ഇന്ത്യയുടെ പരസ്യ ചെലവിടല്‍ 13.2% വര്‍ധിക്കും

ഇന്ത്യയുടെ പരസ്യ ചെലവിടല്‍ 13.2% വര്‍ധിക്കും

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ പരസ്യ ചെലവിടല്‍ 30 ശതമാനം വര്‍ധിക്കും

ന്യൂഡെല്‍ഹി: നടപ്പുവര്‍ഷം ഇന്ത്യയുടെ പരസ്യ ചെലവിടല്‍ 13.2 ശതമാനം വര്‍ധിച്ച് 69,347 കോടി രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ബഹുരാഷ്ട്ര അഡ്വടൈസിംഗ്, പിആര്‍ കമ്പനിയായ ഡബ്ല്യുപിപിയുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പ്എം മീഡിയ ഏജന്‍സിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗ്രൂപ്പ്എം ഫെബ്രുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ പരസ്യ ചെലവിടല്‍ ഈ വര്‍ഷം 13 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. രാജ്യത്തെ പരസ്യ ചെലവിടല്‍ 12.5 ശതമാനം വര്‍ധിച്ച് 68,000 കോടി രൂപയിലെത്തുമെന്ന് മീഡിയ ഏജന്‍സിയായ മാഗ്നയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കായികമത്സരങ്ങളും തെരഞ്ഞെടുപ്പുകളുമായിരിക്കും ഇന്ത്യയില്‍ ഈ വര്‍ഷം ടെലിവിഷന്‍ പരസ്യ ചെലവിടലിനെ നയിക്കുകയെന്നാണ് ഗ്രൂപ്പ്എം പറയുന്നത്. അച്ചടി മാധ്യമങ്ങളിലുള്ള പരസ്യ ചെലവിടല്‍ താരതമ്യേന കുറഞ്ഞ തലത്തിലായിരിക്കുമെങ്കിലും തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കു വേണ്ടിയുള്ള ചെലവിടല്‍ ഈ വിഭാഗത്തിന് ആശ്വാസം പകരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. റേഡിയോ വിഭാഗത്തില്‍ ഗ്രൂപ്പ്എം മെച്ചപ്പെട്ട ചെലവിടല്‍ പ്രതീക്ഷിക്കുന്നുണ്ട്. റീട്ടെയ്ല്‍, സര്‍വീസസ്, ഇ-കൊമേഴ്‌സ് വിഭാഗങ്ങളില്‍ നിന്നുള്ള പരസ്യങ്ങളാണ് റേഡിയോ പരസ്യങ്ങളില്‍ കൂടുതല്‍ സംഭാവന ചെയ്യുക.

സിനിമ, ഔട്ട്‌ഡോര്‍ വിഭാഗത്തിലെ പരസ്യ ചെലവിടലില്‍ യഥാക്രമം 20 ശതമാനത്തിന്റെയും 15 ശതമാനത്തിന്റെയും വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മീഡിയ സ്‌പേസ് ആണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍. ഈ വിഭാഗത്തിലുള്ള പരസ്യ ചെലവിടല്‍ നടപ്പു വര്‍ഷം 30 ശതമാനം വര്‍ധിച്ച് 12,337 കോടി രൂപയിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2019ല്‍ പരസ്യ ചെലവിടല്‍ 14.2 ശതമാനം വര്‍ധിച്ച് 79,165 കോടി രൂപയിലെത്തുമെന്ന് ഗ്രൂപ്പ്എം നേരത്തെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതില്‍ 45.6 ശതമാനം സംഭാവന ചെയ്യുന്നത് ടെലിവിഷന്‍ പരസ്യങ്ങള്‍ ആയിരിക്കും. അച്ചടി മാധ്യമങ്ങള്‍ 23.7 ശതമാനവും ഇന്റര്‍നെറ്റ് 20.3 ശതമാനവും പങ്കുവഹിക്കും. കാറുകളുടെയും സ്‌കൂട്ടറുകളുടെയും ആഡംബര ബൈക്കുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്‍പ്പന വര്‍ധിക്കുന്നതിന്റെ ഫലമായി അടുത്ത വര്‍ഷം ഓട്ടോമൊബീല്‍ വിഭാഗത്തിലുള്ള പരസ്യ ചെലവിടല്‍ ഉയര്‍ന്ന തലത്തിലെത്തുമെന്നും ഗ്രൂപ്പ്എം വ്യക്തമാക്കിയിട്ടുണ്ട്. സേവന മേഖലയില്‍ നിന്നുള്ള പരസ്യ ചെലവിടലിലും ശക്തമായ വളര്‍ച്ചയാണ് ഗ്രൂപ്പ്എം പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy