ടാറ്റ മോട്ടോഴ്‌സില്‍നിന്ന് ഈ വര്‍ഷം 50 കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍

ടാറ്റ മോട്ടോഴ്‌സില്‍നിന്ന് ഈ വര്‍ഷം 50 കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍

ഉല്‍പ്പന്ന ആസൂത്രണ വിഭാഗം ആരംഭിക്കും

ന്യൂഡെല്‍ഹി : നടപ്പു സാമ്പത്തിക വര്‍ഷം ടാറ്റ മോട്ടോഴ്‌സ് അമ്പതോളം കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ (സിവി) പുറത്തിറക്കും. വാണിജ്യ വാഹന സെഗ്‌മെന്റില്‍ സ്വന്തം ആധിപത്യം കുറേക്കൂടി ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. സിവി, പാസഞ്ചര്‍ വാഹന സെഗ്‌മെന്റുകളിലായി 2017-18 ല്‍ 1,900 കോടിയോളം രൂപ ചെലവ് ചുരുക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞിരുന്നു. ചെലവ് ചുരുക്കല്‍ നടപടികളിലൂടെ നടപ്പു സാമ്പത്തിക വര്‍ഷവും സമാന നേട്ടം കൈവരിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

സിവി ബിസിനസ്സില്‍ മാത്രം മൂലധന ചെലവ് നടത്തുന്നതിന് ഈ സാമ്പത്തിക വര്‍ഷം 1,500 കോടി രൂപയാണ് ടാറ്റ മോട്ടോഴ്‌സ് വകയിരുത്തിയിട്ടുള്ളത്. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍, ശേഷി വിപുലീകരണം, വാഹനങ്ങള്‍ ബിഎസ്-6 അനുസൃതമാക്കുക എന്നീ മേഖലകളില്‍ തുക വിനിയോഗിക്കും. 2020 ഏപ്രില്‍ ഒന്നിന് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നടപ്പില്‍ വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

വേരിയന്റുകളും ഫേസ്‌ലിഫ്റ്റുകളും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം അമ്പതിലധികം പുതിയ വാഹനങ്ങള്‍ പുറത്തിറക്കിയതായി ടാറ്റ മോട്ടോഴ്‌സ് വാണിജ്യ വാഹന ബിസിനസ് വിഭാഗം പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു. ഈ വര്‍ഷവും ഇത്രയും എണ്ണം പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഉല്‍പ്പന്ന ആസൂത്രണ വിഭാഗം തുടങ്ങുന്നതിന്റെ നടപടിക്രമങ്ങളിലാണ് കമ്പനിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ പുതിയ വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് ദീര്‍ഘ കാല തന്ത്രം മെനയുകയാണ് പുതിയ ഡിവിഷന്റെ ജോലി.

ഉല്‍പ്പന്ന ആസൂത്രണ വിഭാഗത്തിന്റെ ഉപദേശ-നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കും മുന്നോട്ടുള്ള പ്രയാണമെന്ന് വാഗ് പറഞ്ഞു. ഭാവി കാര്യങ്ങളില്‍ സദാ ജാഗരൂകരായിരിക്കുക എന്നതാണ് പുതിയ വിഭാഗത്തിന്റെ ചുമതല. ഉപഭോക്തൃ ആവശ്യങ്ങള്‍ എങ്ങനെയാണ് മാറിവരുന്നതെന്നും ആഗോള വിപണികളിലെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും അവിടങ്ങളില്‍ കാര്യങ്ങള്‍ എത്രമാത്രം മാറിയിരിക്കുന്നുവെന്നും ഉല്‍പ്പന്ന ആസൂത്രണ വിഭാഗം വിശദമാക്കേണ്ടിവരും. അടുത്ത അഞ്ച് വര്‍ഷങ്ങളിലായി വിപണിയില്‍ എത്തിക്കേണ്ട വാഹനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് (പഞ്ചവത്സര പദ്ധതി) ഉല്‍പ്പന്ന ആസൂത്രണ വിഭാഗം തയ്യാറാക്കണം.

സിവി ബിസിനസ്സില്‍ മൂലധന ചെലവ് നടത്തുന്നതിന് ഈ വര്‍ഷം 1,500 കോടി രൂപ വകയിരുത്തി

ഇന്ത്യയിലെ സിവി സെഗ്‌മെന്റിനെ നയിക്കുന്നത് ടാറ്റ മോട്ടോഴ്‌സാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ആഭ്യന്തര വിപണിയിലെ കൊമേഴ്‌സ്യല്‍ വാഹന സെഗ്‌മെന്റില്‍ 45.1 ശതമാനമാണ് ടാറ്റ മോട്ടോഴ്‌സിന്റെ വിപണി വിഹിതം. 2016-17 ല്‍ ഇത് 44.4 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടാറ്റ മോട്ടോഴ്‌സ് വലിയ തോതില്‍ ചെലവുകള്‍ കുറച്ചുകൊണ്ടുവരാന്‍ സാധിച്ചതായി ഗിരീഷ് വാഗ് പറഞ്ഞു. വര്‍ഷം തോറും ആകെ നിര്‍മ്മിക്കുന്ന കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ 12-15 ശതമാനം സാധാരണയായി ടാറ്റ മോട്ടോഴ്‌സ് കയറ്റുമതി ചെയ്യുകയാണ്.

Comments

comments

Categories: Auto