ഡ്രൈവിംഗ് ആഘോഷമാക്കി സൗദി വനിതകള്‍; മാറ്റത്തിന്റെ നായകനായി പ്രിന്‍സ് മുഹമ്മദ്

ഡ്രൈവിംഗ് ആഘോഷമാക്കി സൗദി വനിതകള്‍; മാറ്റത്തിന്റെ നായകനായി പ്രിന്‍സ് മുഹമ്മദ്

ഇന്നലെ മുതല്‍ സൗദി അറേബ്യയില്‍ വനിതകള്‍ വണ്ടി ഓടിച്ചു തുടങ്ങി. മാറ്റത്തിന്റെ ആവേശത്തില്‍ രാജ്യത്തെ സ്ത്രീകള്‍. പ്രിന്‍സ് മുഹമ്മദിനോട് നന്ദി പറഞ്ഞ് രാജ്യം

റിയാദ്: ചരിത്രം കുറിച്ച് സൗദി അറേബ്യ. ഞായറാഴ്ച്ച മുതല്‍ രാജ്യത്ത് വനിതകള്‍ ഡ്രൈവ് ചെയ്ത് തുടങ്ങി. വനിതകളുടെ ഡ്രൈവിംഗ് വിലക്ക് നീക്കിയ സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ വിപ്ലവാത്മാകമായ തീരുമാനത്തെ തുടര്‍ന്നാണ് ഇന്നലെ മുതല്‍ സൗദി പുതിയ യുഗത്തിലേക്ക് കാലെടുത്തുവെച്ചത്. ചരിത്രപരമായ ഞായറാഴ്ച്ചയായിരുന്നു സൗദിയെ സംബന്ധിച്ചിടത്തോളം ജൂണ്‍ 24. ഡ്രൈവിംഗ് ലൈസന്‍സുമായി ആവേശത്തോടെയും ആകാംക്ഷയോടെയും സൗദിയിലെ വനിതകള്‍ വളയം പിടിച്ചപ്പോള്‍ മാറ്റത്തിന്റെ, പ്രതീക്ഷയുടെ, ആധുനികതയുടെ പുതിയ ലോകത്തേക്കുള്ള യാത്രയ്ക്ക് കൂടിയായിരുന്നു അവര്‍ തുടക്കമിട്ടത്.

റിയാദിലും മറ്റ് പ്രധാന നഗരങ്ങളിലും പുലര്‍ച്ചെ ഒരു മണി കഴിഞ്ഞപ്പോള്‍ തന്നെ ഡ്രൈവിംഗിനുള്ള തയാറെടുപ്പുകളുമായി വനിതകള്‍ സജ്ജരായിരുന്നു. എനിക്കറിയമായിരുന്നു ഇങ്ങനെയൊരു ദിവസം വരുമെന്ന്. എന്നാല്‍ ഇത്രയും വേഗം വരുമെന്ന് കരുതിയില്ല-പ്രമുഖ ടോക്ക് ഷോ അവതരാകയും എഴുത്തുകാരിയുമായി സമര്‍ അല്‍മോഗ്രെന്‍ പറഞ്ഞു. സ്വതന്ത്രയായ ഒരു പക്ഷിയെപ്പോലെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്-അവര്‍ കൂട്ടിച്ചേര്‍ത്തു.

ഓരോ സൗദി സ്ത്രീയെ സംബന്ധിച്ചിടത്തോളവും ഈ ദിനം ചരിത്രപരമാണ്-തന്റെ സെഡാന്‍ ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് പ്രമുഖ ടെലിവിഷന്‍ അവതാരകയായ സബിക അള്‍ ദോസരി പറഞ്ഞു. നിരവധി വനിതകളാണ് ട്വിറ്ററില്‍ ആഘോഷം പങ്കിട്ടത്. സൗദിയിലെ വമ്പന്‍ പരിഷ്‌കരണമാണിതെന്നും ഇന്ന് ഞങ്ങളാണ് വാര്‍ത്തയെന്നും സ്ത്രീകള്‍ അഭിമാനത്തോടെ ട്വീറ്റ് ചെയ്തു. #Saudiwomendriving എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ നിറഞ്ഞു നിന്നു ഇന്നലെ.

ഇതൊരു മഹത്തായ നേട്ടമാണ്-ശതകോടീശ്വരസംരംഭകനായ സൗദി പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മകള്‍ റീമും എസ്‌യുവി ഡ്രൈവ് ചെയ്ത് ഈ മാറ്റത്തില്‍ പങ്കാളിയായി. പ്രൈസ് വാട്ടര്‍ഹൗസ് കുപ്പേഴ്‌സിന്റെ പഠനം അനുസരിച്ച് ഏകദേശം മൂന്ന് ദശലക്ഷം സൗദി സ്ത്രീകള്‍ക്ക് 2020 ആകുമ്പോഴേക്കും ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. ഈ മാസം ആദ്യമാണ് സൗദി മോട്ടോര്‍ വകുപ്പ് വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ച് തുടങ്ങിയത്.

വനിതകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന മുന്നേറ്റത്തിലെ വലിയ നാഴികകല്ലാണ് ഈ പരിഷ്‌കരണമെന്ന് ഗള്‍ഫിലെ പ്രമുഖ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ കരീമിന്റെ ആദ്യ വനിതാ ഡ്രൈവര്‍ ഇനാം ഗാസി അള്‍ അസ്വദ് പറഞ്ഞു. യുബറുമായി മത്സരിക്കുന്ന മികച്ച സറ്റാര്‍ട്ടപ്പ് സംരംഭമാണ് കരീം.

