അച്ചാര്‍ ബിസിനസിലേക്ക് നയിച്ചിരിക്കുന്നത്. വെജിറ്റേറിയന്‍ അച്ചാറുകളാണ് അമല പ്രധാനമായും വിപണിയില്‍ എത്തിക്കുന്നത്.

250 ഗ്രാം, 500 ഗ്രാം പാക്കറ്റുകളായാണ് വില്‍പന. പ്രാദേശിക വിപണിയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയയിലൂടെയും വാട്‌സാപ്പിലൂടെയും മറ്റുമായി ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കും അഡ്രസ് നല്‍കുന്നത് അനുസരിച്ച് കൃത്യമായി അച്ചാറുകള്‍ എത്തിച്ചിരിക്കും.

Comments

comments

Categories: FK Special, Slider