ഇന്‍ഫ്രാ നിക്ഷേപത്തിനുള്ള മൂലധന ചെലവിടല്‍ വെല്ലുവിളി: പിയുഷ് ഗോയല്‍

ഇന്‍ഫ്രാ നിക്ഷേപത്തിനുള്ള മൂലധന ചെലവിടല്‍ വെല്ലുവിളി: പിയുഷ് ഗോയല്‍

ധന സ്രോതസുകള്‍ വര്‍ധിപ്പിക്കുന്നതില്‍ ഇനി മുഖ്യ പങ്കുവഹിക്കാനാകുക ബോണ്ട് വിപണിക്കെന്ന് വിലയിരുത്തല്‍

മുംബൈ: അടിസ്ഥാന സൗകര്യവികസനത്തിന് അടുത്ത ദശാബ്ദത്തില്‍ 4.5 ട്രില്യണ്‍ ഡോളര്‍ നിക്ഷേപം രാജ്യത്തിന് വേണ്ടിവരുമെന്നും ഇത് വെല്ലുവിളിയാണെന്നും ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു. എന്നാല്‍ ഈ ഉയര്‍ന്ന സാമ്പത്തികം കണ്ടെത്താനാകും എന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് (എഐഐബി) സമ്മിറ്റില്‍ ഗവര്‍ണര്‍മാരുടെ പാനലിനോട് സംസാരിക്കുകയായിരുന്നു ഗോയല്‍. ആഗോളതലത്തില്‍ ഉയര്‍ന്നു വരുന്ന പലിശ നിരക്കുകള്‍ മുന്‍നിര്‍ത്തിയാണ് സാമ്പത്തിക ചെലവിന്റെ വെല്ലുവിളി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

വലിയ ഇന്‍ഫ്രാ പ്രൊജക്റ്റുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി കെട്ടിപ്പടുക്കുന്നതും ഒരു വലിയ വെല്ലുവിളിയാണെന്ന പറഞ്ഞ അദ്ദേഹം എഐഐബി പോലുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ ഈ വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. രണ്ട് ദിവസത്തെ ഉച്ചകോടി ഇന്ന് സമാപിക്കും.

ബാങ്കുകളില്‍ നിന്ന് ധന സമാഹരണം നടത്തുന്നതു പോലെ എളുപ്പമല്ല, ഭാവിയിലെ അടിസ്ഥാന സൗകര്യവികസനത്തിനായുള്ള ധനസഹായം കണ്ടെത്തുന്നത് എന്ന് സിംഗപ്പൂരിലെ വായ്പാദാതാക്കളായ ഡിബിഎസിന്റെ ചീഫ് എക്‌സിക്യൂട്ടിവ് പിയുഷ് ഗുപ്ത പറഞ്ഞു. പാരമ്പരാഗതമായി അടിസ്ഥാന സൗകര്യ മേഖലയ്ക്ക് ഫണ്ട് നല്‍കുന്ന ബാങ്കുകള്‍ക്ക് പരിമിതമായ ശേഷിയാണുള്ളത്. അതിനാല്‍ ധന സ്രോതസുകള്‍ വര്‍ധിപ്പിക്കുന്നതില്‍ ഇനി മുഖ്യ പങ്കുവഹിക്കാനാകുക ബോണ്ട് വിപണിക്കാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഗ്രീന്‍ഫീല്‍ഡ് പ്രൊജക്റ്റുകളെ പിന്തുണയ്ക്കുന്നതിന് ബോണ്ട് വിപണികള്‍ക്കും ചില വെല്ലുവിളികളുണ്ട്. പ്രൊജക്റ്റിന് നിര്‍ണായകമായിരിക്കുന്ന ആദ്യ വര്‍ഷങ്ങളില്‍ ബോണ്ട് വിപണികള്‍ ഫണ്ടിംഗില്‍ നിന്ന് അകന്നു നില്‍ക്കുന്ന പ്രവണത തുടരുകയാണെന്നും ഗുപ്ത പറയുന്നു.

Comments

comments

Categories: Slider, Top Stories