സൗരോര്‍ജ സഖികള്‍

സൗരോര്‍ജ സഖികള്‍

മണല്‍നഗരികളുടെ സംസ്ഥാനം രാജസ്ഥാനില്‍ ഗ്രാമീണസ്ത്രീകള്‍ മാറ്റത്തിന്റെ വിളക്കുകളാകുന്നു

മഴ എത്തി നോക്കാത്ത, ഉണങ്ങി വരണ്ട ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ഇന്ധനക്ഷാമം മുഷിപ്പിച്ച ജീവിതങ്ങളിലേക്ക് പ്രകാശം പരത്തി പെണ്‍കൂട്ടായ്മ. രാത്രി ഇരുട്ടകറ്റാനും അടുപ്പില്‍ തീ പുകയ്ക്കാനും കല്‍ക്കരിയെ മാത്രം ആശ്രയിച്ചിരുന്ന രാജസ്ഥാന്‍ ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ക്ക് പൊടിയും പുകയുമില്ലാതെ സൗരോര്‍ജമെത്തിക്കാന്‍ പ്രയത്‌നിക്കുന്നത് സോളാര്‍ സഹേലികള്‍ എന്ന വനിതാകൂട്ടായ്മയാണ്. സഹേലി എന്നാല്‍ ഹിന്ദിയില്‍ കൂട്ടുകാരി എന്നാണ് അര്‍ത്ഥം. സൗരോര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ അയല്‍വാസികളെ സമ്മതിപ്പിച്ചെടുക്കുകയെന്ന ദൗത്യമാണ് ഇവരേറ്റെടുത്തിരിക്കുന്നത്.

കേള്‍ക്കുമ്പോള്‍ എളുപ്പമായി തോന്നുമെങ്കിലും ശ്രമകരമായ ദൗത്യമാണിത്. ഗ്രാമീണഇന്ത്യയില്‍ സൗരോര്‍ജ പദ്ധതികള്‍ തുടങ്ങിയിട്ട് ദശകങ്ങളായെങ്കിലും ഈ രംഗത്ത് രാജ്യത്തിനു കാര്യമായ മുന്നേറ്റം നടത്താന്‍ പറ്റാത്തതിനു കാരണം ഗുണനിലവാരമില്ലായ്മയാണ്. പല പദ്ധതികളും തുടങ്ങിവെച്ചയിടത്തു നിന്നു മുമ്പോട്ടു പോകാനാകാതെ ഉഴലുകയും ഉപകരണങ്ങള്‍ പലതും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയുമാണു ചെയ്തിരിക്കുന്നത്. സോളാര്‍ പോലുള്ള പാരമ്പര്യേതര ഊര്‍ജപദ്ധതികള്‍ പരാജയമാണെന്ന വിശ്വാസം ഉറപ്പിക്കുന്നതിലേക്കാണ് ഇത് നാട്ടുകാരെ നയിച്ചത്. സോളാര്‍ സഖികളുടെ മുമ്പിലുണ്ടായ ആദ്യ കടമ്പ ഈ തെറ്റിദ്ധാരണ നീക്കം ചെയ്യുകയെന്നതായിരുന്നു.

അതിവേഗം ജനസംഖ്യ വളരുന്ന ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ നാം കരുതുന്നതിനേക്കാള്‍ വളരെ വലുതാണ്. രാജ്യത്തെ നാലിലൊന്നു ജനങ്ങള്‍ക്കും ഇന്നും വൈദ്യുതി കിട്ടാക്കനിയാണ്.132. 42 കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്ത് വൈദ്യുതി ലഭിച്ചിട്ടില്ലാത്ത വീടുകള്‍ നിരവധിയാണ്. വീട്ടില്‍ വെളിച്ചം പോയിട്ട്, പാചകം, ശുചീകരണം, ആരോഗ്യ ശുചിത്വം തുടങ്ങിയ നിത്യനിദാന കാര്യങ്ങള്‍ക്കു പോലും അവര്‍ ബുദ്ധിമുട്ടുന്നു. വൈദ്യുതിവിളക്കുകള്‍ ഇല്ലാത്തത് പാവപ്പെട്ടവരുടെ അടിസ്ഥാനവിദ്യാഭ്യാസ പുരോഗതിയെയും ജീവിതനിലവാരത്തെത്തന്നെയും ദോഷകരമായി ബാധിക്കുന്നു. വൈദ്യുതികണക്ഷന്‍ ലഭ്യമായ നിരവധി പേര്‍ക്കാകട്ടെ അത് പേരിനുമാത്രമാണ് കിട്ടുന്നത്. ഇത് വൈദ്യുതി ക്ഷാമം ഫലത്തില്‍ വൈദ്യുതി കിട്ടാത്തവരുടെ നിലയിലേക്ക് ഇവരെയും തള്ളിവിടുന്നു. പ്രസരണനഷ്ടം, പവര്‍കട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം ഊര്‍ജാവശ്യത്തിന് വൈദ്യുതിയെ ആശ്രയിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുന്നു.

