ആത്മവിശ്വാസം തകരുന്ന പൊതുമേഖല ബാങ്കിംഗ് രംഗം

ആത്മവിശ്വാസം തകരുന്ന പൊതുമേഖല ബാങ്കിംഗ് രംഗം

ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിംഗ് ഡയറക്റ്ററുടെ അറസ്റ്റ് പൊതുമേഖല ബാങ്കിംഗ് രംഗത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ആത്മവിശ്വാസം വല്ലാതെ തകരുന്ന അവസ്ഥയിലേക്കാണ് പൊതുമേഖല ബാങ്കുകള്‍ എത്തുന്നത്

3,000 കോടി രൂപയുടെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ടാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ രവീന്ദ്ര മറാത്തെ കഴിഞ്ഞയാഴ്ച്ച അറസ്റ്റിലായത്. രവീന്ദ്ര ഉള്‍പ്പടെ ആറ് പേരെയാണ് പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിക്ഷേപ തട്ടപ്പ് കേസില്‍ ജയിവല്‍വാസമനുഭവിക്കുന്ന ഡി എസ് കുല്‍ക്കര്‍ണിയുടെ ഡിഎസ്‌കെ ഗ്രൂപ്പിന് വായ്പ നല്‍കിയത് മാനദണ്ഡങ്ങള്‍ അനുസരിച്ചല്ലെന്ന കുറ്റത്തിനിമേലാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ നേതൃനിരയിലുള്ളവര്‍ അറസ്റ്റിലായത്.

പൊതുമേഖല ബാങ്കുകളുടെ നിലവിലെ പ്രതിസന്ധി ഒന്നൂകൂടി രൂക്ഷമാക്കുന്നതാണ് ഈ വാര്‍ത്ത. പ്രത്യേകിച്ചും നിരവ് മോദി തട്ടിപ്പിനെ തുടര്‍ന്ന് ബാങ്കിംഗ് മേഖലയില്‍ കടുത്ത വിശ്വാസ പ്രതിസന്ധി തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം രാജ്യത്തെ 19 പൊതുമേഖലാ ബാങ്കുകള്‍ രേഖപ്പെടുത്തിയ നഷ്ടം 87079 കോടി രൂപയാണ്. നാലാം പാദത്തിലെ നഷ്ടകണക്കുകളില്‍ വന്‍ വര്‍ധനയാണ് ബാങ്കുകള്‍ക്കുണ്ടായത്.

ആവര്‍ത്തിച്ചുണ്ടാകുന്ന വായ്പാ തട്ടിപ്പ് വാര്‍ത്തകളും നഷ്ടകണക്കുകളും അറസ്റ്റുകളും പൊതുമേഖല ബാങ്കിംഗ് രംഗത്തെ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് തള്ളിവിടുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് പഞ്ചാബ് നാഷണല്‍ ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥരെ നിരവ് മോദി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്തത്. അതിനു ശേഷം അലഹബാദ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ ഉഷ അനന്തസുബ്രഹ്മണ്യനെതിരെയും ചാര്‍ജ് ഷീറ്റ് വന്നു. കടുത്ത പ്രതിസന്ധിയാണ് ഇത് ബാങ്കര്‍മാര്‍ക്കിടയില്‍ സൃഷ്ടിച്ചത്, ഭീതിയും.

പൊതുമേഖല ബാങ്കിംഗ് രംഗത്തെ സംശയമുനയില്‍ നിര്‍ദ്ദുന്നതിനും അവരുടെ സാമാന്യ വിശ്വാസ്യതയെ ബാധിക്കുന്ന തലത്തിലേക്കും ഇപ്പോള്‍ ഇതെത്തി. മാത്രമല്ല ബാങ്കിംഗ് ജീവനക്കാര്‍ക്കിടയില്‍ തന്നെ കടുത്ത അരക്ഷിതത്വ ബോധവും വന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ അടിയന്തര യോഗവും വിളിച്ച് ചേര്‍ത്തു. കാര്യങ്ങള്‍ അത്രമാത്രം ഗൗരവമര്‍ഹിക്കുന്നു. നിലവിലെ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വായ്പാ മേഖലയെയാണ്. സംരംഭങ്ങള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും.

വായ്പ നേടാന്‍ അര്‍ഹതയുള്ള സംരംഭമാണോ അല്ലയോ എന്നതെല്ലാം അപ്രധാനമാകും, ഭയമാകും മിക്കവരെയും നയിക്കുക. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാസ്യകരമായ കാര്യമല്ല അത്. വായ്പാ വളര്‍ച്ചയില്‍ ഇടിവ് വരുന്നത് സാമ്പത്തിക പുരോഗതിയെ കാര്യമായി ബാധിക്കും. ട്രാന്‍സ് യൂണിയന്‍ സിബില്‍ കൊമേഴ്‌സ്യല്‍ മാര്‍ക്കറ്റ് ഇന്‍സൈറ്റ്‌സ് റിപ്പോര്‍ട്ട് പ്രകാരം പൊതുമേഖല ബാങ്കുകള്‍ നല്‍കുന്ന കോര്‍പ്പേറ്റ് വായ്പ 2016 മാര്‍ച്ചിലെ 72 ശതമാനത്തില്‍ നിന്ന് 2017 ഡിസംബറില്‍ 64 ശതമാനമായി കുറഞ്ഞു. ഇത് തുടര്‍ന്നാല്‍ കടുത്ത പ്രതിസന്ധിയാകും ബിസിനസ് മേഖലയിലുണ്ടാകുക. പൊതുമേഖല ബാങ്കുകളിലെ വായ്പാ വിതരണം സംബന്ധിച്ച് വളരെ കൃത്യമായ നയപരിപാടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. വായ്പാ വളര്‍ച്ച ത്വരിതപ്പെടുന്ന രീതിയിലായിരിക്കണം അതിന്റെ ഫലം. ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യം പൊതുമേഖല ബാങ്കുകളെ പൂര്‍ണമായും രാഷ്ട്രീയ സ്വാധീനത്തില്‍ നിന്ന് വേര്‍പെടുത്തുകയെന്നതാണ്.

Comments

comments

Categories: Editorial, Slider