ബ്രിട്ടന്റെ ആരോഗ്യം ഉറപ്പാക്കിയ ഏഴ് പതിറ്റാണ്ടുകള്‍

ബ്രിട്ടന്റെ ആരോഗ്യം ഉറപ്പാക്കിയ ഏഴ് പതിറ്റാണ്ടുകള്‍

ബ്രിട്ടീഷുകാരുടെ സാമൂഹിക പ്രതിബദ്ധത ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാണിക്കുന്ന ഒന്നാണ് എന്‍എച്ച്എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്. പൗരന്മാര്‍ക്കു സൗജന്യമായി ആരോഗ്യസേവനം ലഭ്യമാക്കുക എന്നതാണ് എന്‍എച്ച്എസിന്റെ ദൗത്യം. രൂപീകൃതമായിട്ട് ഈ വര്‍ഷം ജുലൈയില്‍ ഏഴ് പതിറ്റാണ്ടുകള്‍ തികയ്ക്കുകയാണ് എന്‍എച്ച്എസ്. ചികിത്സാ ചെലവുകള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്തും ആരോഗ്യമേഖലയില്‍ സൗജന്യ സേവനം ലഭ്യമാക്കി ലോകത്തിനു മാതൃകയാണ് എന്‍എച്ച്എസ്

വരുമാനമോ, ജോലിയോ, സമൂഹത്തിലെ സ്ഥാനമാനങ്ങളോ, മറ്റ് ഘടകങ്ങളോ പരിഗണിക്കാതെ പൗരത്വം മാത്രം അടിസ്ഥാനമാക്കി ലോകത്ത് ആദ്യമായി പൂര്‍ണമായും സൗജന്യ ആരോഗ്യപരിപാലനം ലഭ്യമാക്കിയതു യുകെയില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസാണ്. ഈ വര്‍ഷം ജുലൈയില്‍ എന്‍എച്ച്എസ് 70 വയസ് പൂര്‍ത്തിയാക്കുകയാണ്.

യുകെയില്‍ ഉടനീളം, എന്‍എച്ച്എസുമായി ബന്ധപ്പെട്ട് 1.7 ദശലക്ഷം പേരാണ് ഇന്നു ജോലി ചെയ്യുന്നത്. ലോകത്തെ അഞ്ചാമത്തെ വലിയ തൊഴിലുടമയാണ് ഇന്ന് എന്‍എച്ച്എസ്. ആശുപത്രികള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരെ ഒരു കുടക്കീഴില്‍ അണിനിരത്തി എന്നതാണ് എന്‍എച്ച്എസിന്റെ നേട്ടമായി എടുത്തുപറയുന്നത്. സമീപകാലത്ത് ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്ില്‍നിന്നും ലഭ്യമായ ഡാറ്റ അനുസരിച്ച് യുകെ പ്രതിവര്‍ഷം ഓരോ പൗരന്റെയും ആരോഗ്യപരിപാലനത്തിനു വേണ്ടി ശരാശരി 4,192 ഡോളര്‍ എന്‍എച്ച്എസിലൂടെ ചെലവഴിക്കുന്നുണ്ടെന്നാണ്.

ഒരാള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു. ഉടന്‍ തന്നെ അയാള്‍ അടുത്തുള്ള ആശുപത്രിയിലെത്തുന്നു. ഡോക്ടറെ സന്ദര്‍ശിക്കുന്നു. പരിശോധിച്ചതിനു ശേഷം ആവശ്യമുള്ള ചികിത്സയും മരുന്നും ലഭിക്കുന്ന. ഇത്രയും കാര്യം നടന്നു കഴിയുമ്പോള്‍ നമ്മളുടെ നാട്ടിലെ ഇന്നത്തെ സാഹചര്യത്തില്‍ ചുരുങ്ങിയത് 1,000 രൂപയെങ്കിലും ചെലവഴിക്കേണ്ടതുണ്ട്. എന്നാല്‍ യുകെയിലാണെങ്കില്‍ യാതൊരു തുകയും ചെലവഴിക്കേണ്ടി വരില്ല. വരുമാനമോ, ജോലിയോ, സമൂഹത്തിലെ സ്ഥാനമാനങ്ങളോ, മറ്റ് ഘടകങ്ങളോ പരിഗണിക്കാതെ തികച്ചും സൗജന്യമായ സേവനം ലഭ്യമാകും. പൗരത്വം അടിസ്ഥാനമാക്കി ലോകത്ത് ആദ്യമായി പൂര്‍ണമായും സൗജന്യ ആരോഗ്യപരിപാലനം ലഭ്യമാക്കിയതു യുകെയില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസാണ്. എന്‍എച്ച്എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പ്രവര്‍ത്തനമാരംഭിച്ചിട്ട് ഈ വര്‍ഷം ജുലൈ അഞ്ചിന് ഏഴ് പതിറ്റാണ്ടുകള്‍ തികയ്ക്കുകയാണ്. ആശുപത്രികള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരെ ഒരു കുടക്കീഴില്‍ അണിനിരത്തി എന്നതാണ് എന്‍എച്ച്എസിന്റെ നേട്ടമായി എടുത്തുപറയുന്നത്. സേവനത്തിന്റെ എഴുപത് വര്‍ഷങ്ങളിലെത്തുമ്പോള്‍ എന്‍എച്ച്എസ് ഒരുപാട് മാറ്റങ്ങള്‍ക്കു വിധേയമായിരിക്കുന്നു.

