ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലില്‍ 65% വളര്‍ച്ച ലക്ഷ്യമിട്ട് ഫ്‌ളിപ്കാര്‍ട്ട്

ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലില്‍ 65% വളര്‍ച്ച ലക്ഷ്യമിട്ട് ഫ്‌ളിപ്കാര്‍ട്ട്

2012ലാണ് ഫ്‌ളിപ്കാര്‍ട്ട് ഫാഷന്‍ റീട്ടെയ്ല്‍ ആരംഭിക്കുന്നത്

ബെംഗളുരു: ഓണ്‍ലൈന്‍ ഫാഷന്‍ രംഗത്ത് ഒന്നാമതെത്തുന്നതിനും മറ്റ് ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാരില്‍ നിന്നും വേറിട്ട് തിരിച്ചറിയപ്പെടുന്നതിനുമുള്ള തന്ത്രത്തിന്റെ ഭാഗമായി ഫ്‌ളിപ്കാര്‍ട്ട് തങ്ങളുടെ ഫാഷന്‍ ബിസിനസ് റീബ്രാന്‍ഡ് ചെയ്യുകയാണ്. നടപ്പുസാമ്പത്തിക വര്‍ഷം ഫാഷന്‍ ബിസിനസില്‍ 60-65 ശതമാനം വില്‍പ്പന വളര്‍ച്ച നേടുന്നതിനും മൊത്തം വ്യാപാര മൂല്യം (ജിവിഎം) 1.7 ബില്യണ്‍ ഡോളറിലെത്തിക്കുന്നതിനുമാണ് ഫ്‌ളിപ്കാര്‍ട്ട് ലക്ഷ്യമിട്ടിരിക്കുന്നത്. 2012ലാണ് ഫ്‌ളിപ്കാര്‍ട്ട് ഫാഷന്‍ റീട്ടെയ്ല്‍ ആരംഭിക്കുന്നത്. മേഖലയില്‍ മുന്‍നിരക്കാരാവുന്നതിന് ചെറുതും വലുതുമായ വിവിധ നഗരങ്ങളിലെ എല്ലാ വിഭാഗം ഫാഷന്‍ ഉപഭോക്താക്കള്‍ക്കും തുടക്കം മുതല്‍ ഫ്‌ളിപ്കാര്‍ട്ട് സേവനം നല്‍കുന്നുണ്ട്.

2014ല്‍ മൈന്ത്രയെ ഏറ്റെടുത്തതോടെ രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറെന്ന സ്ഥാനം മെച്ചപ്പെടുത്തുന്നതിന് ഫ്‌ളിപ്കാര്‍ട്ടിന് സാധിച്ചു. ഒരു പ്രീമിയം ഫാഷന്‍ കമ്പനിയെന്ന രീതിയില്‍ സ്ഥാനമുറപ്പിക്കുന്നതിനും ആമസോണ്‍ പോലുള്ള എതിരാളികളില്‍ നിന്ന് വ്യത്യസ്തരാകാനുമാണ് ചീഫ് എക്‌സിക്യൂട്ടിവ് കല്യാണ്‍ കൃഷ്ണമൂര്‍ത്തിക്ക് കീഴില്‍ ഫ്‌ളിപ്കാര്‍ട്ട് ഫാഷന്‍ ബിസിനസ് ലക്ഷ്യമിടുന്നത്. ഒരു ഓണ്‍ലൈന്‍ ഫാഷന്‍ കാപിറ്റലായി മാറുന്നതിന് കമ്പനി പുതിയ റീബ്രാന്‍ഡിംഗ് പ്രോജക്റ്റുമായി മുന്നോട്ടു പോകുകയാണ്.

‘സാധാരണയായി ആഗോള നഗരങ്ങളെയാണ് ഫാഷന്‍ സിറ്റികളെന്ന് നമ്മള്‍ വിശേഷിപ്പിക്കാറുള്ളത്. അവിടെ നിന്നും ഏറ്റവും പുതിയ ഫാഷനുകളും ഫാഷന്‍ വാര്‍ത്തകളും ലഭിക്കുന്നു, ഫാഷണബിളായ ആളുകളെ കാണാന്‍ സാധിക്കുന്നു. എന്നാല്‍ ഇനി ഇതെല്ലാം ഫ്‌ളിപ്കാര്‍ട്ടില്‍ ലഭിക്കും’, ഫ്‌ളിപ്കാര്‍ട്ട് ഫാഷന്‍ മേധാവിയായ റിഷി വാസുദേവ് പറയുന്നു. വാങ്ങല്‍ അനുഭവങ്ങളെല്ലാം നവീകരിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍,മാഗസിനുകള്‍ എന്നിവയുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും വാസുദേവ് കൂട്ടിച്ചേര്‍ത്തു.

അവതാര്‍ എന്ന് വിളിക്കുന്ന ഒരു ആഭ്യന്തര പ്രോജക്റ്റ് 2017ന്റെ തുടക്കത്തില്‍ ആരംഭിച്ച സമയത്താണ് റീബ്രാന്‍ഡിംഗ് നടപടികള്‍ക്ക് ഫ്‌ളിപ്കാര്‍ട്ട് തുടക്കമിട്ടത്. ഫാഷന്‍ കാപിറ്റല്‍ സംരംഭത്തിന്റെ ഭാഗമായി വന്‍കിട ബ്രാന്‍ഡുകളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തും. അത്തരം ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ ചെറിയ നഗരങ്ങളിലേക്ക് എത്തിച്ചേരാനും ഇതിലൂടെ സാധിക്കും.

ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റിന്റെ മുന്‍ എക്‌സിക്യൂട്ടീവായിരുന്ന കൃഷ്ണമൂര്‍ത്തി 2016ന്റെ മധ്യത്തോടെയാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ നേതൃത്വത്തിലേക്ക് എത്തിയത്. അന്നുമുതല്‍ ഫാഷന്‍ ബിസിനസിന്റെ അതിവേഗ വളര്‍ച്ചയ്ക്കായി എക്‌സിക്യൂട്ടിവുകള്‍ക്ക് മേല്‍ അദ്ദേഹം സമ്മര്‍ദം ചെലുത്തിയിരുന്നു. ഫാഷന്‍ യൂണിറ്റിനായി ആക്രമണോത്സുക വളര്‍ച്ചാ ലക്ഷ്യങ്ങളാണ് മുന്നോട്ടുവെച്ചിരുന്നത്. മൈന്ത്രയുടെയും ജബോംഗിന്റെയും ഉടമസ്ഥരായ ഫ്‌ളിപ്കാര്‍ട്ട് രാജ്യത്തെ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലിന്റെ 70 ശതമാനമാണ് നിയന്ത്രിക്കുന്നത്.

Comments

comments

Categories: Business & Economy