ഡ്രൈവിംഗ് വിപ്ലവം: സൗദി സമ്പദ്ഘടനയില്‍ 2030 ഓടെ 90 ബില്യണ്‍ ഡോളര്‍ വര്‍ധിക്കും

ഡ്രൈവിംഗ് വിപ്ലവം: സൗദി സമ്പദ്ഘടനയില്‍ 2030 ഓടെ 90 ബില്യണ്‍ ഡോളര്‍ വര്‍ധിക്കും

ജിദ്ദ: വനിതകള്‍ വാഹനമോടിക്കാന്‍ തുടങ്ങിയതോടെ സൗദി അറേബ്യയുടെ സാമ്പത്തിക, സാമൂഹിക മേഖലയ്ക്ക് ഉണര്‍വ് വന്നു തുടങ്ങുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വാഹനമോടിക്കാനുള്ള സ്ത്രീകളുടെ കഴിവ് വ്യവസായ വാണിജ്യ മേഖലയുടെ വികസനത്തിന് പ്രധാന പങ്കാണ് വഹിക്കുക.

വനിതകള്‍ വാഹനമോടിച്ച് തുടങ്ങിയതോടുകൂടി 2030 ഓടെ 90 ബില്യണ്‍ ഡോളര്‍ സൗദിയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യുമെന്നാണ് കരുതുന്നത്. എണ്ണക്കമ്പനിയായ സൗദി ആരാംകോ പോലുള്ള കമ്പനികള്‍ക്കും സാമ്പത്തികമായ നേട്ടമുണ്ടാക്കി നല്‍കാന്‍ വനിതകള്‍ക്ക് കഴിയുമെന്നാണ് ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സ് അഭിപ്രായപ്പെടുന്നത്.

നിരോധനം നീക്കിയതിനു പിന്നാലെ വാഹനമോടിച്ച് സ്ത്രീകള്‍ ജോലിസ്ഥലങ്ങളിലേക്കെത്തും. കൂടുതല്‍ അഭ്യസ്തവിദ്യരായ സ്ത്രീകള്‍ ജോലിതേടും. സ്ത്രീകള്‍ ജോലിചെയ്യുന്നതിലൂടെ കാര്യക്ഷമമാകുന്ന തൊഴില്‍മേഖല വളര്‍ച്ച പ്രാപിക്കും. രാജ്യത്തിന്റെ വരുമാനവും ഇതോടൊപ്പം വളരുമെന്ന് ബ്ലൂം ബെര്‍ഗിന്റെ ചീഫ് മിഡില്‍ ഈസ്റ്റ് ഇക്കണോമിസ്റ്റ് സിയാദ് ദാവൂദ് പറയുന്നു.

എന്നാല്‍ ഈ വളര്‍ച്ചപ്രാപിക്കുന്നത് ഘട്ടങ്ങളായാണ്. തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്ക് കമ്പനികള്‍ തിരിച്ചറിയുകയും ശേഷം അവരെ ജോലിയ്ക്കായി അനുവദിക്കുകയും ചെയ്യുന്നതോടെയായിരിക്കും ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് വിലക്കുള്ള ഏകരാജ്യം സൗദി അറേബ്യയായിരുന്നു. ഞായറാഴ്ചയോടെ ചരിത്രം തിരുത്തിക്കുറിച്ച് നിരവധി സ്ത്രീകളാണ് സൗദിയിലെ റോഡുകളില്‍ കാറുകളോടിച്ച് എത്തിയത്.

Comments

comments