കേന്ദ്രത്തിന് തിരിച്ചടി; ഡെല്‍ഹിയില്‍ മരം മുറിക്കുന്നത് ജൂലൈ 4 വരെ കോടതി തടഞ്ഞു

കേന്ദ്രത്തിന് തിരിച്ചടി; ഡെല്‍ഹിയില്‍ മരം മുറിക്കുന്നത് ജൂലൈ 4 വരെ കോടതി തടഞ്ഞു

ന്യൂഡെല്‍ഹി: ഡെല്‍ഹിയിലെ പതിനേഴായിരത്തോളം മരങ്ങള്‍ മുറിച്ച് ഭവന-വ്യാപാര സമുച്ചയം നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത വാദം കേള്‍ക്കുന്ന ജൂലൈ 4 വരെ മരങ്ങള്‍ മുറിക്കരുതെന്ന് ഡെല്‍ഹി കോടതി ഉത്തരവിട്ടു.

ഡെല്‍ഹിയിലെ നേതാജി നഗര്‍, നവോറജി നഗര്‍, സരോജിനി നഗര്‍ തുടങ്ങിയ പ്രദേശങ്ങളുള്‍പ്പടെ നിരവധി സ്ഥലങ്ങളിലെ പതിനേഴായിരത്തോളം മരങ്ങള്‍ മുറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ കെ കെ മിശ്ര എന്നയാള്‍ പരാതിയുമായി രംഗത്തുവന്നു. തുടര്‍ന്ന് മിശ്രയെ പിന്തുണച്ച് നിരവധിപേരാണ് മരങ്ങള്‍ മുറിക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

മിശ്ര നല്‍കിയ ഹര്‍ജി പരിഗണിക്കവെ മരം മുറിക്കലിന് ഹരിത ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചിരുന്നുവോയെന്ന് കോടതി ആരാഞ്ഞു. റോഡ് നിര്‍മാണത്തിന് വേണ്ടി മരങ്ങള്‍ മുറിക്കാമെന്നത് ന്യായീകരിക്കാവുന്ന കാര്യമാണ്. എന്നാല്‍ ഭവന നിര്‍മാണത്തിന് മരങ്ങള്‍ മുറിക്കേണ്ടതുണ്ടോയെന്ന് ഭവന നിര്‍മാണ പദ്ധതി നടപ്പിലാക്കുന്ന നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനോട്(എന്‍ബിസിസി) കോടതി ചോദിച്ചു.

മരം മുറിക്കലിനെതിരെ ഡെല്‍ഹിയില്‍ പലയിടത്തും ശക്തമായ പ്രതിഷേധ സമരങ്ങളാണ് നടക്കുന്നത്. ഡെല്‍ഹി സര്‍ക്കാര്‍ സംഭവത്തില്‍ കേന്ദ്രത്തെ വിമര്‍ശിക്കുകയും ചെയ്തു.

 

 

Comments

comments

Categories: FK News, Slider, Top Stories
Tags: Delhi, Trees