വൈറ്റ് ഗുഡ്‌സ് വിപണിയിലേക്ക് 1,000 കോടിയുടെ നിക്ഷേവുമായി ടാറ്റയുടെ റീ-എന്‍ട്രി

വൈറ്റ് ഗുഡ്‌സ് വിപണിയിലേക്ക് 1,000 കോടിയുടെ നിക്ഷേവുമായി ടാറ്റയുടെ റീ-എന്‍ട്രി

തുര്‍ക്കിയിലെ ആഴ്‌സെലിക്കുമായി ചേര്‍ന്ന് വോള്‍ട്ടാസ് ബേക്കോ ബ്രാന്‍ഡില്‍ ടാറ്റ വൈറ്റ്ഗുഡ്‌സ് വിപണിയിലേക്കെത്തും

കൊല്‍ക്കത്ത: രണ്ടു പതിറ്റാണ്ട് മുന്‍പ് ഉപേക്ഷിച്ച വൈറ്റ് ഗുഡ്‌സ് വിപണിയിലേക്ക് ഗംഭീര തിരിച്ചു വരവ് ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്. വോള്‍ട്ടാസ് ബേക്കോ ബ്രാന്‍ഡില്‍ റെഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും ഡിഷ് വാഷറുകളും മൈക്രോവേവ് അവ്‌നുകളുമായാണ് ആഗസ്റ്റില്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ സജീവമാവുക. ആഗസ്റ്റ് മുതല്‍ ഘട്ടം ഘട്ടമായി ഉല്‍പന്നങ്ങള്‍ ലോഞ്ച് ചെയ്യുകയും ഉല്‍സവ സീണണ്‍ ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് ഒക്‌റ്റോബര്‍ മാസത്തോടെ രാജ്യമെങ്ങും സാന്നിധ്യമാകാനുമാണ് ലക്ഷ്യം. 35,000 കോടി രൂപയുടെ ഇന്ത്യന്‍ വൈറ്റ് ഗുഡ്‌സ് വിപണിയില്‍ മൂന്നാം സ്ഥാനമാണ് ടാറ്റ ലക്ഷ്യം വെക്കുന്നത്. 1,000 കോടി രൂപ പ്രാഥമിക നിക്ഷേപമാണ് കമ്പനി ഇതിനായി നിക്ഷേപിക്കുക. വോള്‍ട്ടാസ് ഗ്രൂപ്പിന്റെ ചെയര്‍മാനായ നോയല്‍ ടാറ്റയാവും സംരംഭത്തിന്റെ തിരിച്ചു വരവിന്റെ മേല്‍നോട്ടം വഹിക്കുകയെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

1998 വരെ വോള്‍ട്ടാസ് ബ്രാന്‍ഡില്‍ ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ടാറ്റ അതേ വര്‍ഷം വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍, മൈക്രോവേവ് അവ്ന്‍ ഉല്‍പ്പാദനം നിര്‍ത്തിവെക്കുകയും എയര്‍ കണ്ടീഷണര്‍ മേഖലയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. ഈ തീരുമാനം തെറ്റല്ലെന്ന് തെളിയിക്കുന്ന വര്‍ഷങ്ങളാണ് കടന്നു പോയത്. ഇപ്പോള്‍ രാജ്യത്തെ എസി മാര്‍ക്കറ്റില്‍ വോള്‍ട്ടാസാണ് ഒന്നാമതുള്ളത്. ക്രോമ എന്ന പേരില്‍ സ്ഥാപിച്ച ഇലക്ട്രോണിക്‌സ് ശൃംഖലയും മെച്ചപ്പെട്ട ബിസിനസാണ് കമ്പനിക്ക് നല്‍കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍, ടെലിവിഷനുകള്‍, വൈറ്റ് ഗുഡ്‌സ് എന്നിവയുടെ മികച്ച ഷോറുമുകളായി ക്രോമ പേരെടുത്തു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വളരുന്ന ഇന്ത്യന്‍ വൈറ്റ് ഗുഡ്‌സ് വിപണിയെ കൂടുതല്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ട് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. വിപണിയിലേക്കുള്ള ഉല്‍പ്പാദനം നിര്‍ത്തിയെങ്കിലും 2003 വരെ എല്‍ജിക്കും സാംസങ്ങിനും റെഫ്രിജറേറ്ററുകള്‍ നിര്‍മിച്ചു നല്‍കിയത് വോള്‍ട്ടാസായിരുന്നു.

