എല്ലാ ഫോഡ് മോഡലുകളിലും പോട്ട്‌ഹോള്‍ ഡിറ്റക്ഷന്‍ ടെക് നല്‍കും

എല്ലാ ഫോഡ് മോഡലുകളിലും പോട്ട്‌ഹോള്‍ ഡിറ്റക്ഷന്‍ ടെക് നല്‍കും

പുതിയ ഫോഡ് ഫോക്കസ് ഹാച്ച്ബാക്കിലൂടെ സാങ്കേതികവിദ്യ അന്തര്‍ദേശീയ വിപണികളില്‍ എത്തും

ഡിയര്‍ബോണ്‍, മിഷിഗണ്‍ : റോഡിലെ കുഴികള്‍ മുന്‍കൂട്ടി തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഫോഡ് തങ്ങളുടെ എല്ലാ മോഡലുകളിലും നല്‍കും. നാലാം തലമുറ ഫോഡ് ഫോക്കസ് ഹാച്ച്ബാക്കിലൂടെയായിരിക്കും ഈ സാങ്കേതികവിദ്യ അന്തര്‍ദേശീയ വിപണികളില്‍ എത്തുന്നത്. പുതിയ സാങ്കേതികവിദ്യ ലഭിക്കുന്നതോടെ കുഴികള്‍ നിറഞ്ഞ പാതകളിലൂടെയും തകര്‍ന്ന റോഡുകളിലൂടെയും കാര്‍ ഡ്രൈവ് ചെയ്യുന്നത് സുഗമമാകും.

ഫോഡ് തങ്ങളുടെ വാഹനങ്ങളില്‍ ഓപ്ഷണല്‍ എക്‌സ്ട്രാ ആയി ലഭ്യമാക്കുന്ന കണ്ടിനുവസ്‌ലി കണ്‍ട്രോള്‍ഡ് ഡാംപിംഗിന്റെ (സിസിഡി) കൂടെയാണ് പുതിയ സംവിധാനം നല്‍കുന്നത്. വാഹനം അടുത്തെത്തുന്നതിന് മുമ്പ് റോഡിലെ കുഴികള്‍ ‘കാണുന്നതിന്’ പന്ത്രണ്ട് ഹൈ-റെസലൂഷന്‍ സെന്‍സറുകള്‍ ഉപയോഗിക്കുന്നു.

റോഡിലെ കുഴി മുന്‍കൂട്ടി കണ്ടെത്തിക്കഴിഞ്ഞാല്‍ ഡാംപറുകള്‍ ഓട്ടോമാറ്റിക്കായി ഹാര്‍ഡ് ആയി മാറും. അതിനാല്‍ ചക്രങ്ങള്‍ കുഴിയില്‍ വീഴുന്നതിന് പകരം മുകളിലൂടെ കുതിച്ചുപായും. സുഗമമായി യാത്ര ചെയ്യാമെന്ന് മാത്രമല്ല വാഹനത്തിന് കേടുപാട് സംഭവിക്കുന്നത് ഒഴിവാക്കുകയുമാവാം. പിന്നിലാണ് ഈ സാങ്കേതികവിദ്യ കൂടുതല്‍ ഫലപ്രദം. പിന്‍ചക്രങ്ങള്‍ കുഴിയുടെ സമീപമെത്തുന്നതിന് മുമ്പ് ഡാംപറിന് അയവില്ലാത്തവിധം വലിഞ്ഞുമുറുകാന്‍ കൂടുതല്‍ സമയം ലഭിക്കുന്നു എന്നതുതന്നെ കാരണം.

ഇന്ത്യയില്‍ അവതരിപ്പിച്ചാല്‍ വിജയസാധ്യത കൂടുതലാണ്

യുഎസ്സില്‍ കഴിഞ്ഞ വര്‍ഷം ഫോഡ് ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചിരുന്നു. പുതിയ ഫോക്കസ് ഹാച്ച്ബാക്കുകള്‍ ഷോറൂമുകളിലെത്തുന്നതോടെ ബ്രിട്ടണിലും പോട്ട്‌ഹോള്‍ ഡിറ്റക്ഷന്‍ ടെക് ലഭ്യമാകും. ഫോഡ് തങ്ങളുടെ എല്ലാ മോഡലുകളിലും ഈ സംവിധാനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ടിനുവസ്‌ലി കണ്‍ട്രോള്‍ഡ് ഡാംപിംഗ് (സിസിഡി) ഘടിപ്പിച്ച എല്ലാ മോഡലുകളിലും സ്റ്റാന്‍ഡേഡായി നല്‍കും. സാങ്കേതികവിദ്യ ഇന്ത്യയില്‍ അവതരിപ്പിച്ചാല്‍ വലിയ വിജയസാധ്യതയുണ്ട്.

Comments

comments

Categories: Auto