2030 ആകുമ്പോഴേക്കും സൗദി അറേബ്യയുടെ തൊഴില്‍ ശക്തിയില്‍ വനിതകളുടെ പങ്കാളിത്തം 30 ശതമാനം ആക്കാനാണ് പ്രിന്‍സ് മുഹമ്മദ് വിഭാവനം ചെയ്ത വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നത്

ഇത് സമത്വത്തിന്റെ വിഷയമല്ല. നമ്മുടെ രാജ്യത്തെ ഒരുമിച്ച് വികസിപ്പിക്കുന്നതിന്റെ വിഷയമാണ്. മറ്റെന്നത്തേക്കാളും ഉപിയായി സൗദിയില്‍ ഇപ്പോള്‍ സ്ത്രീകളും പുരുഷന്മാരും തുല്ല്യരാണ്-അവര്‍ കൂട്ടിച്ചേര്‍ത്തു.

കിരീടാവകാശിയായി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ചുമതലയേറ്റ ശേഷമാണ് സൗദിയില്‍ വമ്പന്‍ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കമിട്ടത്. 32കാരനായ പ്രിന്‍സ് മുഹമ്മദിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സാമൂഹ്യ, സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030യുടെ ഭാഗമാണ് ഡ്രൈവിംഗ് പരിഷ്‌കരണവും. എന്നാല്‍ യാഥാസ്ഥിതകത്വത്തില്‍ നിന്ന് ആധുനികതയിലേക്കുള്ള സൗദിയുടെ മാറ്റം കുറച്ച് സങ്കീര്‍ണമാണെന്നും വിലയിരുത്തലുകളുണ്ട്.

യാഥാസ്ഥിതികവാദികളുടെ കടുത്ത എതിര്‍പ്പ് സ്ത്രീശാക്തീകരണമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉയരുന്നുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ ചില വനിതാ ആക്റ്റിവിസ്റ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തത് ആഗോള മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രിന്‍സ് മുഹമ്മദ് മുന്നോട്ടുവെക്കുന്ന പരിഷ്‌കരണങ്ങള്‍ക്ക് വിരുദ്ധമാണ് അതെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടത്.

സാമ്പത്തിക മുന്നേറ്റം

അതേസമയം വനിതകള്‍ വണ്ടി ഓടിക്കാന്‍ തുടങ്ങുന്നത് സൗദിയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നാണ് വിലയിരുത്തല്‍. സൗദിയുടെ എണ്ണ ഉപഭോഗത്തില്‍ വലിയ കുതിപ്പുണ്ടാക്കും വനിതകളുടെ ഡ്രൈവിംഗ് എന്ന് എണ്ണമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. വനിതാശാക്തീകരണ മുന്നേറ്റത്തിലും സുപ്രധാന പങ്ക് വഹിക്കും ഡ്രൈവിംഗ് പരിഷ്‌കരണം. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ബിസിനസ് ചെയ്യുന്നതിനും തൊഴില്‍ ചെയ്യുന്നതിനുമെല്ലാം കുറച്ചുകൂടി അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടും.

2025 വരെ സൗദിയിലെ കാര്‍വില്‍പ്പനയില്‍ പ്രതിവര്‍ഷം 9 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി കാര്‍വില്‍പ്പനയിലെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് മൂന്ന് ശതമാനം മാത്രമാണ്‌

വനിതകളുടെ തൊഴില്‍ ശാക്തീകരണത്തിന് വലിയ തടസ്സമായി നില്‍ക്കുന്നത് ഗതാഗത സൗകര്യങ്ങളുടെ പ്രശ്‌നമാണെന്നായിരുന്നു അടുത്തിടെ പുറത്തുവന്ന ഒരു സര്‍വേയില്‍ വ്യക്തമായത്. തൊഴിലടങ്ങളില്‍ വനിതകളുടെ പങ്കാളിത്തം കൂട്ടുന്നതിനും ഡ്രൈവിംഗ് വിലക്ക് നീക്കിയ നടപടി ഗുണം ചെയ്യും. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനും ഇത് വഴിവെച്ചേക്കും.

രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ വനിതകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് പുതിയ പരിഷ്‌കരണം വഴിവെക്കുമെന്ന് റിയാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജോത ബിസിനസ് ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ് മേധാവി ഇഹ്‌സാന്‍ ബു ഹുലയ്ഗ പറഞ്ഞു.

2030 ആകുമ്പോഴേക്കും സൗദി അറേബ്യയുടെ തൊഴില്‍ ശക്തിയില്‍ വനിതകളുടെ പങ്കാളിത്തം 30 ശതമാനം ആക്കാനാണ് പ്രിന്‍സ് മുഹമ്മദ് വിഭാവനം ചെയ്ത വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നത്. എണ്ണ ഉപഭോഗം കൂടുതന്നതിനൊപ്പം തന്നെ കാര്‍, ഇന്‍ഷുറന്‍സ് വില്‍പ്പനയിലും വമ്പന്‍ കുതിപ്പാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നത്.

2025 വരെ സൗദിയിലെ കാര്‍വില്‍പ്പനയില്‍ പ്രതിവര്‍ഷം 9 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി കാര്‍വില്‍പ്പനയിലെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് മൂന്ന് ശതമാനം മാത്രമാണ്. സൗദിയില്‍ സിനിമയ്ക്കുള്ള വിലക്കും പ്രിന്‍സ് മുഹമ്മദ് അടുത്തിടെ നീക്കിയിരുന്നു. വിനോദ വ്യവസായ രംഗത്ത് വമ്പന്‍ കുതിപ്പിനാണ് ഈ നീക്കം വഴിവെച്ചത്.

Comments

comments

Categories: Arabia