ഐഡിബിഐയുടെ ഭൗതിക ആസ്തികള്‍ പ്രത്യേകമാക്കി മാറ്റും

ഐഡിബിഐയുടെ ഭൗതിക ആസ്തികള്‍ പ്രത്യേകമാക്കി മാറ്റും

ഐഡിബിഐയിലെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് എല്‍ഐസി

ന്യൂഡെല്‍ഹി: ഐഡിബിഐ ബാങ്കിന്റെ ആദായകരമായ റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ പ്രത്യേകമായി മാറ്റാന്‍ തീരുമാനം.കടബാധ്യതയില്‍ മുങ്ങിയ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കാനുള്ള താല്‍പ്പര്യം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) മുന്നോട്ട് വച്ചതിനെ തുടര്‍ന്നാണ് ബാങ്കിന്റെ നീക്കം. മുംബൈയിലെ വൊര്‍ളി, ബാന്ദ്ര കുര്‍ള കോംപ്ലക്‌സ്, കഫേ പരേഡ് എന്നിവിടങ്ങളിലുള്ള റിയല്‍ എസ്റ്റേറ്റ് ആസ്തികളാണ് പ്രത്യേക സംരംഭമായി മാറ്റുക.

പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിക്ക് ഈ വസ്തുക്കള്‍ പ്രത്യേകമായി വാങ്ങുന്നതിനോ അല്ലെങ്കില്‍ പുതിയ സംരംഭത്തിലെ ഓഹരികള്‍ വാങ്ങുന്നതിനോ ഉള്ള ഓപ്ഷനുണ്ട്. മാര്‍ച്ച് അവസാനം വരെയുള്ള കണക്ക് പ്രകാരം ഐഡിബിഐക്ക് 6,771 കോടി രൂപയുടെ സ്ഥിര ആസ്തിയാണുള്ളത്.

ഐഡിബിഐ ബാങ്ക് ഏറ്റെടുക്കുന്നതിന് എല്‍ഐസി അനുമതി തേടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. തകര്‍ച്ചയില്‍ നിന്ന് സ്ഥാപനത്തെ രക്ഷിക്കാന്‍ പണം കൊടുത്ത് സഹായിക്കുന്നതല്ലെന്നും ഇത് എല്‍ഐസി നടത്തുന്ന ഏറ്റെടുക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. 2017 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ഐഡിബിഐ ബാങ്കില്‍ തങ്ങള്‍ക്കുള്ള ഓഹരിനിയന്ത്രണം 50 ശതമാനത്തില്‍ താഴെയായി കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഐഡിബിഐ റീപീല്‍ ആക്റ്റ് വഴി 2003ലാണ് ഐഡിബിഐ ബാങ്ക് രൂപീകരിച്ചത്. ഒരു ഡെവലപ്‌മെന്റ് ഫിനാന്‍സ് സ്ഥാപനമായിരുന്ന ഐഡിബിഐയെയാണ് ബാങ്കിംഗ് കമ്പനിയാക്കി പരിവര്‍ത്തനപെടുത്തിയത്. മറ്റ് പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വ്യത്യസ്തമായി ഐഡിബിഐ ആക്റ്റ് എന്ന പ്രത്യേക നിയമപ്രകാരമാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. മറ്റ് പൊതുമേഖലാ ബാങ്കുകളില്‍ ഓഹരി പങ്കാളിത്തം 52 ശതമാനത്തില്‍ താഴെയാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഐഡിബിഐയുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള നിയന്ത്രണമില്ല.

Comments

comments

Categories: Banking