രണ്ടാമത് ഫ്യൂച്ചര്‍ കേരള എജ്യുക്കേഷന്‍ കോണ്‍ക്ലേവ് ജൂണ്‍ 29 ന് കൊച്ചിയില്‍ 

രണ്ടാമത് ഫ്യൂച്ചര്‍ കേരള എജ്യുക്കേഷന്‍ കോണ്‍ക്ലേവ് ജൂണ്‍ 29 ന് കൊച്ചിയില്‍ 

കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ മാറിവരുന്ന പ്രവണതകളെ കുറിച്ചും സംസ്ഥാനത്തിന്റെ വികസനത്തിന് വിദ്യാഭ്യാസ മേഖല നല്‍കുന്ന സംഭാവനകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി ഫ്യൂച്ചര്‍കേരള ‘എജ്യുക്കേഷന്‍ കോണ്‍ക്ലേവ്’ 2018 സംഘടിപ്പിക്കുന്നു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ ജൂണ്‍ 29 ന് നടക്കുന്ന സമ്മേളനത്തില്‍ നിരവധി വ്യവസായ സംരംഭകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങി വിദ്യാഭ്യാസ, വ്യവസായ മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ചടങ്ങില്‍ മുഖ്യാതിഥിയാകും.

സമ്മേളനത്തില്‍ ‘കേരള വിദ്യാഭ്യാസവും നാലാം വ്യവസായിക വിപ്ലവവും’ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കും. നാലാം വ്യാവസായിക വിപ്ലവത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖല എങ്ങനെ മാറ്റമുള്ളതാകണമെന്നതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ സമേമളനത്തിന്റെ ഭാഗമായി നടക്കും. നാലാം വ്യവസായിക വിപ്ലവത്തില്‍ വിദ്യാഭ്യാസത്തിന്റെ പങ്കിനെ സംബന്ധിച്ച് വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ സംസാരിക്കും. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

ഡോ. ഡേവിഡ് ഓര്‍ട്ടന്‍( എംബിഎ പ്രോഗ്രാം മേധാവി, ഡെര്‍ബി സര്‍വകലാശാല, യുകെ), ഡോ. മാല്‍കോം ട്രോട്ടര്‍( ദ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ബുക്ക് കീപ്പേഴ്‌സ്, യുകെ), വിജു ചാക്കോ( ടാറ്റ കണ്‍സള്‍ട്ടന്‍സി), പ്രവീണ്‍ പരമേശ്വര്‍( സിഇഒ, തോട്ട്‌സ് അക്കാദമി), ടി.പി സേതുമാധവന്‍( യുഎല്‍ എജ്യുക്കേഷന്‍, യുഎല്‍ സൈബര്‍പാര്‍ക്ക്, കോഴിക്കോട്), അര്‍ജുന്‍ ഹരി( സിഇഒ, വുഡിഡാറ്റടെക് പ്രൈവറ്റ് ലിമിറ്റഡ്), പ്രൊഫ. അബ്രഹാം കോശി( ഐഐഎം, അഹമ്മദാബാദ്), പ്രൊഫ. കുഞ്ചറിയ പി ഐസക്( വൈസ് ചാന്‍സിലര്‍ ഓഫ് എപിജെ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, കേരള), പ്രൊഫ. കെ എസ് രാധാകൃഷ്ണന്‍( വൈസ് ചാന്‍സിലര്‍, ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി, കാലടി) തുടങ്ങി വൈസ് ചാന്‍സിലര്‍മാരും വിദ്യാഭ്യാസ, വ്യാവസായിക മേഖലകളിലെ പ്രമുഖര്‍ സമ്മേളനത്തില്‍ സംസാരിക്കും.

ചടങ്ങില്‍ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക സംഭവന നല്‍കിയ വ്യക്തികളെയും സംരംഭകരെയും ആദരിക്കും.

Comments

comments