എന്‍എച്ച്എസിന്റെ നാഴികക്കല്ലുകളില്‍ ചിലത്
 • 1958 പോളിയോ, ഡിഫ്തീരിയ വാക്‌സിനേഷന്‍ പ്രോഗ്രാം നടപ്പിലാക്കി.
 • 1960 യുകെയില്‍ ആദ്യമായി കിഡ്‌നി ട്രാന്‍സ്പ്ലാന്റ് നടത്തി.
 • 1978 ലോകത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശു ലൂയിസ് ബ്രൗണ്‍ ജനിച്ചു.
 • 1979 കുട്ടികളില്‍ ആദ്യത്തേതെന്നു രേഖപ്പെടുത്തിയ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി.
 • 1986 ആദ്യ എയിഡ്‌സ് ഹെല്‍ത്ത് ക്യാംപെയ്ന്‍ നടത്തി.
 • 1987 ആദ്യ ലിവര്‍, ഹാര്‍ട്ട്, ലംഗ് ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയ നടത്തി.
 • 1988 ബ്രെസ്റ്റ് സ്‌ക്രീനിംഗ് അവതരിപ്പിച്ചു.
 • 1991 എന്‍എച്ച്എസ് ട്രസ്റ്റ് രൂപീകരിച്ചു.
 • 1994 അവയവ ദാന രജിസ്റ്റര്‍ രൂപീകരിച്ചു.
 • 2002 വിജയകരമായി ജീന്‍ തെറാപ്പി നടത്തി.
 • 2012 കൈ മാറ്റ ശസ്ത്രക്രിയ യുകെയില്‍ ആദ്യമായി നടത്തി.

സില്‍വിയ എന്ന ആദ്യ പേഷ്യന്റ്

1948 ജുലൈ അഞ്ചിനു യുകെയിലെ ഗ്രേറ്റ് മാഞ്ചെസ്റ്ററില്‍ (ഇന്ന് ഈ സ്ഥലം അറിയപ്പെടുന്നത് ട്രാഫോഡ് ജനറല്‍ എന്നാണ്) പാര്‍ക്ക് ഹോസ്പിറ്റല്‍ (ട്രാഫോഡ് ജനറല്‍ ഹോസ്പിറ്റല്‍) ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഈ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത സില്‍വിയ ബെക്കിംഗ്ഹാം എന്ന 13-കാരിയാണ് എന്‍എച്ച്എസ് പ്രകാരം ചികിത്സ ലഭിച്ച ആദ്യ പേഷ്യന്റ്. അന്ന് ബ്രിട്ടന്റെ ഹെല്‍ത്ത് സെക്രട്ടറി അന്യൂറിന്‍ ബെവനാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിനു ശേഷം അദ്ദേഹം സില്‍വിയ ബെക്കിംഗ്ഹാമിനെ സന്ദര്‍ശിക്കാനെത്തിയിരുന്നു. സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടത് എന്‍എച്ച്എസ് പോലെ പരിഷ്‌കൃതമായ ഒരു സേവനം ലോകത്തു മറ്റൊരു രാജ്യവും നടപ്പിലാക്കിയിട്ടില്ലെന്നാണ്. വിവിധ നികുതിയിലൂടെ സര്‍ക്കാരിന് ലഭിച്ചിരുന്ന തുകയുടെ ഒരു ഓഹരിയാണ് ആശുപത്രിയുടെ ചെലവിനായി മാറ്റിവച്ചിരുന്നത്.

