വ്യാപാര യുദ്ധം ആറുമാസത്തിനുള്ളില്‍ ബിസിനസുകളെ ബാധിക്കുമെന്ന് സര്‍വെ

വ്യാപാര യുദ്ധം ആറുമാസത്തിനുള്ളില്‍ ബിസിനസുകളെ ബാധിക്കുമെന്ന് സര്‍വെ

നിലവില്‍ അമേരിക്കയടക്കം എല്ലാ ലോക വിപണികളും സുസ്ഥിരം; അമേരിക്കന്‍ വിപണിയിലെ ഏറ്റവും ആശങ്കാജനകമായ വിഷയം വ്യാപാര യുദ്ധം

വാഷിംഗ്ടണ്‍: ചൈനയില്‍ നിന്നും ഇന്ത്യയുള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കര്‍ശന നികുതി നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച വ്യാപാര യുദ്ധം അധികം താമസിയാതെ തന്നെ തങ്ങളുടെ ബിസിനസുകളെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കി ആഗോള ബിസിനസ് മേധാവികള്‍. പ്രമുഖ അമേരിക്കന്‍ മാധ്യമ സ്ഥാപനമായ സിഎന്‍ബിസിയുടെ പാദവാര്‍ഷിക സര്‍വെയില്‍ പങ്കെടുത്ത ഏകദേശം മൂന്നില്‍ രണ്ട് വടക്കേ അമേരിക്കന്‍, ഏഷ്യ പസഫിക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരും (സിഎഫ്ഒ) യുഎസ് വ്യാപാര നയത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍ ആറ് മാസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ കമ്പനികള്‍ക്കുമേല്‍ പ്രകടമാകുമെന്ന് പറയുന്നു. വടക്കേ അമേരിക്കയിലെ 65 ശതമാനം സിഎഫ്ഒമാര്‍ വ്യാപാര യുദ്ധത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയപ്പോള്‍ 20 ശതമാനം സിഎഫ്ഒമാര്‍ പ്രത്യാഘാതം വളരെ പ്രതികൂലമായിരിക്കുമെന്നാണ് പ്രതികരിച്ചത്. ഏഷ്യ-പസഫിക് മേഖലയിലെ 66 ശതമാനം സിഎഫ്ഒമാരും തങ്ങളുടെ ബിസിനസിനെ വ്യാപാര യുദ്ധം പ്രതികൂലമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനികളുടെ മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്കയുണര്‍ത്തുന്ന പ്രധാന ഘടകമായി യുഎസ് വ്യാപാര നയം മാറിയെന്നും സര്‍വെ വ്യക്തമാക്കുന്നു.

കമ്പനികളെ സംബന്ധിച്ച് വലിയ വെല്ലുവിളിയായി വ്യാപാര അനിശ്ചിതത്വം മാറിയെന്നാണ് സിഎന്‍ബിസി ഗ്ലോബല്‍ സിഎഫ്ഒ കൗണ്‍സിലിന്റെ പാദവാര്‍ഷിക സര്‍വെയുടെ വിലയിരുത്തല്‍. തങ്ങളുടെ കമ്പനികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ബാഹ്യ വെല്ലുവിളിയായി 35 ശതമാനം ആഗോള സിഎഫ്ഒമാരും യുഎസ് വ്യാപാര നയത്തെ ചൂണ്ടിക്കാട്ടുന്നു. 2018 ന്റെ ഒന്നാം പാദത്തില്‍ 27 ശതമാനം സിഎഫ്ഒമാരാണ് വ്യാപാര യുദ്ധത്തെ ഏറ്റവും വലിയ വെല്ലുവിളിയായി പരിഗണിച്ചിരുന്നത്. 2017 വര്‍ഷത്തിലെ അവസാന പാദത്തില്‍ വെറും 11.6 ശതമാനം പേര്‍ക്കും മൂന്നാം പാദത്തില്‍ 8.8 ശതമാനം പേര്‍ക്കും മാത്രമേ ഈ അഭിപ്രായമുണ്ടായിരുന്നുള്ളു. ഇതാണ് 2018 ന്റെ പകുതിയെത്തിയപ്പോഴേക്കും മൂന്നിലൊന്ന് ആഗോള സിഎഫ്ഒമാരും ഏറ്റവും വലിയ പ്രശ്‌നമായി വ്യാപാര യുദ്ധം പരിഗണിക്കുന്നതിലേക്ക് വളര്‍ന്നത്.