പലവിധ പാരമ്പര്യേതര ഊര്‍ജ ഉറവിടങ്ങളുടെ കണ്ടുപിടിത്തത്തോടെ കല്‍ക്കരി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ജല വൈദ്യുതനിലയങ്ങള്‍ തുടങ്ങിയവയെ മാത്രം ആശ്രയിച്ചിരുന്ന ഊര്‍ജമേഖല സമൂല പരിവര്‍ത്തനത്തിനു വിധേയമായിരിക്കുന്നു. ഇവയ്ക്കു വേണ്ടി വരുന്ന വമ്പിച്ച ചെലവും കാര്‍ബണ്‍ പുറംതള്ളലിനെതിരേയുള്ള പ്രചാരണവും സര്‍വോപരി ഫോസില്‍ ഇന്ധനങ്ങള്‍ ഉറവ വറ്റുമെന്ന റിപ്പോര്‍ട്ടുകളും പുതിയ ഒട്ടേറെ മേഖലകളിലേക്ക് ഗവേഷണം നടത്താന്‍ പ്രേരകമായി. ആണവനിലയങ്ങള്‍, ദ്രവീകൃത പ്രകൃതിവാതകം എന്നിവയ്ക്കു പുറമെ, പരിസ്ഥിതിയെ ഒരു വിധത്തിലും നോവിക്കാതെയുള്ള സൗരോര്‍ജ നിലയങ്ങള്‍ വരെ ഇന്ന് ഊര്‍ജോല്‍പ്പാദനരംഗത്ത് സജീവമാണ്.

ആശയവിനിമയം, വിപണനം, വിവരശേഖരണം, പ്രദര്‍ശനവും വില്‍പ്പനാനന്തര സേവനവും തുടങ്ങിയ മേഖലകളില്‍ സ്ത്രീകളുടെ മൂല്യത്തെപ്പറ്റി ഞങ്ങള്‍ മനസിലാക്കുന്നു. സംരംഭത്തിലെ സ്ത്രീപങ്കാളിത്തമാണ് പ്രധാന ഘടകം, വെറും വില്‍പ്പനയിലൊതുങ്ങുന്നതല്ല ഇത്. സോളാര്‍ ഉല്‍പ്പന്ന വില്‍പ്പനയ്‌ക്കൊപ്പം സഹേലികള്‍ പഴയതു പോലെ കുടുംബം നടത്തിപ്പോരുകയും കൃഷിപ്പണിയിലേര്‍പ്പെടുകയും ചെയ്യുന്നുണ്ട്

ഇന്ന് ഓഹരിവിപണിയില്‍ പണം നിക്ഷേപിക്കുന്നതു പോലെ സൗരോര്‍ജമേഖലയിലും പണം നിക്ഷേപിക്കാന്‍ അവസരങ്ങളൊരുങ്ങുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ നിക്ഷേപകര്‍ സൗരോര്‍ജപാനലുകളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇത് നിക്ഷേപകരുടെ അക്ഷയഖനിയായി മാറാന്‍ വലിയ സമയമെടുക്കില്ലെന്നതാണ് വസ്തുത. പണച്ചെലവേറിയ ഫോസില്‍ ഇന്ധനങ്ങളും ജല, ആണവോര്‍ജവും സൗരോര്‍ജത്തിലേക്കു മാറ്റുന്നത് വ്യക്തികള്‍ക്കു മാത്രമല്ല രാജ്യങ്ങള്‍ക്കും വലിയ ആശ്വാസമാകും. ഊര്‍ജത്തിനു ചെലവാകുന്ന സഞ്ചിത ദേശീയനഷ്ടം ഒഴിവാകുമെന്നു മാത്രമല്ല, ഇടതടവില്ലാത്ത ഊര്‍ജദായിനിയായി നിലകൊള്ളുന്നതിനൊപ്പം സൗരോര്‍ജപാനലുകള്‍ വരുമാനമാര്‍ഗവുമാകുന്നു.

