സേവകര്‍ ആമസോണിലൂടെ

സേവകര്‍ ആമസോണിലൂടെ

ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല ജോലിക്കാരെയും ആമസോണ്‍ വിതരണം ചെയ്യുന്നു

വീട്ടില്‍ ചെറിയ മരാമത്തു പണികള്‍ക്ക് ജോലിക്കു വിളിച്ചാല്‍ ആവശ്യത്തിന് ആളെക്കിട്ടാത്ത പ്രശ്‌നം നാമെല്ലാവരും അനുഭവിച്ചിട്ടുണ്ടാകും. തൊഴില്‍ നൈപുണ്യമര്‍ഹിക്കുന്ന പ്ലംബര്‍, ഇലക്ട്രീഷ്യന്‍, അസംബ്ലര്‍, ഹെല്‍പ്പര്‍ തുടങ്ങിയവരെയാണ് കിട്ടാന്‍ പ്രയാസം. മിക്കയാളുകളും സ്ഥിരം പണിയുള്ള സൈറ്റുകളിലോ കോണ്‍ട്രാക്റ്റര്‍മാരുടെ കീഴിലോ ആയിരിക്കും. അതിനാല്‍ സമയത്തിന് ഇവരെ കിട്ടാറില്ല. തേടി നടന്ന് ഇവരെ സാധനങ്ങള്‍ ഏല്‍പ്പിച്ചാല്‍ത്തന്നെ കൃത്യസമയത്ത് അറ്റകുറ്റപ്പണി തീര്‍ത്ത് തിരിച്ചേല്‍പ്പിക്കുന്നവരും വിരളം. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങളുണ്ടോ എന്നു ചിന്തിച്ചു പോകുന്നത്. ഇപ്പോഴിതാ ഈ ചിന്തയ്ക്കു പരിഹാരമെന്നോണം പ്രമുഖ ഇ- കൊമേഴ്‌സ് കമ്പനി ആമസോണ്‍ വിദഗ്ധ തൊഴിലാളികളെ നല്‍കുന്നു.

ആമസോണ്‍ പുറത്തിറക്കുന്ന ട്രേഡ്‌സ് പീപ്പിള്‍സ് ഡയറക്റ്ററിയില്‍ പേര് ചേര്‍ക്കാനുള്ള അവസരം ഇത്തരം തൊഴിലാളികള്‍ക്ക് നല്‍കുന്നു. ആമസോണ്‍ ഹോം സര്‍വീസസ് എന്ന സേവനവിഭാഗത്തിലാണ് ഇതു ലഭ്യമാക്കുന്നത്. ട്രസ്റ്റ് എ ട്രേഡര്‍ ഡോട് കോം, ചെക്ക് എ ട്രേഡ് ഡോട് കോം എന്നീ വെബ് അധിഷ്ഠിത സേവനദാതാക്കള്‍ക്കു ബദലായി അവതരിപ്പിക്കുന്നതാണിത്. ആമസോണിലൂടെ നാലു മില്യണ്‍ ഗാര്‍ഹികോപകരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ അവ വീട്ടില്‍ സ്ഥാപിക്കാന്‍ ഒരു വിദഗ്ധ ജോലിക്കാരന്റെ സഹായവും നേടാമെന്നര്‍ത്ഥം. ടെലിവിഷന്‍ , വാഷിംഗ് മെഷീന്‍, ഗാര്‍ഡന്‍ ഫര്‍ണിച്ചര്‍, വ്യായാമ ഉപകരണങ്ങള്‍ എന്നു വേണ്ട വീട്ടില്‍ കൊണ്ടു വന്ന് ഘടിപ്പിക്കേണ്ട മേശ, കസേര മുതലുള്ളവയ്ക്കു വരെ ഇവരുടെ സഹായം ലഭിക്കും.

