ഫിലിം റിവ്യു : ടിക് ടിക് ടിക് (തമിഴ്)

ഫിലിം റിവ്യു : ടിക് ടിക് ടിക് (തമിഴ്)

സംവിധാനം: ശക്തി സുന്ദര്‍ രാജന്‍ ,അഭിനേതാക്കള്‍: ജയം രവി, രമേശ് തിലക്, വി. ജയപ്രകാശ്, ദൈര്‍ഘ്യം: 2 മണിക്കൂര്‍ 10 മിനിറ്റ്

റൊമാന്‍സ്, കോമഡി, വില്ലത്തരം, സംഘട്ടനം എന്നിങ്ങനെയായി വിനോദത്തിനുള്ള എല്ലാ ഘടകങ്ങളും ഉള്‍പ്പെട്ടതായിരിക്കണം സിനിമയെന്ന പഴയകാല സമവാക്യങ്ങളാണ് ഭൂരിഭാഗം ഇന്ത്യന്‍ സിനിമകളും പിന്തുടരുന്നത്. എന്നാല്‍ സമീപകാലത്തായി ഈ പതിവുകളില്‍ ചില മാറ്റങ്ങള്‍ പ്രകടമാകുന്നുണ്ട്. സിനിമയെ ശരിക്കും വിലയിരുത്തിയതിനു ശേഷമാണു ഇന്ന് പ്രേക്ഷകന്‍ സിനിമ കാണാന്‍ ടിക്കറ്റെടുക്കുന്നത്. പഴയ പോലെ മസാല ചേരുവകള്‍ ചേര്‍ത്തുള്ള സിനിമകളില്‍ അവര്‍ ആകൃഷ്ടരല്ല. ഈയൊരു വസ്തുത ബോദ്ധ്യപ്പെട്ടവരില്‍ ഒരാളാണെന്നു തോന്നുന്നു സംവിധായകന്‍ ശക്തി സുന്ദര്‍ രാജന്‍. ടിക്, ടിക്, ടിക് എന്ന പുതിയ ചിത്രത്തില്‍, അദ്ദേഹം തമിഴ് സിനിമാ ലോകം ഇന്നേ വരെ കൈകാര്യം ചെയ്യാത്തൊരു പ്രമേയമാണു ദൃശ്യവത്കരിച്ചിരിക്കുന്നത്.

മഹേന്ദ്രന്റെ (ജയപ്രകാശ്) നേതൃത്വത്തിലുള്ള പ്രതിരോധവകുപ്പിന്റെ ഡിഫന്‍സ് സ്‌പേസ് ഡിവിഷന്‍ (ഡിഎസ്ഡി) സംഘാംഗങ്ങളിലൂടെയാണു ചിത്രം ആരംഭിക്കുന്നത്. ചെന്നൈ നഗരത്തിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും ഏഴ് ദിവസത്തിനുള്ളില്‍ ഒരു ഗ്രഹം പതിക്കുമെന്നു കണ്ടെത്തിയിരിക്കുകയാണു ഡിഎസ്ഡി. ഏകദേശം നാല് കോടി ജനങ്ങളുടെ ജീവനാണ് അപകടത്തിലായിരിക്കുന്നത്. എന്നാല്‍ ഗ്രഹത്തിനെ ഒരു വലിയ മിസൈല്‍ ഉപയോഗിച്ചു നശിപ്പിക്കാന്‍ സാധിക്കും. അതിലൂടെ ചെന്നൈയില്‍ പതിക്കുമെന്നു പറയപ്പെടുന്ന ദുരന്തം ഒഴിവാക്കുകയും ചെയ്യാം. പരിമിതമായ സമയം മാത്രമാണുള്ളത്. അനധികൃതമായല്ലാതെ ദൗത്യത്തിനുള്ള മിസൈല്‍ സംഘടിപ്പിക്കാനാവില്ലെന്നതും മറ്റൊരു വസ്തുതയാണ്. പക്ഷേ, ദുരന്തത്തിന്റെ തീവ്രത മനസിലാക്കിയ സംഘം പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി എന്നിവര്‍ മാത്രം അറിയുന്ന രഹസ്യ ദൗത്യവുമായി മുന്നേറുന്നു. ചൈനയുടെ ബഹിരാകാശവാഹനത്തിലുള്ള രഹസ്യ അറയിലാണു ദൗത്യത്തിന് ആവശ്യമുള്ള മിസൈല്‍ സ്ഥാപിച്ചിരിക്കുന്നത്. പക്ഷേ ഇത് കൈവശമാക്കാന്‍ പ്രാപ്തമായ അവഗാഹം ഇന്ത്യയുടെ പ്രതിരോധവകുപ്പിനില്ല. ഊര്‍ജ്ജസ്വലരും, ബുദ്ധിയുമുള്ള സ്മാര്‍ട്ടായവരെയാണ് ഈ ഘട്ടത്തില്‍ ആവശ്യമുള്ളതെന്നു ഡിഫന്‍സ് സ്‌പേസ് ഡിവിഷന്‍ തിരിച്ചറിയുന്നു. വാസു(ജയം രവി), അവന്റെ സുഹൃത്തുക്കളായ വെങ്കട്(രമേശ് തിലക്), അപ്പു(അര്‍ജുനന്‍) എന്നിവരെ ദൗത്യത്തിനായി ഡിഫന്‍സ് സ്‌പേസ് ഡിവിഷന്‍ സമീപിക്കുന്നു.

