ലുപിന്‍ 30 പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും

ലുപിന്‍ 30 പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും

മുംബൈ: ഇന്ത്യന്‍ മരുന്നു കമ്പനിയായ ലുപിന്‍ ഈ സാമ്പത്തിക വര്‍ഷം യുഎസ് വിപണിയില്‍ 30 ജനറിക് മരുന്നുകള്‍ അവതരിപ്പിക്കുമെന്ന് ലുപിന്‍ എംഡി നീലേഷ് ഗുപ്ത അറിയിച്ചു. യുഎസ് ഹെല്‍ത്ത് റെഗുലേറ്ററില്‍ നിന്ന് ഇതു സംബന്ധിച്ച അനുമതി കമ്പനിക്ക് ലഭിച്ചിരുന്നു. നിലവില്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനില്‍ ലുപിന്റെ 162 പുതിയ മരുന്നുകള്‍ക്കുള്ള അപേക്ഷകള്‍ അനുമതി കാത്തുകിടക്കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 23 മരുന്നുകളാണ് കമ്പനി യുഎസ് വിപണിയിലെത്തിച്ചത്. ഇതില്‍ പത്തെണ്ണം മാര്‍ച്ചിലവസാനിച്ച അവസാനപാദത്തിലായിരുന്നു വിപണിയിലെത്തിയത്. സങ്കീര്‍ണമായ ജനറിക്, ബയോസിമിലര്‍ മരുന്നുകള്‍ (നേരത്തെ ലൈസന്‍സ് നേടിയ മരുന്നിനോട് ജൈവശാസ്ത്രപരമായ സാമ്യമുള്ള മരുന്നുകള്‍) അവതരിപ്പിച്ചുകൊണ്ട് യുഎസ് വിപണിയിലെ നേതൃസ്ഥാനം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ രോഗിക്ക് ഭക്ഷിക്കാവുന്നതും കുത്തിവെപ്പിലൂടെ നല്‍കാവുന്നതുമായ ഉല്‍പ്പന്നന്നങ്ങളും വിപണിയിലെത്തിക്കുന്നതില്‍ കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് നീലേഷ് ഗുപ്ത പറഞ്ഞു. യുഎസ് വിപണിയില്‍ കുത്തിവെപ്പിലൂടെ നല്‍കുന്ന മരുന്നുകള്‍, ബയോസിമിലര്‍, ശ്വസന സഹായിയായ മരുന്നുകള്‍ തുടങ്ങിയ വിഭാഗത്തിന് കമ്പനി നല്‍കുന്ന ശ്രദ്ധ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ് ജനറിക് മരുന്നു വിപണിയിലെ നാലാമത്തെ ഏറ്റവും വലിയ കമ്പനിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുപിന്‍. 2021 ആകുന്നതോടെ യുഎസ് പ്രിസ്‌ക്രിബ്ഷന്‍ വിപണി 450 യുഎസ് ബില്യണ്‍ ഡോളറാകുമെന്നാണ് ഇന്‍ഡസ്ട്രി കണക്കുകള്‍ സൂചിപ്പിക്കുന്നത്.

യുഎസ് ജനറിക് മരുന്നു വിപണിയിലെ നാലാമത്തെ ഏറ്റവും വലിയ കമ്പനിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുപിന്‍. 2021 ആകുന്നതോടെ യുഎസ് പ്രിസ്‌ക്രിബ്ഷന്‍ വിപണി 450 യുഎസ് ബില്യണ്‍ ഡോളറാകുമെന്നാണ് ഇന്‍ഡസ്ട്രി കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി യുഎസ് വിപണിയില്‍ കമ്പനിക്ക് പല സമ്മര്‍ദങ്ങളെയും അതിജീവിക്കേണ്ടതായി വന്നിട്ടുണ്ട്. മോശം വിലയും വിപണി വിഹിതം കുറഞ്ഞതുമാണ് ഇതിനു കാരണമെന്ന് നീലേഷ് ഗുപ്ത ഭിപ്രായപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വടക്കേ അമേരിക്കന്‍ വിപണിയില്‍ കമ്പനിയുടെ മരുന്നു വില്‍പ്പന 28.7 ശതമാനം ഇടിഞ്ഞ് 5,893.9 കോടി രൂപയിലെത്തിയിരുന്നു. ആഗോള വില്‍പ്പനയിലേക്ക് 38 ശതമാനമായിരുന്നു ഈ മേഖലയില്‍ നിന്നുള്ള സംഭാവന.

ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലും തങ്ങളുടെ ആദ്യ ബയോസിലര്‍ മരുന്ന് എത്തിക്കുന്നതിന് കമ്പനി ശ്രമിക്കുന്നുണ്ട്. സ്‌പെഷ്യാലിറ്റി മരുന്നുകളുടെ വിഭാഗത്തില്‍ ഈ വര്‍ഷം സോളോസെക്കിന്റെ പിന്‍ബലത്തിലാണ് കമ്പനിയുടെ വളര്‍ച്ച. ഇതു വരെ പരിഗണിക്കാതിരുന്ന വനിതകളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങളിലേക്കുള്ള കമ്പനിയുടെ വലിയ ചുവടുവെപ്പായിരുന്നു ഇത്.

ലയനങ്ങളും ഏറ്റെടക്കലുകളും, പങ്കാളിത്തം, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി കമ്പനിയുടെ ഉല്‍പ്പന്ന/സേവന വിഭാഗം വിപുലീകരിക്കുമെന്ന് നീലേഷ് ഗുപ്ത പറഞ്ഞു. ഒരു ദശാബ്ദത്തിനിടെ ആദ്യമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലുപിന്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയിയിരുന്നു. ഇക്കാലയളവില്‍ മൊത്ത വില്‍പ്പന ഇടിഞ്ഞ് 15,560 കോടി രൂപയായി. 2017 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9 ശതമാനം കുറവാണിത്. ഈ സാമ്പത്തിക വര്‍ഷം വില്‍പ്പനയില്‍ ഒറ്റയക്ക സംഖ്യ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Business & Economy