ഡിജിറ്റല്‍ ഹബ്ബ്: നിസാന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചു

ഡിജിറ്റല്‍ ഹബ്ബ്: നിസാന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചു

തിരുവനന്തപുരം: ബഹുരാഷ്ട്ര കമ്പനിയായ നിസാനിന്റെ ഡിജിറ്റല്‍ കേന്ദ്രത്തിനുവേണ്ടി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരത്ത് പള്ളിപ്പുറത്തുള്ള ടെക്‌നോസിറ്റിയില്‍ ആദ്യ ഘട്ടത്തില്‍ 30 ഏക്കറും, രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാനാണ് നിസാന് അനുവാദം നല്‍കിയിട്ടുള്ളത്.

ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഗവേഷണവും, സാങ്കേതിക വികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്‌സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാണ കമ്പനികള്‍ക്കുവേണ്ടിയാണു ഫ്രാങ്കോ-ജപ്പാന്‍ സഹകരണ സംരഭമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത് പ്രവത്തനം ആരംഭിക്കുന്നത്.

ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ ഗംഗ യമുനാ കെട്ടിട സമുച്ചയത്തില്‍, 25,000 ചതുരശ്ര അടി ഏറ്റെടുത്ത് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് നിസാന്‍ ഉദ്ദേശിക്കുന്നത്. ടെക്‌നോസിറ്റിയിലെ ഐടി കെട്ടിട സമുച്ചയം പൂര്‍ത്തിയാകുമ്പോള്‍ അവിടെയും സ്ഥലം അനുവദിക്കും. സ്വന്തം കാമ്പസിന്റെ പണി പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിക്കുമ്പോഴേക്കും 3000 പേര്‍ക്ക് നേരിട്ടുള്ള തൊഴിലും പതിന്മടങ്ങ് നേരിട്ടല്ലാതെയുള്ള തൊഴില്‍ അവസരങ്ങളും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കൊഗ്‌നിറ്റിവ് അനലക്ടിസ്, മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ടെക്‌നോസിറ്റിയില്‍ വിജ്ഞാനാധിഷ്ഠിതമായ സാങ്കേതിക വിദ്യാ മേഖലയ്ക്കായി വിഭാവനം ചെയ്യപ്പെട്ട സ്ഥലം നിസാന്‍ നോളജ് സിറ്റി എന്ന പേരിലാകും അറിയപ്പെടുക.

സാങ്കേതിക വിദ്യാരംഗത്തെ ഏറ്റവും പുതിയ പ്രവണതകളുടെ സാങ്കേതമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, ഐ.ടി. വകുപ്പ് വിഭാവനം ചെയ്ത നോളജ് സിറ്റി നിസാന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ വരവോടെ യാഥാര്‍ഥ്യമാവുകയാണെന്ന് ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ പറഞ്ഞു. കൂടുതല്‍ ആഗോള കമ്പനികളുടെ കടന്നു വരവിന് ഇത് തുടക്കമാവും. ഈ മാസം അവസാനമോ ജൂലൈ ആദ്യ വാരമോ നിസാനുമായുള്ള ധാരണാ പത്രത്തില്‍ ഒപ്പു വെക്കുമെന്നും ഋഷികേശ് നായര്‍ അറിയിച്ചു.

ഐ. ടി. വിദഗ്ധരുടെ സാന്നിധ്യം, ചിലവ് കുറവും മികച്ച സാമൂഹിക നിലവാരമുള്ള ജീവിത സാഹചര്യങ്ങള്‍, നഗര ഹൃദയത്തില്‍ തന്നെയുള്ള എയര്‍പോര്‍ട്ട് കണക്ടിവിറ്റി, ട്രാഫിക് കുരിക്കില്ലാത്ത ഹരിത നഗരം, ഇവിടെനിന്നും വളര്‍ന്നു വിജയിച്ച കമ്പനികള്‍ നല്‍കുന്ന പോസിറ്റീവ് സന്ദേശങ്ങള്‍, സര്‍ക്കാര്‍ ഉദ്യഗസ്ഥ തലങ്ങളില്‍ നിന്നുള്ള പിന്‍തുണ തുടങ്ങിയവയാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബിനെ കേരള തലസ്ഥാനത്ത് എത്തിച്ചതെന്നു നിസാന്‍ അധികൃതര്‍ അറിയിച്ചു. ആസ്ഥാനമായ ജപ്പാനിലെ യോക്കോഹാമ, ചൈന, പാരിസ്, അമേരിക്കയിലെ നാഷ്‌വില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് നിസാന്റെ മറ്റു ഡിജിറ്റല്‍ ഹബ്ബുകള്‍ ഉള്ളത്.

 

Comments

comments