അമേരിക്കയില്‍ ഈ സേവനം 2015 മുതല്‍ കമ്പനി നല്‍കി വരുന്നുണ്ട്. എന്നാല്‍ ബ്രിട്ടണില്‍ ഈ മാസമാണ്
സേവനം നല്‍കിത്തുടങ്ങുക. ആമസോണിന്റെ വെബ്‌സൈറ്റിലൂടെ സേവനം ആവശ്യപ്പെടുന്ന ഉപയോക്താക്കള്‍ക്ക്, ഡയറക്റ്ററിയില്‍ റജിസ്റ്റര്‍ ചെയ്ത, അതാതു മേഖലയിലുള്ള ജീവനക്കാര്‍ വീട്ടില്‍ച്ചെന്നു സേവനം നല്‍കുന്ന സംവിധാനമാണിത്. അമേരിക്കയില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ട ഈ സേവനത്തെക്കുറിച്ച് ഉപയോക്താക്കള്‍ വളരെ നല്ലരീതിയിലാണ് പ്രതികരിച്ചതെന്ന് യൂറോപ്പിലെ ആമസോണ്‍ ഹോംസര്‍വീസ് ജനറല്‍ മാനെജര്‍ സ്‌കോട്ട് വെബ്‌സ്റ്റര്‍ പറയുന്നു. സേവനം കൊണ്ടുണ്ടായ സൗകര്യവും അതു നല്‍കുന്ന സമാധാനവും വിശ്വാസ്യതയും ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിലെ സാങ്കേതികത്തികവുമെല്ലാം അവര്‍ ഇഷ്ടപ്പെടുന്നു.

ആമസോണ്‍ ഹോം സര്‍വീസസ് എന്ന സേവനവിഭാഗത്തിലാണ് ജീവനക്കാരെ ലഭ്യമാക്കുന്നത്. ഉപയോക്താവ് വെബ്‌സൈറ്റില്‍ കയറി സേവനം ആവശ്യപ്പെടുമ്പോള്‍, ആമസോണ്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ജോലികള്‍ പ്രാദേശികാടിസ്ഥാനത്തില്‍ ജോലിക്കാരെ അറിയിക്കുന്നു

ഡയറക്റ്ററിയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കുന്നവരെ വിവിധ തലത്തിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ഇതിന് അഭിമുഖം, പരിചയം തുടങ്ങിയ ഘടകങ്ങള്‍ പ്രധാനമാണ്. ജോലിക്കാവശ്യമായ ലൈസന്‍സ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ നിര്‍ബന്ധം. ഉപയോക്താവിന്റെ വീട്ടിലേക്കു വിടുന്നതിനു മുമ്പ് ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് ഉറപ്പു വരുത്തിയിരിക്കും. നിയമപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഉപകരിക്കും. സ്വന്തം പ്രദേശത്തെ ജോലികള്‍ അറിയുന്നതിനും തന്താങ്ങളുടെ സമയത്തിന് അനുസരിച്ച് ജോലി തെരഞ്ഞെടുക്കാനും ഉപയുക്തമായ ഒരു ആപ്ലിക്കേഷന്‍ അവര്‍ക്കു നല്‍കിയിരിക്കും. ഉപയോക്താവ് വെബ്‌സൈറ്റില്‍ കയറി സേവനം ആവശ്യപ്പെടുമ്പോള്‍, ആമസോണ്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ജോലികള്‍ പ്രാദേശികാടിസ്ഥാനത്തില്‍ ജോലിക്കാരെ അറിയിക്കുന്നു.

ഒപ്പിടല്‍, വരിസംഖ്യ, നോക്കുകൂലി എന്നിവയൊന്നും ഇതിലില്ല. ജോലി പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂലി സേവനരീതിയുടെ അടിസ്ഥാനത്തില്‍ കണക്കു കൂട്ടി നല്‍കുന്ന രീതിയാണ് ആമസോണ്‍ അവലംബിച്ചിരിക്കുന്നത്. ആയിരം പൗണ്ട് വരെയുള്ള കൂലിയുടെ 20 ശതമാനം കമ്പനിക്ക്. ഇതിനു മുകളിലേക്കുള്ള തുകയുടെ 15 ശതമാനമാണ് ചുമത്തുക. എതിരാളിയായ ട്രസ്റ്റ് എ ട്രേഡര്‍, വാറ്റ് നികുതി ഉള്‍പ്പെടെ 838 പൗണ്ട് വരിസംഖ്യയായി ചുമത്തുന്നു. ഈ തുക തവണകളായി അടയ്ക്കാം. ചെക്ക് എ ട്രേഡിന്റെ അംഗത്വഫീസ് പ്തിമാസം അടയ്ക്കാവുന്ന 83.99 പൗണ്ടിലാണു തുടങ്ങുന്നത്.

