ഗൂഗിള്‍ ഇ- കൊമേഴ്‌സിലേക്ക് ചുവടുവെക്കുന്നു

ഗൂഗിള്‍ ഇ- കൊമേഴ്‌സിലേക്ക് ചുവടുവെക്കുന്നു

 

ന്യൂഡെല്‍ഹി: ടെക്‌നോളജി ഭീമന്‍മാരായ ഗൂഗിള്‍ ഇ-കൊമേഴ്‌സ് ബിസിനസിലേക്ക് ചുവടുവെക്കാന്‍ പദ്ധതിയിടുന്നു. ഇന്ത്യയാകും കമ്പനിയുടെ ആദ്യ ഇ-കൊമേഴ്‌സ് വിപണി. ഒരു വര്‍ഷമായി ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഗൂഗിള്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നാണ് അറിയുന്നത്. കമ്പനിയുടെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് മേധാവി സീസര്‍ സെന്‍ഗുപ്തയാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.

വാള്‍മാര്‍ട്ടില്‍ നിന്ന് നിക്ഷേപം നേടിയ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടില്‍ നിക്ഷേപം നടത്തുന്നതിന് ഗൂഗിള്‍ ശ്രമിച്ചിരുന്നു. ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ജെഡി ഡോട്ട് കോമില്‍ ഗൂഗിള്‍ 550 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിയ പ്രവൃത്തിയും ഇ-കൊമേഴ്‌സ് മേഖലയിലെ കമ്പനിയുടെ താല്‍പ്പര്യം വെളിവാക്കുന്നതായിരുന്നു.

ഇ-കൊമേഴ്‌സ് ബിസിനസില്‍ പങ്കാളിയാകുന്നതിനായി വില്‍പ്പനക്കാരെ കണ്ടെത്തുന്നതിനായി ഗൂഗിള്‍ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുകയും ഡിജിറ്റല്‍ പ്രോഗ്രാമുകള്‍ക്കായി ബിസിനസ് ചേംബറുകളുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട്. ഗൂഗിളിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി സഹകരിക്കുന്നതിന് 15,000 വില്‍പ്പനക്കാരെ ഇപ്പോള്‍ തന്നെ കണ്ടെത്തിക്കഴിഞ്ഞു. ഗൂഗിള്‍ അടുത്തിടെ അവതരിപ്പിച്ച ഡിജിറ്റല്‍ പേമെന്റ് ആപ്ലിക്കേഷനായ തേസ് വില്‍പ്പനക്കാരെ കുറിച്ചുള്ള വിവരശേഖരണത്തിന് സഹായകമാകുമെന്നാണ് കരുതുന്നത്.

ഇ-കൊമേഴ്‌സ് വിപണി പ്രവേശനത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ‘സാത്തി’ ഉള്‍പ്പെടെ ഗ്രാമീണ മേഖലയ്ക്കായി പ്രത്യേക പദ്ധതിയും കമ്പനി തയാറാക്കിയിട്ടുണ്ട്. രാജ്യത്തെ 48,000 ഓളം വരുന്ന സാത്തികള്‍ ഡിജിറ്റല്‍ ഷോപ്പിംഗ് രീതികള്‍ പൊതുജനം പരിചയപ്പെടുന്നതു വരെ ഷോപ്പിംഗ് നടക്കാന്‍ അവര്‍ക്കു സഹായം നല്‍കും. കൂടാതെ കമ്പനിയുടെ പെയ്ഡ് അഡ്വര്‍ടൈസിംഗ് ലിസ്റ്റിംഗ് സേവനമായ ഗൂഗിള്‍ ഷോപ്പിംഗിനെ നവീകരിച്ചിട്ടുണ്ട്. ഗൂഗിളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ബ്രിക് ആന്‍ഡ് മോര്‍ട്ടാര്‍ റീട്ടെയ്‌ലര്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഒമ്‌നി ചാനല്‍ അനുഭവം വര്‍ധിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. പ്രസ്തുത സേവനം യുഎസ് വിപണിയില്‍ ഗൂഗിള്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഇത് വില്‍പ്പനക്കാരെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഗൂഗിളിന്റെ 18 ദശലക്ഷം ജിമെയില്‍ സബസ്‌ക്രൈബര്‍മാരും ഗൂഗിളിന്റെ ഇ-കൊമേഴസ് ബിസിനസിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

Comments

comments

Categories: Business & Economy