ഈ സാഹചര്യത്തെ പ്രയോജനപ്പെടുത്താനായിരുന്നു യുവസംരംഭകയായ അജെയ്ത ഷായുടെ തീരുമാനം. 2011-ല്‍ ഫ്രോണ്ടിയര്‍ മാര്‍ക്കറ്റ്‌സ് എന്ന കമ്പനി സ്ഥാപിച്ചു കൊണ്ടാണ് അവര്‍ ഊര്‍ജവികസനരംഗത്തേക്കു പ്രവേശിച്ചത്. പാരമ്പര്യേതര ഊര്‍ജ ഉല്‍പ്പാദന വസ്തുക്കളെ സാധാരണക്കാര്‍ക്കു പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. സര്‍ക്കാര്‍ വൈദ്യുതി ശൃംഖലയെ ആശ്രയിച്ചിരുന്ന ഗ്രാമവാസികള്‍ക്ക് കമ്പനി, പുനരുപയോഗ ഊര്‍ ഉപകരണങ്ങള്‍ വില്‍ക്കാനാരംഭിച്ചു.

രാജസ്ഥാന്‍ തലസ്ഥാനം ജയ്പ്പുറിനെയാണ് അവര്‍ പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുത്തത്. വര്‍ഷം മുഴുവന്‍ സൂര്യപ്രകാശം ലഭിക്കുന്ന സംസ്ഥാനമാണിത്. ശരാശരി 300- 330 ദിവസം വരെ സൂര്യന്‍ കത്തി നില്‍ക്കുമിവിടെ. ഇത് ഫ്രോണ്ടിയര്‍മാര്‍ക്കറ്റ്‌സ് ശുഭസൂചനയായെടുത്തു. വൈദ്യുതിലഭ്യതയുടെ കാര്യത്തില്‍ സ്ഥിരത കാണില്ലെങ്കിലും സൂര്യപ്രകാശത്തിന്റെ കാര്യത്തില്‍ സുസ്ഥിരത ഉണ്ടായിരിക്കുമെന്ന തിരിച്ചറിവ് കമ്പനിയുടെ മുമ്പോട്ടുള്ള യത്‌നങ്ങള്‍ക്ക് അനുകൂലമാകുമെന്ന് അവര്‍ മനസിലാക്കി.

ഗ്രാമീണഇന്ത്യയില്‍ സൗരോര്‍ജ പദ്ധതികള്‍ തുടങ്ങിയിട്ട് ദശകങ്ങളായെങ്കിലും ഈ രംഗത്ത് രാജ്യത്തിനു കാര്യമായ മുന്നേറ്റം നടത്താന്‍ പറ്റാത്തതിനു കാരണം ഗുണനിലവാരമില്ലായ്മയാണ്. പല പദ്ധതികളും തുടങ്ങിവെച്ചയിടത്തു നിന്നു മുമ്പോട്ടു പോകാനാകാതെ ഉഴലുകയും ഉപകരണങ്ങള്‍ പലതും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയുമാണു ചെയ്തിരിക്കുന്നത്