ഉപയോക്താക്കളുടെ അവകാശങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ക്കു നല്‍കുന്നതു പോലുള്ള വാഗ്ദാനങ്ങള്‍ ഈ സേവനങ്ങള്‍ക്കു നല്‍കാന്‍ കമ്പനി തയാറായിട്ടുണ്ട്. എല്ലാ ഇടപാടിനും വ്യക്തമായ ഉറപ്പ് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഉപയോക്താവിന് സേവനത്തില്‍ തൃപ്തിയില്ലെങ്കില്‍ അത് അധിക തുക ഈടാക്കാതെ പരിഹരിക്കണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തുക തിരിച്ചു നല്‍കാനും ജോലിക്കാര്‍ ബാധ്യസ്ഥരാണ്. ഓരോ സേവനത്തിനും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പായ്‌ക്കെജുകളും ഫീസുമുണ്ട്. ഉപയോക്താക്കള്‍ക്ക് മുന്‍കൂര്‍ പായ്‌ക്കെജിലുള്ള സഹായങ്ങള്‍ ഉപയോഗപ്പെടുത്താനാകും. സേവനം പൂര്‍ത്തികരിച്ചാല്‍ മാത്രം പണം നല്‍കിയാല്‍ മതി.

നിലവില്‍ പത്തോളം സേവനങ്ങളാണ് ആമസോണ്‍ ഹോം സര്‍വീസസ് നല്‍കിപ്പോരുന്നത്. അപ്ലയന്‍സസ് ടെക്‌നീഷ്യന്‍, അസംബ്ലര്‍, കാര്‍പ്പറ്റ് ക്ലീനര്‍, കംപ്യൂട്ടര്‍ വിദഗ്ധന്‍, ഇലക്ട്രീഷ്യന്‍, സഹായി, ഗാര്‍ഹിക ജോലിക്കാരന്‍, ഹോംതിയെറ്റര്‍ വിദഗ്ധന്‍, പ്ലംബര്‍, സ്‌പെഷ്യാലിറ്റി ക്ലീനര്‍ എന്നീ വിഭാഗം ജോലിക്കാരെയാണു ലഭ്യമാക്കുക. ആമസോണ്‍ വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കു വെബ്‌സൈറ്റില്‍ ഉപയോക്താക്കള്‍ക്ക് അവലോകനങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ അവസരമുള്ളതു പോലെ സേവനങ്ങള്‍ക്കും റിവ്യൂ ഇടാം. അഭിപ്രായമെഴുതാനും വായിക്കാനും പ്രത്യേകം സൈന്‍അപ്പ് ചെയ്യുകയോ വരിക്കാരാകുകയോ വേണ്ട.

ആമസോണിന്റെ ഉപഭോക്താക്കള്‍ വളരെ ആവേശത്തോടെയാണ് വാര്‍ത്ത സ്വീകരിച്ചത്. ആളില്ലാ വിമാനത്തില്‍ ആദ്യമായി ഉല്‍പ്പന്ന വിതരണം നടത്തിയതടക്കം മികച്ച പല പ്രവണതകള്‍ക്കും തുടക്കമിട്ട സ്ഥാപനമാണ് ആമസോണ്‍. സ്വന്തം പ്രൈം എയര്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് ആമസോണ്‍ യുഎസിലെ ആദ്യ ഡെലിവറി സേവനം നടത്തിയത്. ബ്രിട്ടണിലും കമ്പനി ഡ്രോണ്‍ ഡെലിവറി സേവനം വിജയകരമായി നടത്തുകയുണ്ടായി. കുറ്റമറ്റ പല സേവനങ്ങള്‍ക്കും തുടക്കമിട്ട ആമസോണിന്റെ ഈ സംരംഭവും ജനങ്ങള്‍ക്കിടയില്‍ മഹാപ്രസ്ഥാനമായി മാറുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

നിലവില്‍ പത്തോളം സേവനങ്ങളാണ് ആമസോണ്‍ ഹോം സര്‍വീസസ് നല്‍കിപ്പോരുന്നത്. അപ്ലയന്‍സസ് ടെക്‌നീഷ്യന്‍, അസംബ്ലര്‍, കാര്‍പ്പറ്റ് ക്ലീനര്‍, കംപ്യൂട്ടര്‍ വിദഗ്ധന്‍, ഇലക്ട്രീഷ്യന്‍, സഹായി, ഗാര്‍ഹിക ജോലിക്കാരന്‍, ഹോംതിയെറ്റര്‍ വിദഗ്ധന്‍, പ്ലംബര്‍, സ്‌പെഷ്യാലിറ്റി ക്ലീനര്‍ എന്നീ വിഭാഗം ജോലിക്കാരെയാണു ലഭ്യമാക്കുക