എന്‍എച്ച്എസ് എന്ന പേരിനു പിന്നിലുള്ള കഥ

സ്റ്റേറ്റ് മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിച്ച, ലിവര്‍പൂളില്‍നിന്നുള്ള ഫിസീഷ്യന്‍ ഡോ. ബെഞ്ചമിന്‍ മൂറിനാണു നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് എന്ന പേര് ആദ്യമായി ഉപയോഗിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും നല്‍കിയിരിക്കുന്നത്. 1910-ല്‍ അദ്ദേഹത്തിന്റെ ദി ഡോണ്‍ ഓഫി ദി ഹെല്‍ത്ത് ഏജ് എന്ന പുസ്തകത്തില്‍ ഈ പേര് പരാമര്‍ശിക്കുന്നുണ്ട്. പൊലീസുകാരന്‍ കുറ്റകൃത്യങ്ങളെ അമര്‍ച്ച ചെയ്യുന്നതു പോലെ, ഒരു ഫിസീഷ്യനും രോഗങ്ങളെ അമര്‍ച്ച ചെയ്യണമെന്നും ഇതിനായി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആരോഗ്യസേവന വിഭാഗം രൂപപ്പെടുത്തണമെന്നും അദ്ദേഹം പുസ്തകത്തില്‍ വിവരിച്ചിരുന്നു.

അന്യൂറിന്‍ ബെവന്‍: എന്‍എച്ച്എസിന്റെ ആര്‍ക്കിടെക്റ്റ്

എന്‍എച്ച്എസിന്റെ സ്ഥാപകനെന്നു വിശേഷിപ്പിക്കുന്നത് അന്യൂറിന്‍ ബെവനെയാണ്. ക്ലെമന്റ് ആറ്റ്‌ലിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ ലേബര്‍ സര്‍ക്കാര്‍ രൂപീകൃതമായപ്പോള്‍ അന്യൂറിന്‍ ബെവനായിരുന്നു മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. ആരോഗ്യ വകുപ്പിന്റെ ചുമതലയും ഇദ്ദേഹമായിരുന്നു വഹിച്ചിരുന്നത്. 1945-ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിനു ശേഷം നിര്‍ണായകമായൊരു ഘട്ടത്തിലൂടെ കടന്നു പോകുന്ന കാലം. ലോകം എല്ലാ മേഖലയിലും പുനര്‍നിര്‍മാണം നടത്തുന്ന കാലം. സമൂഹത്തിനു ഗുണകരമാകുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹം അന്യൂറിന്‍ ബെവനുണ്ടായിരുന്നു. അത് ഒടുവില്‍ ചെന്നെത്തിയത് എന്‍എച്ച്എസിന്റെ രൂപീകരണത്തിലാണ്.

ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാവ്

എന്‍എച്ച്എസിനു വേണ്ടി ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ കാലക്രമേണ വന്‍ വര്‍ധനയാണുണ്ടായത്. യുകെയില്‍ ഉടനീളം, എന്‍എച്ച്എസുമായി ബന്ധപ്പെട്ട് 1.7 ദശലക്ഷം പേരാണ് ഇന്നു ജോലി ചെയ്യുന്നത്. ലോകത്തെ അഞ്ചാമത്തെ വലിയ തൊഴിലുടമയാണ് ഇന്ന് എന്‍എച്ച്എസ്. നഴ്‌സുമാരാണ് എന്‍എച്ച്എസ് തൊഴില്‍സേനയിലെ വലിയ വിഭാഗം. എന്‍എച്ച്എസിന്റെ ആരംഭകാലത്ത് 68,000 നഴ്‌സുമാരാണു സേവനം ചെയ്തിരുന്നതെങ്കില്‍ ഇന്ന് അത് രണ്ട് ലക്ഷത്തിലേറേയാണ്. ഡോക്ടര്‍മാരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായി. 11,700 ഡോക്ടര്‍മാരാണു ഏഴ് പതിറ്റാണ്ട് മുന്‍പു എന്‍എച്ച്എസിനു വേണ്ടി സേവനം ചെയ്തതെങ്കില്‍ ഇന്ന് അത് 1,15,000 പേരായി വര്‍ധിച്ചു. എത്രവേഗം മരുന്ന് നിര്‍മാണം ആധുനികവല്‍കരിക്കപ്പെട്ടെന്നും, അതിന്റെ ആവശ്യകത എത്രമാത്രം വര്‍ദ്ധിച്ചുവെന്നതും ഇൗ കണക്കിലൂടെ ഭാഗികമായി പ്രതിഫലിപ്പിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, ഇന്ന് രോഗികളുടെ പരിചരണത്തിന് ആരോഗ്യരംഗത്ത് കൂടുതല്‍ വിദഗ്ധരെ ആവശ്യമായി വന്നിരിക്കുന്നു എന്നാണ്. അതോടൊപ്പം ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കര്‍ത്തവ്യങ്ങള്‍ക്കും മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് നഴ്‌സുമാര്‍ക്കു സ്‌പെഷ്യലൈസേഷന്‍ ആവശ്യമായി വന്നിരിക്കുന്നു. ആരോഗ്യ സേവനരംഗത്തെ വിവിധ വിഭാഗങ്ങളില്‍ തന്നെ ഏതെങ്കിലുമൊന്നില്‍ വൈദഗ്ധ്യം നേടേണ്ട സാഹചര്യമുണ്ട് നഴ്‌സുമാര്‍ക്ക്. നഴ്‌സിംഗ് ഇന്നു ഡിഗ്രി തലത്തിലുള്ള പ്രഫഷനായും മാറിയിരിക്കുന്നു. ആരോഗ്യരംഗത്ത് ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ, ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്താനും സര്‍ക്കാര്‍ ബാദ്ധ്യസ്ഥരായി. 70 വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍എച്ച്എസ് ആരംഭിച്ചപ്പോള്‍ ചെലവഴിച്ചതിനേക്കാള്‍ 12 മടങ്ങ് അധികതുകയാണ് ഇന്ന് എന്‍എച്ച്എസിനായി ചെലവഴിക്കുന്നത്. 1948-ല്‍ എന്‍എച്ച്എസിനു വേണ്ടി ബജറ്റില്‍ 437 ദശലക്ഷം പൗണ്ട് വകയിരുത്തി. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് എന്‍എച്ച്എസിനു വേണ്ടി ബജറ്റില്‍ വകയിരുത്തുന്ന തുക പ്രതിവര്‍ഷം 3.4 ശതമാനം എന്ന കണക്കില്‍ വര്‍ധിപ്പിക്കുമെന്നും കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രസ്താവിക്കുകയുണ്ടായി. സമീപകാലത്ത് ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റില്‍നിന്നും ലഭ്യമായ ഡാറ്റ അനുസരിച്ച് യുകെ പ്രതിവര്‍ഷം ഓരോ പൗരന്റെയും ആരോഗ്യപരിപാലനത്തിനു വേണ്ടി ശരാശരി 4,192 ഡോളര്‍ എന്‍എച്ച്എസിലൂടെ ചെലവഴിക്കുന്നുണ്ടെന്നാണ്.

നേട്ടങ്ങളും കോട്ടങ്ങളും

1948-ല്‍ എന്‍എച്ച്എസ് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ യുകെയില്‍ പുരുഷന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 65.8 വയസായിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ 81.6 ആയി ഉയര്‍ന്നിട്ടുണ്ട്. പക്ഷേ, ശിശുമരണ നിരക്ക് വര്‍ധിച്ചു. എഴുപത് വര്‍ഷം മുന്‍പ് 1000-ത്തില്‍ 3.8 എന്ന തോതിലായിരുന്നു മരണനിരക്കെങ്കില്‍, ഇന്ന് അത് 1000-ത്തിന് 34 എന്ന തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. അതിനര്‍ഥം യുകെയില്‍ വൃദ്ധന്മാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നു എന്നാണ്. വൃദ്ധരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമ്പോള്‍ സ്വാഭാവികമായും പൊതു ആരോഗ്യരംഗത്ത് സര്‍ക്കാരിനു ചെലവഴിക്കേണ്ടി വരുന്ന തുകയും വര്‍ധിക്കുമെന്നാണ്.
സമീപകാലത്ത് ലണ്ടന്‍ അഭിമുഖീകരിച്ച ദുരന്തങ്ങളായിരുന്നു ലണ്ടനിലും മാഞ്ചെസ്റ്ററിലുമുണ്ടായ തീവ്രവാദ ആക്രമണങ്ങളും, ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ അഗ്നിബാധയും. ഈ സംഭവങ്ങളുണ്ടായപ്പോള്‍, ദുരന്തമുഖത്തെത്തി സേവനം ഉടനടി ലഭ്യമാക്കിയത്, എന്‍എച്ച്എസിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതായിരുന്നു. ഇന്ന് ഇംഗ്ലണ്ടില്‍ 1.5 ദശലക്ഷം ആളുകള്‍ പ്രതിദിനം ഇംഗ്ലണ്ടില്‍ മാത്രമായി എന്‍എച്ച്എസിന്റെ സേവനം തേടുന്നവരാണെന്നത് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്.

Comments

comments

Categories: FK Special, Slider