നൂറ് കോടി ഡോളറിന്റെ വില്‍പനയാണ് വോള്‍ട്ട്‌ബേക്ക് ഹോം അപ്ലയന്‍സസ് ലക്ഷ്യമിടുന്നത്. വോള്‍ട്ടാസിന്റെ വിപുലമായ വിതരണ, വില്‍പന, സര്‍വീസ് ശൃംഖലയും ആഴ്‌സെലിക്കിന്റെ സാങ്കേതിക, ഉല്‍പ്പാദന ശേഷിയുമാണ് സംരംഭം പ്രയോജനപ്പെടുത്തുക.

തുര്‍ക്കി ആസ്ഥാനമായ ആഴ്‌സെലിക്ക് എഎസുമായി ചേര്‍ന്ന സംയുക്ത സംരംഭമാണ് ഇന്ത്യന്‍ വൈറ്റ് ഗുഡ്‌സ് വിപണിയുടെ വൈവിധ്യങ്ങളെ കേന്ദ്രീകരിച്ച് ഉല്‍പന്നങ്ങളിറക്കാന്‍ ടാറ്റക്ക് ആത്മവിശ്വാസം നല്‍കിയിരിക്കുന്നത്. പങ്കാളിത്ത സംരംഭമായ വോള്‍ട്ട്‌ബെക്ക് ഹോം അപ്ലയന്‍സസിന്റെ കീഴിലുള്ള വോള്‍ട്ടാസ് ബേക്കോ ബ്രാന്‍ഡിലാവും ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തുക. മല്‍സരാധിഷ്ടിതമായ വിലയാവും ഉല്‍പന്നങ്ങള്‍ക്കുണ്ടാവുകയെന്ന് വോള്‍ട്ടാസ് ഗ്രൂപ്പ് എംഡിയും വോള്‍ട്ട് ബെക്ക് ബോര്‍ഡ് അംഗവുമായ പ്രദീപ് ബക്ഷി വ്യക്തമാക്കി. ‘കൊറിയന്‍, ചൈനീസ് കമ്പനികളുമായും ആഭ്യന്തര സംരംഭങ്ങളുമായും തോളുരുമ്മിക്കൊണ്ട് പ്രമുഖ സ്ഥാപനമായി മാറാന്‍ ഞങ്ങള്‍ വിപണിയിലെ മല്‍സരത്തിന് അടിസ്ഥാനമായുള്ള വില നിര്‍ണയമാവും നടത്തുക. ആദ്യ ദിനം മുതല്‍ തന്നെ ലാഭമുണ്ടാക്കാനാണ് ലക്ഷ്യം. ആകെ 1,000 കോടി രൂപ ഇതിനായി നിക്ഷേപിക്കും,’- ബക്ഷി പറഞ്ഞു. നൂറ് കോടി ഡോളറിന്റെ വില്‍പനയാണ് വോള്‍ട്ട്‌ബേക്ക് ഹോം അപ്ലയന്‍സസ് ലക്ഷ്യമിടുന്നത്. വോള്‍ട്ടാസിന്റെ വിപുലമായ വിതരണ, വില്‍പന, സര്‍വീസ് ശൃംഖലയും ആഴ്‌സെലിക്കിന്റെ സാങ്കേതിക, ഉല്‍പ്പാദന ശേഷിയുമാണ് സംരംഭം പ്രയോജനപ്പെടുത്തുക.

2019 പാതിയോടെ ആഭ്യന്തര ഉല്‍പാദനം ആരംഭിക്കാനാണ് പദ്ധതി. അതുവരെ ആഴ്‌സെലിക്കിന്റെ തായ്‌ലാന്റിലും ചൈനയിലും തുര്‍ക്കിയിലുമുള്ള ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യും. ഗുജറാത്തിലെ സാനന്ദിലെ ഫാക്റ്ററിയില്‍ വൈകാതെ ഉല്‍പ്പാദനം ആരംഭിക്കും. ദശലക്ഷം റെഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും അഞ്ച് ലക്ഷം മൈക്രോവേവ് അവ്‌നുകളും ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി വൈകാതെ കമ്പനിക്ക് കൈവരുമെന്നും പ്രദീപ് ബക്ഷി അറിയിച്ചു.

Comments

comments

Categories: Business & Economy