ലോകത്തിലെ ഏറ്റവും വലിയ ഇ- കൊമേഴ്‌സ് കമ്പനിയും ക്ലൗഡ് സേവനദാതാവുമായ ആമസോണ്‍ 1994-ലാണ് സ്ഥാപിക്കപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം ഓണ്‍ലൈന്‍ പുസ്തകവില്‍പ്പനയിലൂടെ ഉപഭോക്തൃവിപണിയിലേക്കിറങ്ങിയ കമ്പനി, ഇതിന്റെ വിജയത്തെ തുടര്‍ന്ന് വീഡിയോ, സിഡി, സോഫ്റ്റ്‌വെയര്‍, വീഡിയോ ഗെയിം, ഇലക്ട്രിക് ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, ഭക്ഷ്യവിഭവങ്ങള്‍, കായിക ഉപകരണങ്ങള്‍,കളിപ്പാട്ടങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ലോകത്തേക്ക് ഇറങ്ങി. അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങി പല രാജ്യങ്ങളിലും ശാഖകളുണ്ട്. വാഷിംഗ്ടണിലെ സിയാറ്റില്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ്.

ഇന്ന് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് ഒട്ടേറെ സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രചാരണത്തില്‍ നിര്‍ണായകപങ്കു വഹിച്ച സ്ഥാപനമെന്ന നിലയില്‍ മുന്‍നിരയില്‍ത്തന്നെ നില്‍ക്കുന്ന കമ്പനിയാണ് ആമസോണ്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൃത്യമായ ഉപയോക്താവിന് ഉല്‍പ്പന്നമെത്തിക്കുന്നതില്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് അവരെ ഇന്നും മുന്‍ നിരയില്‍ നിലനിര്‍ത്തുന്നത്. ആമസോണിന്റെ ആദ്യവാണിജ്യമാതൃക തന്നെയാണ് ഈ നേട്ടത്തിന് ആധാരം. പുസ്തവില്‍പ്പനയിലൂടെ ഈ രംഗത്തു വന്ന അവര്‍ ആദ്യ നാലഞ്ച് വര്‍ഷത്തേക്ക് ലാഭമില്ലാതെ പ്രവര്‍ത്തക്കാനാണ് സന്നദ്ധരായത്. ഇത് വളര്‍ച്ച സാവധാനത്തിലാക്കിയെങ്കിലും ലോകമെമ്പാടുമുള്ള എഴുത്തുകാരുടെയും വായനക്കാരുടെയും വിശ്വാസം ആര്‍ജിക്കാന്‍ സഹായകമായി. ആമസോണിനൊപ്പം തുടങ്ങിയ കമ്പനികള്‍ തകര്‍ന്നപ്പോള്‍ ഈ വിശ്വാസ്യതയാണ് അവരെ വീഴാതെ കാത്തത്.

ഏതായാലും അധികജോലിക്ക് ആനുപാതിക വേതനം നല്‍കാതെയും അര്‍ഹമായ വിഭാഗത്തില്‍ നിയമനം നല്‍കാതെയും ന്യായമായ പ്രതിഫലത്തില്‍ നിന്നു പിടിച്ചുവെച്ചു കൊണ്ടു പോലും പാവപ്പെട്ട തൊഴിലാളികളുടെ കീശയില്‍ വീഴേണ്ട പണം മോഷ്ടിക്കുന്ന തൊഴില്‍ ദാതാക്കള്‍ സമൂഹത്തിലുണ്ട്. അധ്വാനത്തിന് ന്യായമായ കൂലി കൊണ്ടു തൃപ്തിപ്പെടാതെ സാധാരണക്കാരനെ ചൂഷണം ചെയ്യുന്ന തൊഴിലാളികളുമുണ്ട്. രണ്ടു കൂട്ടര്‍ക്കും വലിയൊരു നിയന്ത്രണം വരുത്താന്‍ ആമസോണിന്റെ പുതിയ സംരംഭത്തിനു കഴിയും. സാധാരണക്കാരന്റെ ആശ്രയത്വം മാറി ഉപയോക്താവാണ് രാജാവ് എന്ന ആധുനിക വിപണിയുടെ ആപ്തവാക്യം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്ന സംവിധാനം വിജയകരമാകുമെന്നാണ് ഇതിന്റെ പരക്കെയുള്ള സ്വീകാര്യത ചൂണ്ടിക്കാട്ടുന്നത്.

Comments

comments

Categories: FK Special, Slider
Tags: Amazon

Related Articles