ചിത്രം തമിഴ് സിനിമാ ലോകത്തിനു പുതുമ നിറഞ്ഞൊരു അനുഭവമാണു നല്‍കിയിരിക്കുന്നത്. ചിത്രം നിര്‍മിക്കാനെടുത്ത ബജറ്റും, സമയവും പരിഗണിച്ചാല്‍ അണിയറപ്രവര്‍ത്തകര്‍ മാന്യമായൊരു ജോലി നിര്‍വഹിച്ചെന്ന കാര്യത്തില്‍ സംശയമില്ല. ബഹിരാകാശരംഗവുമായി ബന്ധപ്പെട്ട ചിത്രങ്ങളില്‍ ഛായാഗ്രാഹകന്റെ പങ്ക് വളരെ വലുതാണെന്ന കാര്യം ഏവര്‍ക്കും അറിയുന്നതാണ്. കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി അഥവാ CG shots കുറച്ചുകൂടി നന്നാക്കാമായിരുന്നെന്നാണ് അഭിപ്രായം. തിരക്കഥ വളരെ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുന്ന ഒന്നാണ്. ദൗത്യത്തിനിറങ്ങുന്ന നായകന്‍ നേരിടുന്ന വെല്ലുവിളികളും അവയെ അഭിമുഖീകരിക്കുന്ന രംഗങ്ങളും ചില ഘട്ടത്തില്‍ ബോദ്ധ്യപ്പെടുന്നില്ല. വെല്ലുവിളി കടുപ്പമുള്ളതായി പ്രേക്ഷകന് അനുഭവപ്പെടണമെങ്കില്‍ തീര്‍ച്ചയായും ശക്തനായൊരു പ്രതിനായകന്റെ സാന്നിധ്യം ആവശ്യമാണ്. എന്നാല്‍ ചിത്രത്തില്‍ അത് ഇല്ലെന്നത് ഒരു ന്യൂനതയായി അനുഭവപ്പെടുന്നുണ്ട്. ക്ലൈമാക്‌സിനോട് അടുപ്പിച്ചുള്ള ട്വിസ്റ്റ് അഥവാ കഥയിലെ വഴിത്തിരിവും ചില പഴുതുകളും കഥയുടെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്. ഗൗരവമുള്ള രംഗങ്ങളിലുള്ള കോമഡിയും രസം കൊല്ലിയായി മാറുന്നുണ്ട്.

പോരായ്മകള്‍ ചിലതുണ്ടെങ്കിലും പുതിയൊരു പ്രമേയം കൈകാര്യം ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത ശ്രമത്തെ പ്രോത്സാഹിപ്പിക്കേണ്ടതാണ്, അഭിനന്ദിക്കേണ്ടതാണ്.

Comments

comments

Categories: FK Special, Movies, Slider