ഈ വര്‍ഷം അമേരിക്കയിലെ ഇന്‍ഡസ്ട്രിയല്‍ ഓഹരി വിപണി സൂചികയായ ഡൗ ജോണ്‍സ് സാക്ഷ്യം വഹിച്ച 16 വമ്പന്‍ വീഴ്ചകളില്‍ ഏഴിനും കാരണം വ്യാപാരവുമായി ബന്ധപ്പെട്ട ആശങ്കളാണെന്ന് സിഎന്‍ബിസി പറയുന്നു. ഒരു ശതമാനമോ അല്ലെങ്കില്‍ അതിലേറെയോ ഉള്ള 35 ഇടിവുകളാണ് ഈ വര്‍ഷം ഡൗ സൂചികയിലുണ്ടായത്. ഇതില്‍ 12 ഉം വ്യാപാര യുദ്ധവുവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ അടിസ്ഥാനമാക്കിയായിരുന്നുവെന്ന് സിഎന്‍ബിസി കണ്ടെത്തി.

അതേസമയം തന്നെ, അവ്യക്തമായ യുഎസ് വ്യാപാര നയവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഉണ്ടെങ്കിലും നികുതി പരിഷ്‌കരണത്തിന്റെ പൂര്‍ണ നേട്ടങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് 60 ശതമാനം വടക്കേ അമേരിക്കന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരും വാദിക്കുന്നു. എന്നാല്‍ ഇത്തരം അനിശ്ചിതത്വങ്ങള്‍ നികുതി പരിഷ്‌കരണത്തിന്റെ പൂര്‍ണ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള കമ്പനികളുടെ ശേഷിയെ ബാധിക്കുന്നുവെന്ന് 40 ശതമാനം പേര്‍ പറഞ്ഞു.

വ്യാപാര അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും സിഎഫ്ഒ കൗണ്‍സിലിന്റെ ആഗോള സാമ്പത്തിക അവലോകനത്തില്‍ ശുഭാപ്തി വിശ്വാസം നിലനില്‍ക്കുന്നുണ്ട്. തുടര്‍ച്ചയായ ആറ് പാദങ്ങളിലും ഒരു ആഗോള മേഖല പോലും സുസ്ഥിരമല്ലാതിരുന്നിട്ടില്ല. തുടര്‍ച്ചയായ എട്ടാം പാദത്തിലും അമേരിക്ക അഭിവൃദ്ധിപ്പെടുകയാണെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു. ചൈന 2017 ന്റെ മൂന്നാം പാദത്തിലും 2018 ന്റെ ആദ്യ പാദത്തിലും സുസ്ഥിരമായി തുടരുകയും, 2018 ന്റെ രണ്ടാം പാദത്തില്‍ പ്രകടനം മെച്ചപ്പെടുത്തിയെന്നും ചെയ്‌തെന്ന് സര്‍വെ ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും വലിയ പൊതു-സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളെയാണ് സിഎന്‍ബിസി ഗ്ലോബല്‍ സിഎഫ്ഒ കൗണ്‍സില്‍ പ്രതിനിധീകരിക്കുന്നത്. ലോകമെമ്പാടും വിവിധ മേഖലകളിലായി ആകെ 4.5 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമാണ് ഇവര്‍ കൈയ്യാളുന്നത്. നിലവില്‍ 103 അംഗങ്ങളുള്ള കൗണ്‍സിലിലെ 43 അംഗങ്ങള്‍ ഈ പാദവാര്‍ഷിക സര്‍വേയില്‍ പ്രതികരിച്ചു. ഇതില്‍ 20 വടക്കേ അമേരിക്കന്‍ അംഗങ്ങളും 17 ഇഎംഇഎ (യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക) അംഗങ്ങളും, ആറ് ഏഷ്യ പസഫിക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അംഗങ്ങളും ഉള്‍പ്പെടും. 2018 ജൂണ്‍ ഒന്ന് മുതല്‍ 17 വരെയുള്ള കാലയളവിലാണ് സര്‍വേ സംഘടിപ്പിക്കപ്പെട്ടത്.

Comments

comments

Categories: More