ആദ്യ അഞ്ചു വര്‍ഷങ്ങള്‍ ബിസിനസ് വിപുലീകരണത്തിന്റെ യാതനകള്‍ നേരിട്ടവയായിരുന്നുവെന്ന് അജെയ്ത പറയുന്നു. എന്നാല്‍ ഇതിനിടെ അവര്‍ രണ്ടു പാഠങ്ങള്‍ പഠിച്ചു. ഉപയോക്താവിന്റെ ഒരു മൈല്‍ ചുറ്റളവില്‍ ഉല്‍പ്പന്നം ലഭ്യമായിരിക്കാന്‍ ശ്രദ്ധിക്കണം. അവസാന വട്ട വിതരണത്തിന്റെ കാര്യത്തില്‍ ഇതു സുപ്രധാനമാണ്. പുതിയ വിപണികള്‍ തുറക്കുമ്പോള്‍ വിശ്വസ്തരായ ദൂതന്മാരെ ആവശ്യമാണെന്ന പാഠമാണ് രണ്ടാമത്തേത്. ഇതിനു വേണ്ടിയാണ് പ്രദേശവാസികളായ സ്ത്രീകള്‍ക്ക് സൗരോര്‍ജ സംരംഭകരായി പരിശീലനം നല്‍കിയത്. രണ്ടു വര്‍ഷത്തിനകം ആയിരം സോളാര്‍ സഹേലികളുടെ ശൃംഖല സംസ്ഥാനത്ത് ആരംഭിക്കാന്‍ അജെയ്തയ്ക്കായി.

സഹേലികളിലൊരാളാണ് സന്തോഷ് കന്‍വര്‍. രണ്ട് നാട്ടുകാര്‍ക്കു മുമ്പില്‍ അവര്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് വിവരണം നടത്തുന്നു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ട്യൂബ് ലൈറ്റ് മുതല്‍ ഞെക്കു വിളക്കുവരെയുണ്ട് കൂട്ടത്തില്‍. ആളുകളെ ബോധവല്‍ക്കരിക്കുന്നത് അത്ര എളുപ്പമല്ലെന്ന് അവര്‍ പ്രതികരിക്കുന്നു. വീണ്ടും വീണ്ടും ഉപയോക്താക്കളുടെ അടുത്ത് പോകേണ്ടി വരുന്നുണ്ട്. സൗരോര്‍ജ ടോര്‍ച്ചുകള്‍ക്ക് വൈദ്യുതി വേണ്ടതില്ലെന്ന് അവരോട് ആവര്‍ത്തിക്കേണ്ടി വരുന്നുണ്ട്. രീചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയിലാണിത് പ്രവര്‍ത്തിക്കുന്നത്. സാധാരണ ടോര്‍ച്ചുകള്‍ക്ക് കച്ചവടക്കാര്‍ യാതൊരു ഗ്യാരന്റിയും നല്‍കാറില്ല. എന്നാല്‍ സോളാര്‍ ഉപകരണങ്ങള്‍ക്ക് വില്‍പ്പനാനന്തര സേവനം നല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.

എന്നാല്‍, സഹേലികള്‍ മാറ്റത്തിന്റെ പാതയാണ് നാട്ടുകാര്‍ക്കു കാണിച്ചു കൊടുക്കുന്നത്. വൈദ്യുതി ലഭ്യമായതോടെ ഇതര മേഖലകളിലും വികസനം സാധ്യമാകുമെന്ന വിശ്വാസം ഇവര്‍ക്കു വന്നിട്ടുണ്ട്. പദ്ധതി ആരംഭിച്ചിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. കൂടുതല്‍ ഗ്രാമങ്ങളില്‍ പദ്ധതി നടത്താനുള്ള ശ്രമം പുരോഗമിക്കുന്നു. രാജസ്ഥാനു പുറമെ ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അജെയ്ത. ഗ്രാമീണ മേഖലകളിലും ഇതരസംസ്ഥാനങ്ങളിലുമാണ് പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. സര്‍ക്കാരും അധികൃതരും ഇതിനെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്. പുനഃചംക്രമണം എന്ന ലളിതമായ ആശയം, അടിസ്ഥാന ഊര്‍ജതന്ത്രം, ചെറിയതോതിലുള്ള ഇന്നൊവേഷന്‍ എന്നിവ യോജിപ്പിച്ചാല്‍ ഗ്രാമീണഇന്ത്യയുടെ ഊര്‍ജപ്രതിസന്ധിക്കു പരിഹാരമാകുമെന്ന് ഫ്രോണ്ടിയര്‍ മാര്‍ക്കറ്റ്‌സ് വെട്ടിത്തെളിച്ച പാത വ്യക്തമാക്കുന്നു.

