റോബോട്ടിക് ഗവേഷണം: ഫിസാറ്റിന് ഐഐടി മുംബൈയുടെ അംഗീകാരം

റോബോട്ടിക് ഗവേഷണം: ഫിസാറ്റിന് ഐഐടി മുംബൈയുടെ അംഗീകാരം

കൊച്ചി: റോബോട്ടിക് സാങ്കേതികവിദ്യ വികസിപ്പിച്ച ഫിസാറ്റ് വിദ്യാത്ഥികള്‍ക്ക് ഐഐടി മുംബൈയുടെ അംഗീകാരം. ഫിസാറ്റിലെ വിദ്യാര്‍ത്ഥികളായ ഷിമോണ്‍, ജോണ്‍, മെഹജുബിന്‍, അഖില്‍ എന്നീ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടി മുംബൈ ഒരുക്കുന്ന റോബോട്ടിക് ഗവേഷണത്തില്‍ പരിശീലനം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും ഗവേഷണത്തിനും ആവശ്യമായ മുഴുവന്‍ ചിലവുകളും ഐഐടി മുംബൈ വഹിക്കും.

ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ വിഭാഗമായ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ റോബോട്ടിക് ഗവേഷണ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് ഐഐടി മുംബൈ ഗവേഷണത്തിന് അവസരം നല്‍കിയത്. ആദ്യ ഘട്ടമെന്ന നിലയില്‍ രണ്ടാഴ്ച്ച പരിശീലനം നല്‍കും. തുടര്‍ന്ന് ഗവേഷണത്തിന്റ തുടര്‍ ഘട്ടങ്ങളില്‍ കൂടുതല്‍ പരിശീലനങ്ങള്‍ നല്‍കും.

ദേശിയ തലത്തില്‍ ഇരുപത് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് റോബോട്ടിക് ഗവേഷണത്തില്‍ അവസരം നല്‍കുന്നത്. ഐഐടി മുംബൈയില്‍ നിന്ന് പരിശീലനം ലഭിച്ച ഫിസാറ്റിലെ രണ്ടു വിദഗ്ധ അധ്യാപകരായ പ്രൊഫ. ബിജോയ് വര്‍ഗീസ്, പ്രൊഫ. മഹേഷ് സി എന്നിവരുടെ നേതൃത്വത്തിലാണ് ഇവര്‍ ഗവേഷണം നടത്തിയത്. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ പ്രത്യേക അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഫിസാറ്റ് റോബോട്ടിക് ലാബില്‍ ഇതിനോടകം തന്നെ നിരവധി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കികഴിഞ്ഞിട്ടുണ്ട്.

റോബൊട്ടിക്കില്‍ പരിശീലനം നല്‍കുന്നതിന് കേരളത്തില്‍ നിന്ന് ഫിസാറ്റ് വിദ്യാര്‍ത്ഥികളെ മാത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഐഐടി മുംബൈയില്‍ നിന്നുള്ള ഗവേഷകരായ പ്രൊഫ. കവി ആര്യ, പ്രൊഫ. കൃഷ്ണ ലാല തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിന് നേതൃത്വം നല്‍കും.

ഐഐടി മുംബൈയില്‍ നിന്ന് വിദ്യാത്ഥികള്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ ഇനി പുതിയ കോഴ്‌സുകള്‍ രൂപകല്‍പന ചെയുന്നതിനു ഫിസാറ്റിന് അനുവാദം ലഭിക്കും. ഇതിനോടകം തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവരുടെ പരിശീലനം ആവശ്യപ്പെട്ട് നിരവധി കോളേജുകള്‍ സമീപിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി അടുത്ത മാസം പകുതിയോടെ അധ്യാപകര്‍ക്കുള്ള ഫാക്കല്‍റ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രാം ഫിസാറ്റ് റോബോട്ടിക് ലാബ് ഒരുക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ ഫിസാറ്റ് റോബോട്ടിക് ലാബില്‍ വികസിപ്പിച്ചെടുത്ത ഇ-കൃഷി , മള്‍ട്ടി ഡിസീസ് ഡയഗണോസ്റ്റിക് മെഷീന്‍, ഇന്‍ഡോര്‍ നാവിഗേഷന്‍, ട്രാഫിക് വോളിയം കണ്‍ട്രോള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം വീക്ഷിച്ചതിനു ശേഷമാണ് ഫിസാറ്റ് വിദ്യാര്‍ത്ഥികളെ പരിശീലനത്തിനായി ക്ഷണിച്ചത് . വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ഈ ഉപകരണങ്ങള്‍ക്ക് പേറ്റന്റ് ലഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.

 

 

Comments

comments

Tags: Fisat, IIT Mumbai