ഐഡിബിഐ ബാങ്കിലെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കാന്‍ എല്‍ഐസിയുടെ നീക്കം

ഐഡിബിഐ ബാങ്കിലെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കാന്‍ എല്‍ഐസിയുടെ നീക്കം

സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തം നിലവില്‍ 84.96 ശതമാനമാണ്

മുംബൈ: ഐഡിബിഐ ബാങ്കിന്റെ നിയന്ത്രണാധികാരം നേടുന്നതിനായി കുടുതല്‍ ഓഹരികള്‍ വാങ്ങുന്നതിന് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) സര്‍ക്കാരിന്റെ അനുമതി തേടി. ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തിലേക്കുള്ള എല്‍ഐസിയുടെ പ്രവേശനമായാണ് നീക്കത്തെ വിലയിരുത്തുന്നത്.

ഐഡിബിഐ ബാങ്കിന്റെ 43 ശതമാനം ഓഹരികള്‍ 10,500 കോടി രൂപയ്ക്ക് ഏറ്റെടുക്കാനാണ് എല്‍ഐസിയുടെ നീക്കം. നിലവില്‍ ബാങ്കില്‍ 8 ശതമാനം ഓഹരി പങ്കാളിത്തം എല്‍ഐസിയ്ക്കുണ്ട്. ഇടപാടിനു ശേഷം എല്‍ഐസിയുടെ മൊത്തം ഓഹരി പങ്കാളിത്തം 51 ശതമാനമായി ഉയരും. കഴിഞ്ഞ മാസം ബാങ്ക് സര്‍ക്കാരിന് മുന്‍ഗണനാ ഓഹരികള്‍ വില്‍പ്പന നടത്തിയതിനെ തുടര്‍ന്ന് ഐഡിബിഐയില്‍ സര്‍ക്കാരിനുള്ള ഓഹരി 80.96 ശതമാനത്തില്‍ നിന്ന് 85.96 ശതമാനമായി ഉയര്‍ന്നിരുന്നു. ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികള്‍ സ്വന്തമാക്കാനുള്ള എല്‍ഐസിയുടെ ശുപാര്‍ശയ്ക്ക് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാലുടന്‍ തന്നെ ഇക്കാര്യം ബാങ്ക് ബോര്‍ഡിന്റെ പരിഗണനയ്ക്ക് വരും. ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുന്നതിനുള്ള ഏത് തീരുമാനത്തിനും കാബിനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന നിഷ്‌ക്രിയാസ്തി (എന്‍പിഎ) അനുപാതമുള്ളത് ഐഡിബിഐക്കാണ്. ആസ്തി ഗുണനിലവാരം വളരെയധികം മോശമായെന്ന് ചൂണ്ടിക്കാട്ടി ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ ഇന്ത്യന്‍ യൂണിറ്റായ ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് ഐഡിബിഐ ബാങ്കിന്റെ റേറ്റിംഗ് താഴ്ത്തിയിരുന്നു. ഉയര്‍ന്ന നഷ്ടങ്ങളുടെയും വര്‍ധിക്കുന്ന കിട്ടാക്കടങ്ങളുടെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഐഡിബിഐ ബാങ്കിനെ സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ച് വരികയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഐഡിബിഐ ബാങ്കിന്റെ നഷ്ടം 8,237.92 കോടി രൂപയായി വര്‍ധിച്ചിരുന്നു. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം 5,518 കോടി രൂപയായിരുന്നു ബാങ്കിന്റെ നഷ്ടം. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഐഡിബിഐ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയാസ്തികള്‍ ഇരട്ടിച്ച് 55,588.26 കോടി രൂപയിലെത്തി.
ബാങ്കിന്റെ ഓഹരികള്‍ എല്‍ഐസി ഏറ്റെടുക്കുകയാണെങ്കില്‍ സാമ്പത്തിക ആസൂത്രണവും ബിസിനസ് പദ്ധതിയും തയാറാക്കുന്നതില്‍ ബാങ്കിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുമെന്നാണ് ബാങ്കുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഐഡിബിഐ ബാങ്ക് ദേശസാല്‍ക്കരണ നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്നതല്ല എന്നതിനാല്‍ ഓഹരികള്‍ വേഗത്തില്‍ വിറ്റഴിക്കാന്‍ സര്‍ക്കാരിന് സാധിക്കും.

Comments

comments

Categories: Business & Economy