രാജസ്ഥാനിലെ കര്‍ഷകര്‍ സംസ്ഥാനത്തെ വൈദ്യുതിക്ഷാമത്തെക്കുറിച്ചും പതിവായുള്ള പവര്‍കട്ടിനെക്കുറിച്ചും പരാതിപ്പെടാറുണ്ട്. സൗരോര്‍ജത്തെപ്പറ്റിയുള്ള ഇവരുടെ അറിവ് ടോര്‍ച്ചുകളുടെ കാര്യത്തില്‍ ഒതുങ്ങിയിരിക്കുന്നു. ഇത് സാധാരണ രീതിയിലുള്ള വൈദ്യുതി ഉല്‍പ്പാദനത്തിനും പറ്റുമെന്ന കാര്യത്തെക്കുറിച്ച് ഇവര്‍ക്കു പിടിയില്ല. ചിലര്‍ക്ക് ഇത് നമ്മുടെ നാട്ടില്‍ എത്തിയിട്ടുണ്ടോ എന്നു സംശയമാണ്. ഇങ്ങെയുള്ളവര്‍ക്ക് ഇത് പരിചയപ്പെടുത്തുന്നത് ഒരു ഹിമാലയന്‍ദൗത്യമാണ്. എന്നാല്‍, ഇത്തരമൊരു സംരംഭത്തിനായി സ്ത്രീകളില്‍ നിക്ഷേപം നടത്തുന്നതില്‍ അജെയ്തയ്ക്ക് നല്ല ആത്മവിശ്വാസമുണ്ട്. ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെയും മാറ്റത്തിന്റെയും താക്കോലാണിതെന്ന് അവര്‍ പറയുന്നു.

അജെയ്തയുടെ സംരംഭകമാതൃക വിജയപഥത്തില്‍ തന്നെയാണ്. എന്നാല്‍ അതിന്റെ വിജയത്തില്‍ സഹേലികള്‍ക്കു കൂടി പങ്കുണ്ട്. അവരില്‍ പലര്‍ക്കും വരുമാനമാര്‍ഗം മാത്രമല്ല ഇത്, ആദ്യമായി സ്വന്തം സമ്പദ്‌വ്യവസ്ഥയില്‍ പങ്കാളിത്തം വഹിക്കുന്നതിന്റെ സാര്‍ത്ഥകത കൂടി അവകാശപ്പെടാനാകുന്നു

ആശയവിനിമയം, വിപണനം, വിവരശേഖരണം, പ്രദര്‍ശനവും വില്‍പ്പനാനന്തര സേവനവും തുടങ്ങിയ മേഖലകളില്‍ സ്ത്രീകളുടെ മൂല്യത്തെപ്പറ്റി ഞങ്ങള്‍ മനസിലാക്കുന്നു. സംരംഭത്തിലെ സ്ത്രീപങ്കാളിത്തമാണ് പ്രധാന ഘടകം, വെറും വില്‍പ്പനയിലൊതുങ്ങുന്നതല്ല ഇത്. സോളാര്‍ ഉല്‍പ്പന്ന വില്‍പ്പനയ്‌ക്കൊപ്പം സഹേലികള്‍ പഴയതു പോലെ കുടുംബം നടത്തിപ്പോരുകയും കൃഷിപ്പണിയിലേര്‍പ്പെടുകയും ചെയ്യുന്നുണ്ട്. സ്ത്രീശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയാണിത്. അവരുടെ ഭര്‍ത്താക്കന്മാര്‍ ജോലിക്കായി വീടുവിട്ടു പോകുന്നതു പോലെയല്ല ഇത്. കുടുംബജീവിതം മുമ്പോട്ടു കൊണ്ടു പോകുന്നതു പോലെ അവര്‍ ജോലിയുമെടുക്കുന്നു. നാട്ടുകാരുടെ ആവശ്യങ്ങള്‍ മനസിലാക്കിയുള്ള പ്രവര്‍ത്തനമാണിത്. കാരണം, വീട്ടില്‍ വെളിച്ചത്തിന്റെ ആവശ്യമുള്ളതു പോലെത്തന്നെ രാത്രിയില്‍ പാടത്ത് ടോര്‍ച്ചും അവശ്യമാണെന്ന അറിവ് ആരും അവര്‍ക്ക് പറഞ്ഞു കൊടുെേക്കെണ്ടതില്ല. പരമ്പരാഗതമായി അവര്‍ അനുഭവിക്കുന്ന കാര്യം മാത്രമാണത്.

