‘രാഷ്ട്രീയ സ്ഥിരതയുള്ള, ബിസിനസ് സൗഹൃദമായ ഇന്ത്യയിലേക്ക് സ്വാഗതം’

‘രാഷ്ട്രീയ സ്ഥിരതയുള്ള, ബിസിനസ് സൗഹൃദമായ ഇന്ത്യയിലേക്ക് സ്വാഗതം’

സാമ്പത്തിക ഏകീകരണത്തിന്റെ പാതയിലാണ് രാജ്യം. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് വാര്‍ഷിക യോഗത്തില്‍ പുതിയ ഇന്ത്യയെകുറിച്ച് വാചാലനായി പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്തെ സാമ്പത്തിക ഏകീകരണത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ നിക്ഷേപകരെ സംബന്ധിച്ച് ഇന്ത്യ വളരെ കുറഞ്ഞ ‘അപകട’സാധ്യതയുള്ള സമ്പദ്‌വ്യവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയുടെ നേതൃത്വത്തിലുള്ള ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ (എഐഐബി) മൂന്നാം വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജിഡിപിയുടെ ശതമാനത്തില്‍ സര്‍ക്കാരിന്റെ കടബാധ്യത കുറഞ്ഞുവരികയാണ്. ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം ഉയര്‍ന്ന റേറ്റിംഗ് കൈവരിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. എണ്ണ വില ഉയരുമ്പോഴും പണപ്പെരുപ്പത്തെ നിശ്ചിത തലത്തില്‍ നിയന്ത്രിക്കാന്‍ സാധിച്ചു. ലോകത്തെ ഏറ്റവും നിക്ഷേപ സൗഹൃദ ഇടമെന്ന നിലയില്‍ ഭാരതം മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ സ്ഥിരത, നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്ന നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയാണ് നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്. ഇവയെല്ലാം ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്. ബിസിനസുകള്‍ക്ക് വേണ്ടി ലളിതമായ നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ഇന്ത്യയിലുള്ളത്. അതേസമയം ശക്തമായ പരിഷ്‌കരണങ്ങളും രാജ്യം നടപ്പിലാക്കുന്നു. കാര്യക്ഷമവും സുതാര്യവും വിശ്വാസയോഗ്യവുമായ പശ്ചാത്തലമാണ് നിക്ഷേപകര്‍ക്ക് വേണ്ടി തങ്ങള്‍ പ്രദാനം ചെയ്യുന്നതെന്നും മോദി വ്യക്തമാക്കി.

നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് അനുസൃതമായ രീതിയില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അവര്‍ക്കായി മികച്ച സജ്ജീകരണങ്ങളാണ് രാജ്യത്തുള്ളത്. ആഭ്യന്തര വിപണിയുടെ വലുപ്പം, വിദഗ്ധ തൊഴിലാളികളുടെ ലഭ്യത, മികച്ച ഭൗതിക പശ്ചാത്തലം എന്നിവയാണ് ഒരു നിക്ഷേപകനെ പ്രധാനമായും ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. ഇതില്‍ ഓരോ ഘടകവും ഇന്ത്യ മികച്ച രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അവ പ്രവര്‍ത്തിക്കുന്നതും ഏറ്റവും മെച്ചപ്പെട്ട തലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പുനരുജ്ജീവനത്തിന്റെ ഇന്ത്യന്‍ കഥ ഏഷ്യയുടെ മറ്റ് പലഭാഗങ്ങളിലും പ്രതിഫലിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി

400 ബില്യണ്‍ ഡോളറിലധികമുള്ള വിദേശ വിനിമയ കരുതല്‍ ശേഖരം രാജ്യത്തിന് മതിയായ പിന്തുണ നല്‍കുന്നുണ്ട്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലുള്ള ആഗോള ആത്മവിശ്വാസം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ ക്രമാനുഗതമായി വര്‍ധിച്ചു. ഈ മേഖലയില്‍ മുന്‍നിരയിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമ്പത്തിക വളര്‍ച്ച കൂടുതല്‍ സമഗ്രവും സുസ്ഥിരവുമാക്കുന്നതിന് ഇന്ത്യയും എഐഐബിയും പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയില്‍ അടിസ്ഥാനസൗകര്യ ഫണ്ടിനായി നവീനമായ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകകള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെറ്റ് ഫണ്ടുകള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു പുതിയ ഇന്ത്യ ഉദയം ചെയ്തുകൊണ്ടിരിക്കുകയാണ്. അറിവിനെ ആയുധമാക്കുന്ന സമ്പദ് ഘടനയും ഫ്യൂച്ചറിസ്റ്റിക് ആയ നയങ്ങളും സമഗ്രമായ വികസന സങ്കല്‍പ്പവുമാണ് പുതിയ ഇന്ത്യയെ നയിക്കുക-അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യത്തില്‍ പുതിയ ഇന്ത്യ മികവ് പ്രകടമാക്കി വരികയാണെന്നും ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ശേഷി രാജ്യത്തിനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പുനരുജ്ജീവനത്തിന്റെ ഇന്ത്യന്‍ കഥ ഏഷ്യയുടെ മറ്റ് പലഭാഗങ്ങളിലും പ്രതിഫലിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

Comments

comments

Categories: Slider, Top Stories