സ്‌കോഡ ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ നിര്‍മ്മിക്കും

സ്‌കോഡ ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍ കാറുകള്‍ നിര്‍മ്മിക്കും

ഇന്ത്യന്‍ വിപണി മനസ്സില്‍ക്കണ്ട് ‘എംക്യുബി എ0-ഇന്‍’ പ്ലാറ്റ്‌ഫോം വികസിപ്പിക്കും

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയിലേക്കുള്ള ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് കാറുകള്‍ നിര്‍മ്മിക്കുന്നതിന്റെ ചുമതല സ്‌കോഡ ഏറ്റെടുക്കും. ‘ഇന്ത്യ 2.0’ പ്രൊജക്റ്റിന് ബോര്‍ഡിന്റെ അനുമതി ലഭിച്ചു. ഇതിന്റെ ഭാഗമായി സബ്‌കോംപാക്റ്റ് എംക്യുബി-എ0 പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്ന ജോലികള്‍ സ്‌കോഡ ഏറ്റെടുക്കും. ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി ‘എംക്യുബി എ0-ഇന്‍’ എന്ന പ്ലാറ്റ്‌ഫോമായിരിക്കും വികസിപ്പിക്കുന്നത്.

ഭാവിയില്‍ ഇന്ത്യയില്‍ എല്ലാ ഫോക്‌സ്‌വാഗണ്‍, സ്‌കോഡ മോഡലുകളും രൂപകല്‍പ്പന ചെയ്യുന്നതും നിര്‍മ്മിക്കുന്നതും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംക്യുബി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയായിരിക്കും. പുതിയ ഫോക്‌സ്‌വാഗണ്‍, സ്‌കോഡ മോഡലുകള്‍ വികസിപ്പിച്ചുവരികയാണ്. എംക്യുബി എ0-ഇന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന തങ്ങളുടെ ആദ്യ മോഡല്‍ 2020 ല്‍ പുറത്തിറക്കുമെന്ന് ചെക്ക് കാര്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായ് ക്രെറ്റയെ വെല്ലുവിളിക്കുന്നതായിരിക്കും ഈ ഓള്‍-ന്യൂ എസ്‌യുവി.

ആഗോളതലത്തില്‍ പ്രദര്‍ശിപ്പിച്ച സ്‌കോഡ വിഷന്‍ എക്‌സ് എസ്‌യുവി കണ്‍സെപ്റ്റിന്റെ ഡിസൈന്‍ അംശങ്ങള്‍ പുതിയ വാഹനത്തിലുണ്ടാകും. എന്നാല്‍ സ്റ്റൈലിംഗ്, അളവുകള്‍ എന്നിവ ഇന്ത്യന്‍ ഉപയോക്താക്കളുടെ താല്‍പ്പര്യം മാനിച്ചായിരിക്കും. ഈ എസ്‌യുവിയുടെ വലിയ മാറ്റങ്ങളില്ലാത്ത പതിപ്പ് ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കും. ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ചില ബോഡി പാനലുകള്‍ രണ്ട് മോഡലുകളും പങ്കുവെയ്ക്കും. എന്നാല്‍ വിപണിയിലെത്തുമ്പോള്‍ രണ്ട് മോഡലുകള്‍ക്കും സവിശേഷ ബ്രാന്‍ഡ് ഐഡന്റിറ്റി ഉണ്ടാകും.

ഫോക്‌സ്‌വാഗണിന്റെ ചാകണ്‍ പ്ലാന്റ് ഏറ്റെടുക്കാനുള്ള നടപടികളിലാണ് സ്‌കോഡ. ഭാവിയില്‍ ഇന്ത്യയില്‍ ഫോക്‌സ്‌വാഗണ്‍, സ്‌കോഡ മോഡലുകള്‍ നിര്‍മ്മിക്കുന്നത് എംക്യുബി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയായിരിക്കും

പുണെയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌വാഗണിന്റെ ചാകണ്‍ പ്ലാന്റ് ഏറ്റെടുക്കാനുള്ള നടപടികളിലാണ് സ്‌കോഡ. പുതിയ എംക്യുബി-എ0-ഇന്‍ പ്ലാറ്റ്‌ഫോമില്‍ കാറുകള്‍ നിര്‍മ്മിക്കുന്നതിന് ഇവിടെ പുതിയ പ്രൊഡക്ഷന്‍ ലൈന്‍ സ്ഥാപിക്കും. നിലവില്‍ പിക്യു25 പ്ലാറ്റ്‌ഫോമില്‍ സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, അമിയോ, പോളോ കാറുകള്‍ നിര്‍മ്മിക്കുന്ന പ്രൊഡക്ഷന്‍ ലൈനിന് സമാന്തരമായാണ് പുതിയ എംക്യുബി-എ0-ഇന്‍ പ്രൊഡക്ഷന്‍ ലൈന്‍ സ്ഥാപിക്കുന്നത്.

Comments

comments

Categories: Auto