ഗ്രാമീണജനതയുമായുള്ള സുദീര്‍ഘബന്ധം കെട്ടിപ്പടുക്കാന്‍ പറ്റിയെന്നതാണ് സംരംഭം കൊണ്ടുണ്ടായ ഒരു പ്രധാന ഗുണമെന്ന് അജെയ്ത പറയുന്നു. ഇന്ന് തന്റെ കമ്പനിയില്‍ നിന്ന് ഒരു സോളാര്‍ ടോര്‍ച്ച് വാങ്ങുമ്പോള്‍, അത് തീര്‍ച്ചയായും അവര്‍ക്ക് ഉപയോഗമുണ്ടെന്നതു നേരാണെങ്കിലും സഹേലികളുമായുള്ള ബന്ധവും അതില്‍ നിര്‍ണായകമാണ്. അവര്‍ ഉപകരണത്തിന്റെ ഗുണത്തെപ്പറ്റി നല്‍കിയ അറിവാണ് ഇതിന്റെ വില്‍പ്പനയ്ക്കു കാരണം. ഒരു സൗരോര്‍ജ പൗള്‍ട്രി യന്ത്രവും ഗാര്‍ഹിക ദീപസങ്കേതവും അവര്‍ തങ്ങളില്‍ നിന്നു വാങ്ങിക്കും.

അജെയ്തയുടെ സംരംഭകമാതൃക വിജയപഥത്തില്‍ തന്നെയാണ്. എന്നാല്‍ അതിന്റെ വിജയത്തില്‍ സഹേലികള്‍ക്കു കൂടി പങ്കുണ്ട്. അവരില്‍ പലര്‍ക്കും വരുമാനമാര്‍ഗം മാത്രമല്ല ഇത്, ആദ്യമായി സ്വന്തം സമ്പദ്‌വ്യവസ്ഥയില്‍ പങ്കാളിത്തം വഹിക്കുന്നതിന്റെ സാര്‍ത്ഥകത കൂടി അവകാശപ്പെടാനാകുന്നു. സന്തോഷ് കന്‍വറിനെപ്പോലുള്ളവര്‍ക്കാകട്ടെ കുടുംബത്തെ കരകേറ്റാനുള്ള വരുമാനത്തിനപ്പുറം ആഗ്രഹസാഫല്യവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന പ്രവൃത്തിയുമാണിത്. ഇത്രയും വിലപിടിപ്പുള്ള ഉകരണങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ അനുവാദം കിട്ടുന്നതും നാട്ടുകാര്‍ വിശ്വസിച്ച് ഇവ വാങ്ങിക്കുകയും ചെയ്യുന്നത് തന്നില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം സൃഷ്ടിക്കുന്നുവെന്ന് അവര്‍ പറയുന്നു. പണം സമ്പാദിക്കുന്നു എന്നതു ശരിതന്നെ, എന്നാല്‍ അതിനേക്കാള്‍ വലിയ സ്വപ്‌നമാണ് തന്നെ ഇന്നു നയിക്കുന്നത്. സ്വന്തമായി ഒരു ഷോപ്പ് ശരിയാക്കി അതില്‍ ഈ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കു വെക്കുകയാണ് ഇപ്പോഴത്തെ ആഗ്രഹമെന്ന് അവര്‍ പറയുന്നു. ഇത്തരം പ്രത്യാശകള്‍ കൂടിയാണ് അജെയ്ത എന്ന യുവസംരംഭക, രാജസ്ഥാനിലെ പാര്‍ശ്വവല്‍ക്കൃതരായ സ്ത്രീകള്‍ക്ക് സ്വസംരംഭത്തിലൂടെ നല്‍കുന്നത്. ഇതാണ് ശരിയായ സ്ത്രീശാക്തീകരണവും ദാരിദ്ര്യ നിര്‍മാര്‍ജനവുമെന്നു പറയാം.

Comments

comments

Categories: FK Special, Slider
Tags: solar energy