സ്വകാര്യ ഇലക്ട്രിക് കാറുകള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി നിര്‍ത്തലാക്കും

സ്വകാര്യ ഇലക്ട്രിക് കാറുകള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി നിര്‍ത്തലാക്കും

ഫെയിം രണ്ടാം ഘട്ടത്തില്‍ കാബ് അഗ്രഗേറ്റര്‍മാര്‍ക്ക് കാഷ് സബ്‌സിഡി അനുവദിക്കാനാണ് തീരുമാനം

ന്യൂഡെല്‍ഹി : ഇലക്ട്രിക് കാര്‍ വാങ്ങുന്ന സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കും. ഫെയിം പദ്ധതി പ്രകാരം ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് വാഹനം വാങ്ങുന്ന വ്യക്തികള്‍ക്ക് 1.3 ലക്ഷം രൂപയാണ് ഇതുവരെ സബ്‌സിഡി അനുവദിച്ചിരുന്നത്. എന്നാല്‍ നിരത്തുകളില്‍ ചുരുക്കം സ്വകാര്യ ഇലക്ട്രിക് കാറുകള്‍ മാത്രമാണ് കാണാനാകുന്നത്. ഇവര്‍ക്ക് നല്‍കുന്ന സബ്‌സിഡി ഒഴിവാക്കി കാബ് അഗ്രഗേറ്റര്‍മാര്‍ക്ക് കാഷ് സബ്‌സിഡി അനുവദിക്കാനാണ് തീരുമാനം. രണ്ടാം ഘട്ട ഫെയിം പദ്ധതി (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്) ധനകാര്യ മന്ത്രാലയം വൈകാതെ പ്രഖ്യാപിക്കും.

രണ്ടാം ഘട്ട ഫെയിം പദ്ധതി നടപ്പാക്കുമ്പോള്‍ ഒല, യുബര്‍ പോലുള്ള കാബ് അഗ്രഗേറ്റര്‍മാര്‍ക്ക് തങ്ങളുടെ നിലവിലെ മുഴുവന്‍ വാഹനങ്ങളും ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ കഴിയും. ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. പൊതു ഗതാഗത സംവിധാനം ആദ്യം വൈദ്യുതീകരിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

പൊതു ഗതാഗത സംവിധാനം ആദ്യം വൈദ്യുതീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്

ഇലക്ട്രിക് കാര്‍ വാങ്ങിയ സ്വകാര്യ വ്യക്തികളുടെ എണ്ണം വളരെ കുറവാണെന്ന കണ്ടെത്തലാണ് സബ്‌സിഡി മാറ്റി നല്‍കാന്‍ തീരുമാനിച്ചതിന് പിന്നില്‍. പൊതു ഗതാഗത സംവിധാനം ആദ്യം വൈദ്യുതീകരിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കപ്പെടുമെന്നും അടിസ്ഥാനസൗകര്യ വികസനം നടപ്പാകുമെന്നുമാണ് കണക്കുകൂട്ടുന്നത്. രണ്ടാം ഘട്ട ഫെയിം പദ്ധതിക്കായി 8,730 കോടി രൂപ വകയിരുത്തുന്നതായി ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Auto